LiveTV

Live

Cricket

മികച്ച ഫോമില്‍ കളിക്കുമ്പോഴും ടീമില്‍ നിന്ന് പുറത്താക്കി, ഒടുവില്‍ മടുത്ത് ഓജ വിരമിച്ചു

അവസാനമായി ഓജ കളിച്ചത് സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റ് മത്സരമായിരുന്നു. അന്ന് പത്ത് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ ഓജയെ പിന്നീട് ഇന്ത്യന്‍ ടീമിലെടുത്തിട്ടില്ല...

മികച്ച ഫോമില്‍ കളിക്കുമ്പോഴും ടീമില്‍ നിന്ന് പുറത്താക്കി, ഒടുവില്‍ മടുത്ത് ഓജ വിരമിച്ചു

ഇന്ത്യയുടെ ഇടംകൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കുവേണ്ടി 24 ടെസ്റ്റുകളിലും 18 ഏകദിനത്തിലും ആറ് ടി20യിലും കളിച്ചിട്ടുള്ള താരമാണ് പ്രഗ്യാന്‍ ഓജ. 33കാരനായ ഓജ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പ്രഗ്യാന്‍ ഓജ
പ്രഗ്യാന്‍ ഓജ

അന്താരാഷ്ട്ര- ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നുവെന്നാണ് ഓജ വിരമിക്കല്‍ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ജീവിതത്തില്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ഹൈദരാബാദുകാരനായ ഓജ വിരമിക്കല്‍ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

2013ല്‍ മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റിലാണ് ഓജ അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. അന്ന് പത്ത് വിക്കറ്റ് നേടിയ ഓജയായിരുന്നു സച്ചിന്റെ 200ആം ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച്.

2009-2013 കാലയളവില്‍ 24 ടെസ്റ്റുകളില്‍ നിന്നും 113 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് ഓജ. കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ഓജ ടീമില്‍ നിന്ന് പുറത്തായത്. അവസാനമായി കളിച്ച ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു ദുരൂഹമായ ഈ മാറ്റി നിര്‍ത്തല്‍.

പിന്നീട് ലോകകപ്പ് ടീമില്‍ നിന്നും അംബാട്ടി റായിഡുവിനെ പുറത്തായതിന് പിന്നാലെ സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ വര്‍ഷം ഓജ രംഗത്തെത്തുകയും ചെയ്തിരുന്നു.

മുന്‍ ഇന്ത്യന്‍ സ്പിന്നറായിരുന്ന വെങ്കടപതി രാജുവിന്റെ കളിയാണ് തനിക്ക് പ്രചോദനമായിട്ടുള്ളതെന്ന് ഓജ പറഞ്ഞിട്ടുണ്ട്. 2014 ഡിസംബറില്‍ ആക്ഷനില്‍ സംശയമുണ്ടെന്ന് പേരില്‍ ഓജക്ക് വിലക്കും നേരിടേണ്ടി വന്നു. രണ്ട് മാസങ്ങള്‍ക്കിപ്പുറം 2015 ജനുവരിയില്‍ ആക്ഷന്‍ നിയമപരമാക്കി തിരിച്ചുവന്നെങ്കിലും പിന്നീടൊരിക്കലും അദ്ദേഹത്തിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാനായില്ല.

ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിച്ചിട്ടുണ്ട് പ്രഗ്യാന്‍ ഓജ. ഐ.പി.എല്ലില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പര്‍പിള്‍ കാപ്പ്(2010ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി) സ്വന്തമാക്കിയ ആദ്യ സ്പിന്നറാണ് ഓജ. ആകെ രണ്ട് സ്പിന്നര്‍മാര്‍ക്ക് മാത്രമേ ഈനേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ പര്‍പ്പിള്‍ ക്യാപ് നേടിയ ഇംറാന്‍ താഹിറാണ് രണ്ടാമത്തെ സ്പിന്നര്‍.