LiveTV

Live

Cricket

ആര്‍.സി.ബി ലോഗോയും പോസ്റ്റുകളും അപ്രത്യക്ഷമായി, പരിഭവം പറഞ്ഞ് കോഹ്‌ലിയും ചഹാലും

ക്യാപ്റ്റനായ താന്‍ ഒന്നുമറിഞ്ഞില്ലെന്ന് കോഹ്‌ലി പറഞ്ഞപ്പോള്‍, ഇതെന്ത് ഗൂഗ്ലി എന്നായിരുന്നു ചഹാലിന്റെ ചോദ്യം...

ആര്‍.സി.ബി ലോഗോയും പോസ്റ്റുകളും അപ്രത്യക്ഷമായി, പരിഭവം പറഞ്ഞ് കോഹ്‌ലിയും ചഹാലും

സോഷ്യല്‍മീഡിയയില്‍ നിന്നും ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ലോഗോയും ചിത്രങ്ങളും മുന്‍ പോസ്റ്റുകളും അടക്കം അപ്രത്യക്ഷമായി. എന്തു സംഭവിച്ചെന്ന് യാതൊരു അറിവുമില്ലെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ പരാതി പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ചഹാലും എ.ബി ഡിവില്ലേഴ്‌സും അടക്കമുള്ള കളിക്കാര്‍ ആശങ്ക പരസ്യമായിതന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ ന്യൂസിലന്റിലുള്ള കോഹ്‌ലി തന്നെയാണ് ആര്‍.സി.ബി ടീം അധികൃതരുടെ അപ്രതീക്ഷിത നീക്കത്തെ പരസ്യമായി വിമര്‍ശിച്ചത്. തനിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സഹായം അഭ്യര്‍ഥിക്കാന്‍ മടിക്കരുതെന്നുമായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.

ഇതെന്ത് ഗുഗ്ലിയാണപ്പാ എന്ന നിലയിലായിരുന്നു ചഹാല്‍ പ്രതികരിച്ചത്. എന്തു പറ്റി നമ്മുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കെന്ന് ചോദിച്ച ഡിവില്ലേഴ്‌സ് ഇതൊരു സ്ട്രാറ്റജി ബ്രേക്കാണെന്ന് കരുതുന്നതായും പറഞ്ഞു.

ഡിവില്ലേഴ്‌സ് പറഞ്ഞതുപോലെ ആര്‍.സി.ബിയിലെ മാറ്റങ്ങള്‍ക്ക് മുന്നോടിയായുള്ള ഇടവേളയാണ് ഇതെന്നാണ് കരുതുന്നത്. അടുത്തിടെ മുത്തൂറ്റ് ഗ്രൂപ്പുമായി ആര്‍സിബി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ മുത്തൂറ്റ് ഗ്രൂപ്പാകുന്നതോടെ ജെഴ്‌സിയും ലോഗോയുമെല്ലാം മാറാന്‍ സാധ്യതയുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നതിനു പകരം റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു എന്ന് പേര് മാറ്റാനും ടീമിന് പദ്ധതിയുണ്ടെന്ന് സൂചനയുണ്ട്.

കഴിഞ്ഞ സീസണിനു മുമ്പ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പേര് മാറ്റി ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നാക്കിയിരുന്നു. കൂടാതെ അവരുടെ ലോഗോക്കും മാറ്റം വന്നു. ഈ അനുഭവം വെച്ച് എന്ത് സഹായവും ആവശ്യപ്പെട്ടാല്‍ നല്‍കാമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സും അറിയിച്ചിട്ടുണ്ട്.

അതേസമയം വിവാദങ്ങള്‍ മുറുകിയതോടെ വിഷയത്തില്‍ പ്രതികരിക്കാന്‍ ആര്‍.സി.ബി അധികൃതര്‍ നിര്‍ബന്ധിതരായി. മാറ്റം വരുന്നുണ്ടെന്നും അല്‍പനേരം കൂടി കാത്തിരിക്കണമെന്നുമാണ് ആര്‍.സി.ബിയുടെ ഭാഗത്തു നിന്നുള്ള ഏക ഔദ്യോഗിക പ്രതികരണം.