LiveTV

Live

Cricket

ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് എതിരാളികളെ പുറത്താക്കി നേപ്പാള്‍

നേപ്പാള്‍ സ്പിന്നര്‍മാരാണ് എല്ലാ വിക്കറ്റുകളും പിഴുത് എതിര്‍ ടീമിന് നാണക്കേടിന്റെ റെക്കോഡ് ചാര്‍ത്തിക്കൊടുത്തത്...

ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് എതിരാളികളെ പുറത്താക്കി നേപ്പാള്‍

ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായവരെന്ന നാണക്കേടിന്റെ റെക്കോഡ് ഇനി അമേരിക്കക്കയും പങ്കിടും. ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാളാണ് അമേരിക്കയെ വെറും 35 റണ്‍സിന് പുറത്താക്കിയത്. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരത്തിനിടെയായിരുന്നു അമേരിക്കയെ നേപ്പാള്‍ വട്ടംകറക്കി വിട്ടത്.

ഏകദിനത്തില്‍ കുറഞ്ഞ സ്‌കോറിന്റെ നിലവിലെ റെക്കോഡ് സിംബാബ്‌വേയുടെ പേരിലായിരുന്നു. 2004ല്‍ ടടേന്റ തെയ്ബു നയിച്ച ടീം ഹരാരെയില്‍ വെച്ച് 35 റണ്‍സിനാണ് പുറത്തായത്. ലങ്കന്‍ ബൗളര്‍മാരായ ചമിന്ദവാസും ദില്‍ഹാര ഫെര്‍ണാണ്ടോയും ഫര്‍വേസ് മഹ്‌റൂഫുമായിരുന്നു അന്ന് സിംബാബ്‌വേയെ 35 റണ്‍സില്‍ പുറത്താക്കിയത്. ഇപ്പോള്‍ ആ റെക്കോഡിന് സിംബാബ്‌വേക്കൊപ്പം അമേരിക്കയും അവകാശികളായിരിക്കുകയാണ്.

ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ 19കാരന്‍ സ്പിന്നര്‍ സന്ദീപ് ലമിചനെയാണ് ആറ് ഓവറില്‍ ആറ് വിക്കറ്റുമായി അമേരിക്കയെ തകര്‍ത്തുകളഞ്ഞത്. സന്ദീപിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംങ് പ്രകടനമാണ് 6/16. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിച്ച നേപ്പാളി താരമാണ് സന്ദീപ് ലമിചനെ. നിലവില്‍ ഡല്‍ഹി കാപ്പിറ്റലിന്റെ താരമാണ് സന്ദീപ്.

ഇടംകൈ സ്പിന്നര്‍ സുശാന്‍ ബാഹ്രി ബാക്കിയുള്ള നാല് വിക്കറ്റു കൂടി നേടിയതോടെ അമേരിക്കയുടെ ഇന്നിംങ്‌സ് വെറും 12 ഓവറില്‍ അവസാനിച്ചു. മൂന്ന് ഓവറില്‍ വെറും അഞ്ച് റണ്‍ മാത്രം നല്‍കിയായിരുന്നു സുശാന്‍ നാല് വിക്കറ്റെടുത്തത്.

ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള്‍ ഇത്രയും നാണംകെട്ടു?
Also Read

ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള്‍ ഇത്രയും നാണംകെട്ടു?

യു.എസ്.എ താരങ്ങള്‍ ബാറ്റുകൊണ്ട് 32 റണ്‍സ് മാത്രമാണ് നേടിയത് ബാക്കി മൂന്നു റണ്‍ എക്‌സ്ട്രാസായിരുന്നു. ഓപണര്‍ സേവിയര്‍ മാര്‍ഷല്‍(16) മാത്രമാണ് യു.എസ് നിരയില്‍ ഇരട്ടയക്കം കണ്ട ബാറ്റ്‌സ്മാന്‍. മൂന്ന് പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആകെ 12 ഓവറാണ് യു.എസ്.എ ബാറ്റു ചെയ്തത്.

ബാറ്റിംങിന് ഇറങ്ങി 268 പന്തുകള്‍ ബാക്കിവെച്ചായിരുന്നു എട്ട് വിക്കറ്റിന് നേപ്പാള്‍ കളി ജയിച്ചത്. ആദ്യ ഓവറില്‍ അമേരിക്കയുടെ കെന്‍ജി രണ്ട് വിക്കറ്റ് നേടിയെങ്കിലും പരസ് കാട്കയും(20*) ദീപേന്ദ്ര സിംങും(15*) ചേര്‍ന്ന് നേപാളിനെ വിജയിപ്പിച്ചു. ആസ്‌ട്രേലിയക്കെതിരെ 2004 സെപ്തംബറില്‍ നേടിയ 65 റണ്‍സായിരുന്നു അമേരിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.