LiveTV

Live

Cricket

ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പിച്ചത് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല...

ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ഐ.സി.സി വനിതാ ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ആസ്‌ട്രേലിയയെ 17 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍ നേടി. 133 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു പന്ത് ബാക്കി നില്‍ക്കേ 115ന് എല്ലാവരും പുറത്താവുകയായിരുന്നു.

ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് ദീപ്തി ശര്‍മ്മയുടേയും(49) ജെമിയ റോഡ്രിഗസിന്റേയും(26) ഷഫാലിയുടേയും(29) ഇന്നിംങ്സുകളാണ് തുണയായത്. ഓസീസിന്റെ ഇടംകൈ സ്പിന്നര്‍ ജെസ് ജോന്നാസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബാറ്റിംങില്‍ ആസ്‌ട്രേലിയയുടെ മറുപടി മുന്നില്‍ നിന്നു നയിച്ചത് ഓപണര്‍ ആലേസ ഹീലിയായിരുന്നു. 35 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും പറത്തി ഹീലി 51 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹീലി പുറത്തായതോടെ കളി തിരിയുകയും ചെയ്തു. എന്നാല്‍, ആഷ്‌ലി ഗാര്‍ഡ്‌നെര്‍(34) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ലെന്നത് ആസ്‌ട്രേലിയക്ക് തിരിച്ചടിയായി. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ സ്പിന്നര്‍ പൂനം പാണ്ഡെയായിരുന്നു ഓസീസിനെ നട്ടംതിരിച്ചത്.

സിഡ്‌നിയിലെ പിച്ചില്‍ നിന്നും പിന്തുണ ലഭിച്ചതോടെ ഇന്ത്യന്‍ സ്പിന്നര്‍മാരും മീഡിയം പേസര്‍മാരും ഓസീസ് ബാറ്റ്‌സ്‌വുമണ്‍മാരെ വട്ടംകറക്കി. മീഡിയം പേസര്‍ ശിഖ പാണ്ഡെ 3.5 ഓവറില്‍ വെറും 14 റണ്‍ വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

സ്പിന്നര്‍ പൂനം പാണ്ഡെ നാല് വിക്കറ്റുകളും നേടി. കീപ്പറുടെ പിഴവുകൊണ്ട് മാത്രമാണ് പൂനത്തിന് ഹാട്രിക്ക് നഷ്ടമായത്. ഇതേ കീപ്പര്‍ താനിയ തന്നെയാണ് രണ്ട് ക്യാച്ചും രണ്ട് സ്റ്റംപിംങും നടത്തിയതും. പരിക്കുമൂലം കളിക്കളത്തില്‍ നിന്നും വിട്ടു നിന്നിരുന്ന പൂനം തിരിച്ചുവരവ് കളിയിലെ താരമായിക്കൊണ്ട് ഗംഭീരമാക്കി.