LiveTV

Live

Cricket

ആസ്‌ട്രേലിയയെ സഹായിക്കാന്‍ ക്രിക്കറ്റ് ലോകം ഒരുമിച്ചു, സമാഹരിച്ചത് 55 കോടി രൂപ

പോണ്ടിംങ് നയിച്ച ടീം ഗില്‍ക്രിസ്റ്റിന്റെ ടീമിനെ ഒരു റണ്‍സിന് തോല്‍പിച്ചു. ഇന്നിംങ്സിന്റെ ഇടവേളയില്‍ സച്ചിനും ബാറ്റിംങിനിറങ്ങി...

ആസ്‌ട്രേലിയയെ സഹായിക്കാന്‍ ക്രിക്കറ്റ് ലോകം ഒരുമിച്ചു, സമാഹരിച്ചത് 55 കോടി രൂപ

കാട്ടുതീ ദുരിതത്തില്‍ നട്ടം തിരിയുന്ന ആസ്‌ട്രേലിയയെ സഹായിക്കാനായി ക്രിക്കറ്റ് ലോകം ഒരുമിച്ചപ്പോള്‍ പിരിഞ്ഞു കിട്ടിയത് 7.7 ദശലക്ഷം ഡോളറിലേറെ(ഏകദേശം 55 കോടി രൂപ). ലോക ക്രിക്കറ്റിലെ മിന്നും താരങ്ങള്‍ ഇരു ടീമുകളായി ഇറങ്ങിയ പ്രദര്‍ശന മത്സരത്തില്‍ പോണ്ടിംങ് നയിച്ച ടീം ഗില്‍ക്രിസ്റ്റിന്റെ ടീമിനെ ഒരു റണ്‍സിന് തോല്‍പിച്ചു.

പരിധികളില്ലാതെ പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്ന ഇരു ടീമിനും 10 ഓവറുകള്‍ വീതം അനുവദിക്കുന്ന മത്സരമായിരുന്നു ബുഷ് ഫയര്‍ ബാഷ്. നേരിടുന്ന ആദ്യ പന്തില്‍ ബാറ്റ്‌സ്മാന്‍ ഔട്ടാവില്ലെന്ന സഹായവുമുണ്ടായിരുന്നു.

ആസ്‌ട്രേലിയയെ സഹായിക്കാന്‍ ക്രിക്കറ്റ് ലോകം ഒരുമിച്ചു, സമാഹരിച്ചത് 55 കോടി രൂപ

ആദ്യം ബാറ്റു ചെയ്ത പോണ്ടിംങ് ഇലവന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 104 റണ്‍സ്. 30 റണ്‍സടിച്ച് റിട്ടയറായ ലാറയുടെ ബാറ്റിംങായിരുന്നു കൂട്ടത്തില്‍ ഏറ്റവും മനോഹരം. കവര്‍ ഡ്രൈവുകളും സ്‌ട്രൈറ്റ് ഡ്രൈവുകളുമായി ലാറയെന്ന പ്രതിഭ വീണ്ടും ബൗളര്‍മാരെ വലച്ചു. ക്യാപ്റ്റന്‍ പോണ്ടിംങ് 14 പന്തില്‍ 26 റണ്ണടിച്ചു.

ഇന്നിംങ്‌സ് ഇടവേളയിലായിരുന്ന സച്ചിന്‍ ബാറ്റിംങിനിറങ്ങിയത്. ആസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ എല്ലിസെ പെറിയും അന്നബെല്‍ സതര്‍ലാന്റും ചേര്‍ന്ന് എറിഞ്ഞ ഓവറാണ് സച്ചിന്‍ ബാറ്റ് ചെയ്തത്. ആദ്യ പന്തു തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബൗണ്ടറിയടിച്ചു.

മറുപടിയില്‍ ഒമ്പത് പന്തില്‍ 30 റണ്‍സടിച്ച് വാട്‌സണ്‍ വസിം അക്രം അടക്കമുള്ള എതിര്‍ ടീം ബൗളര്‍മാരെ കളിയാക്കി. ആദ്യ പന്ത് സിക്‌സടിച്ചാണ് ഗില്‍ക്രിസ്റ്റ് തുടങ്ങിയത്. സൈമണ്ട്‌സും സിക്‌സുകള്‍ പറത്തി. എങ്കിലും അവസാന ഓവറില്‍ ഒരു റണ്‍ അകലെ ഗില്‍ക്രിസ്റ്റിന്റെ ടീമിന്റെ സ്‌കോറിംങ് അവസാനിച്ചു.