LiveTV

Live

Cricket

ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള്‍ ഇത്രയും നാണംകെട്ടു?

മൂര്‍ച്ച പോയ ബുംറ, ഫോംകണ്ടെത്താനാവാത്ത റണ്‍ മെഷീന്‍ കോഹ്ലി, ശരാശരിയിലും താഴെവന്ന ഫീല്‍ഡിംങ്, രോഹിത്ത്, ധവാന്‍, ഷമി എന്നിവരുടെ അഭാവം, പാളിയ പരീക്ഷണങ്ങള്‍... കാരണങ്ങള്‍ നിരവധിയാണ് ഇന്ത്യന്‍ തോല്‍വിയില്‍

ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള്‍ ഇത്രയും നാണംകെട്ടു?

ടി20 പരമ്പര 5-0ത്തിന് തൂത്തുവാരി ഗംഭീര തുടക്കമാണ് ഇന്ത്യ ന്യൂസിലന്റില്‍ കുറിച്ചത്. കുട്ടിക്രിക്കറ്റില്‍ നാണം കെട്ടതിന് പിന്നാലെ ഏകദിന പരമ്പരയില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ന്യൂസിലന്‍റ് പകരം വീട്ടിയത്. 3-0ത്തിന് ഇന്ത്യയെ വാരിക്കൂട്ടിയായിരുന്നു കിവികളുടെ തിരിച്ചുവരവ്. എവിടെയാണ് ടീം ഇന്ത്യക്ക് പിഴച്ചത്?

ബൗളിംങില്‍ എപ്പോഴെല്ലാം ടീം പ്രതിസന്ധിയിലാവുന്നോ അപ്പോഴെല്ലാം കോഹ്ലി ബുംറയെ വിളിക്കും. അപ്പോഴെല്ലാം വിക്കറ്റ് എറിഞ്ഞിട്ടാണ് ബുംറക്ക് ശീലം. എന്നാല്‍ പരിക്കിനു ശേഷം തിരിച്ചുവന്ന ബുംറ പഴയ ബും ബും ബുംറയുടെ നിഴല്‍ മാത്രമാണെന്നതാണ് സത്യം.

ബുംറ
ബുംറ

ഓരോ 29 പന്തുകളിലും ഒരു വിക്കറ്റ് വീഴ്ത്തുന്ന പ്രഹരശേഷിയായിരുന്നു ബുംറക്കുണ്ടായിരുന്നത്. പരിക്കേറ്റ് കളിക്കളത്തില്‍ നിന്നും മാറി നിന്ന ശേഷം തിരിച്ചെത്തിയ ബുംറ ആറ് മത്സരം കളിച്ചു. ആകെ കിട്ടിയത് ഒരു വിക്കറ്റ്. അതും ആസ്‌ട്രേലിയയുടെ പത്താമന്‍ ആദം സാംബയുടേത്.

ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ 3.49, 3.80 എന്നിങ്ങനെയായിരുന്നു ബുംറയുടെ ഒരു ഓവറിലെ റണ്‍ നിരക്ക്. മൂന്നാം മത്സരത്തില്‍ വഴങ്ങിയ 5.26 റണ്‍ പോലും ആധുനിക ഏകദിന ക്രിക്കറ്റില്‍ കൂടുതലല്ല. എന്നാല്‍ ന്യൂസിലന്റില്‍ ബുംറക്ക് അടിമുടി പാളി. ഓവറില്‍ ആറിന് മീതെ റണ്‍ വിട്ടുകൊടുത്തു. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. മൈതാനത്തിന്റെ വലിപ്പക്കുറവും ബാറ്റ്‌സ്മാന്മാര്‍ക്കുള്ള ആനുകൂല്യവും ലൈനിലേയും ലെംഗ്തിലേയും കൃത്യതക്കുറവും ബുംറയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

ശാര്‍ദൂല്‍ താക്കൂറിന്റെ നിരാശ
ശാര്‍ദൂല്‍ താക്കൂറിന്റെ നിരാശ

1989ലാണ് അവസാനമായി ഇന്ത്യ ഏകദിന പരമ്പര പൂര്‍ണ്ണമായും അടിയറ വെക്കുന്നത്. സച്ചിന്‍ അരങ്ങേറും മുമ്പത്തെ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു അന്നത്തെ ഇന്ത്യയുടെ തോല്‍വി. എന്നാല്‍ ഇക്കുറി അങ്ങനെ കാര്യമായ ന്യായങ്ങളൊന്നുമില്ല. എതിരാളിയുടെ മികവിനേക്കാള്‍ സ്വന്തം പരാജയങ്ങളാണ് ഇന്ത്യയെ ചിന്തിപ്പിക്കുന്നത്.

