LiveTV

Live

Cricket

‘ഫൈനല്‍ കളിച്ചാല്‍ നിന്‍റെ വിരലുകള്‍ അരിഞ്ഞ് കളയും’ 15 വയസുള്ളപ്പോള്‍ നേരിട്ട ഭീഷണി തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം അശ്വിന്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെയാണ് 15 കാരനായ അശ്വിനെ എതിര്‍ ടീമംഗങ്ങള്‍ തട്ടിക്കൊണ്ടു പോയത്.

‘ഫൈനല്‍ കളിച്ചാല്‍ നിന്‍റെ വിരലുകള്‍ അരിഞ്ഞ് കളയും’ 15 വയസുള്ളപ്പോള്‍ നേരിട്ട ഭീഷണി തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം അശ്വിന്‍

ടെന്നീസ് ടൂര്‍ണമെന്‍റ് ഫൈനലിനിടെ തന്നെ തട്ടിക്കൊണ്ടു പോയ അനുഭവം പങ്കു വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെയാണ് 15 കാരനായ അശ്വിനെ എതിര്‍ ടീമംഗങ്ങള്‍ തട്ടിക്കൊണ്ടു പോയത്. ടൂര്‍ണമെന്‍റിലെ ഫൈനല്‍ മത്സരത്തിനു മുമ്പായിരുന്നു സംഭവം. ഫൈനല്‍ മത്സരം കളിക്കാന്‍ ഗ്രൌണ്ടിലിലറങ്ങിയാല്‍ കൈവിരലുകള്‍ അരിഞ്ഞു കളയുമെന്നായിരുന്നു കൌമാരക്കാരനായ അശ്വിനെതിരെയുള്ള ഭീഷണി. ക്രിക്ക് ബസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം തന്‍റെ ചെറുപ്പകാലത്തെ ഓര്‍മകള്‍ പങ്കുവെച്ചത്

‘എനിക്ക് അന്ന് 14-15 വയസാണ് പ്രായം. ഞങ്ങള്‍ ഒരു ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ കളിക്കാന്‍ പോകുകയായിരുന്നു. ഗ്രൗണ്ടിലേക്ക് പോകാനിറങ്ങുന്നതിനിടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ നാലഞ്ച് പേരെത്തി. നല്ല തടിമിടുക്കുള്ള ആളുകളായിരുന്നു അവര്‍. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്നായിരുന്നു അവരുടെ മറുപടി. എന്നെ കൊണ്ടുപോകാന്‍ റോയല്‍ എന്‍ഫീല്‍ഡിലൊക്കെ ആളുകള്‍ വന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. രണ്ടു പേരുടെ നടുക്കായിരുത്തിയാണ് എന്നെ ബൈക്കില്‍ കൊണ്ടു പോയത്. സാന്‍ഡ്‍വിച്ച് പോലെയാണ് ഞാന്‍ അവരുടെ നടുക്കിരുന്നത്. ഒരു ചായക്കടയിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. എല്ലാ ഗ്രൗണ്ടുകളുടെയും അടുത്തായി ഇത്തരത്തില്‍ ചായക്കടകളുണ്ടാകും. അത് ചെന്നൈയിലെ ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ്. എന്നെ കടയിലിരുത്തി അവര്‍ ബജിയും വടയും ഓര്‍ഡര്‍ ചെയ്തു. പേടിക്കേണ്ട, നിന്നെ സഹായിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സമയം 3.30-4 മണിയോട് അടുത്തപ്പോള്‍ കളി തുടങ്ങാന്‍ സമയമായെന്നും പോകണമെന്നും ഞാന്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ എതിര്‍ ടീമിന്റെ ആള്‍ക്കാരാണെന്നും ഞാന്‍ കളിക്കാനിറങ്ങുന്നത് തടയാന്‍ വന്നതാണെന്നും പറയുന്നത്. ഇനി നീ ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയാല്‍ നിന്‍റെ വിരലുകള്‍ കാണില്ല, അരിഞ്ഞ് കളയുമെന്ന് അവര്‍ പറഞ്ഞു' തനിക്ക് നേരിട്ട ഭീഷണിയെക്കുറിച്ച് താരം പറഞ്ഞു.