ജഡേജയെപോലെ കളിക്കാനാണ് ആഗ്രഹമെന്ന് ഹാട്രിക് നേടിയ ഓസീസ് താരം
ലോകക്രിക്കറ്റില്‍ തനിക്ക് ഏറ്റവും പ്രിയം ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്നും അദ്ദേഹത്തെ പോലെ ക്രിക്കറ്റിലെ സര്‍വ്വമേഖലകളിലും പോസിറ്റീവായി കളിക്കുകയാണ് തന്റെ ആഗ്രഹമെന്നും അഗാര് പറഞ്ഞു...

ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ഓസീസ് താരം അസ്റ്റണ് അഗാര്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ കളി ജയിപ്പിച്ച പ്രകടനത്തിന് ശേഷമായിരുന്നു അഗാറിന്റെ പരാമര്‍ശങ്ങള്‍. ഹാട്രിക് നേടിയ അഗാറിന്റെ സ്പിന്നിംങ് മികവില്‍ 107 റണ്‍സിനാണ് ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്.
ബാറ്റുകൊണ്ട് ഒമ്പത് പന്തില്‍ 20 റണ്‍സടിച്ച അഗാര് ആസ്ട്രേലിയന്‍ സ്കോര്‍ 196ലെത്തിക്കുന്നതിലും പങ്കുവഹിച്ചു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് അഗാറിന്റെ പ്രകടനമായിരുന്നു. ബാറ്റിംങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 4ന് 42 എന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു അഗാര് ബൗളിംങിനെത്തിയത്. വൈകാതെ പ്രോട്ടീസ് 7ന് 44ലേക്ക് തകര്‍ന്നടിഞ്ഞു.
ഡുപ്ലസി, ഫെഹുല്‍ക്വായോ, സ്റ്റെയിന് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ മടക്കിയാണ് അഗാര് ഹാട്രിക് നേടിയത്. ടി20യില്‍ ബ്രറ്റ് ലീക്ക് ശേഷം ഹാട്രിക് നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ അഗാര് സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക 89ന് പുറത്താകുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ അഗാര് സ്വന്തം പേരിലാക്കിയിരുന്നു.
മത്സരശേഷം കളിയിലെ താരത്തിന്റെ പുരസ്കാരം നേടിക്കൊണ്ട് സംസാരിക്കുമ്പോഴാണ് അഗാര് രവീന്ദ്ര ജഡേജയെന്ന ആരാധ്യ പുരുഷനെക്കുറിച്ച് പറഞ്ഞത്. ലോകത്തെ ക്രിക്കറ്റ് താരങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയം ജഡേജയോടാണ്. ജഡേജയെപോലെ കളിയിലെ സര്‍വ്വമേഖലകളേയും പോസിറ്റീവായി സമീപിക്കുന്ന കളിക്കാരനാകാനാണ് തന്റെ ആഗ്രഹമെന്ന് അഗാര് പറഞ്ഞു.
ബാറ്റിംങിനിറങ്ങുമ്പോള് അടിച്ചു പറത്തുകയും ഫീല്‍ഡില്‍ പറന്നുപിടിക്കുകയും ബൗളിംങിനെത്തിയാല് എതിരാളികളെ വട്ടംകറക്കുകയും ചെയ്യുന്ന കളിക്കാരനാണ് ജഡേജ. അടുത്തിടെ ഇന്ത്യയില്‍ പര്യേടനത്തിന് വന്നപ്പോള്‍ ജഡേജയുമായി സംസാരിക്കാന്‍ സാധിച്ചെന്നും അത് തനിക്ക് വലിയ പ്രചോദനമായെന്നും അഗാര് പറയുന്നു.