ഫീല്‍ഡിംങില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയും രവീന്ദ്ര ജഡേജയും ഒഴികെ ബാക്കിയെല്ലാവരും ശരാശരിയോ അതിലും താഴെയുമോ ആയിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ കൈകളില്‍ നിന്നും ചോര്‍ന്ന റണ്‍സുകളും ക്യാച്ചുകളുമായിരുന്നു പലപ്പോഴും കിവീസിനെ വിജയിപ്പിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ സമ്മതിച്ചിട്ടുണ്ട്.

കെ.എല്‍ രാഹുല്‍
കെ.എല്‍ രാഹുല്‍

റണ്‍ മെഷീന്‍ കോഹ്‌ലിയുടെ പരാജയവും ഇന്ത്യയെ കൂടുതല്‍ വിഷമത്തിലാക്കി. മൂന്ന് ഏകദിനങ്ങളില്‍ നിന്നും 75 റണ്‍ മാത്രമാണ് ക്യാപ്റ്റന്‍ നേടിയത്. രോഹിത്ത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യ കൂടുതല്‍ കോഹ്‌ലിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുവെന്നത് സത്യം.

സ്ഥിരം ഓപണര്‍മാരായ രോഹിത്തും ധവാനും ഇല്ലാതെ ലഭിച്ച അപൂര്‍വ്വമായ സുവര്‍ണ്ണാവസരം മുതലാക്കുന്നതില്‍ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. കൊള്ളാവുന്ന തുടക്കം ലഭിച്ച മത്സരങ്ങളില്‍ പോലും മുതലാക്കാന്‍ ഇരുവര്‍ക്കുമായില്ല. ഫീല്‍ഡിംങിലും വിക്കറ്റിനിടയിലെ ഓട്ടത്തിലും പൃഥ്വി ഷാ പരാജയമായിരുന്നു.

കെ.എല്‍ രാഹുലിന്റെ ഫോമും ശ്രേയസ് അയ്യരുടെ ബാറ്റിംങും മാത്രമാണ് ഇന്ത്യക്ക് ഏക ആശ്വാസം. അപ്പോഴും അവസാന ഓവറുകളില്‍ റണ്‍ നേടാനുള്ള ശേഷി ഇന്ത്യക്ക് നഷ്ടമായെന്നത് മറ്റൊരു ആശങ്കയാവുന്നു. അവസാന ഏകദിനത്തില്‍ ഇന്ത്യ അവസാന പത്ത് ഓവറില്‍ നേടിയത് 74 റണ്‍സായിരുന്നു. 90-100 റണ്‍ നേടിയിരുന്നെങ്കില്‍ കളിയുടെ ഫലം പോലും മാറിയേനേ.

ഡെത്ത് ഓവറുകളില്‍ ശാര്‍ദൂല്‍ ഠാക്കൂറും നവ്ദീപ് സെയ്‌നിയും മാറിമാറി അടി വാങ്ങുകയായിരുന്നു. അവസാന മത്സരത്തില്‍ ശാര്‍ദൂല്‍ താക്കൂര്‍ 10 ഓവറും എറിഞ്ഞെങ്കില്‍ സെഞ്ചുറി റണ്‍ വഴങ്ങിയേനേ. സെയ്‌നിയും അടിവാങ്ങുന്ന കാര്യത്തില്‍ ഒട്ടും പിന്നിലായില്ല. ഹാമില്‍ട്ടണില്‍ 87, ഓക്ലന്റില്‍ അഞ്ച് ഓവറില്‍ 48, മൗണ്ട് മൗഗനൂയിയില്‍ ഏഴ് ഓവറില്‍ 72 എന്നിങ്ങനെയാണ് സെയ്‌നി വഴങ്ങിയ റണ്‍സുകള്‍. ഇന്ത്യന്‍ ബൗളിംങില്‍ ഷമിയുടെ അഭാവവും പ്രകടമായിരുന്നു.