LiveTV

Live

Cricket

ലോകം കീഴടക്കി ബംഗ്ലാ കൗമാരവീര്യം

അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്...

ലോകം കീഴടക്കി ബംഗ്ലാ കൗമാരവീര്യം

ലോകകിരീടം നിലനിര്‍ത്താനെത്തിയ ഇന്ത്യയുടെ കൗമാരപ്പടക്ക് ബംഗ്ലാദേശ് കൗമാരത്തിന് മുന്നില്‍ അടിതെറ്റി. ലോകകപ്പ് ഫൈനലിന്റെ എല്ലാം ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 177 റണ്‍സില്‍ ഒതുക്കി. മഴയെ തുടര്‍ന്ന് 46 ഓവറില്‍ 170 ആക്കി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ബംഗ്ലാദേശ് 42.1 ഓവറില്‍ മറികടക്കുകയായിരുന്നു.

സമ്മര്‍ദത്തില്‍ പതറാതെ വിലപ്പെട്ട റണ്‍ നേടിയ ക്യാപ്റ്റന്‍ അക്ബര്‍ അലി(77 പന്തില്‍ 43*)യാണ് ബാറ്റിംങില്‍ ബംഗ്ലാദേശിന്റെ ഹീറോയായത്. നേരത്തെ മറുപടി ബാറ്റിംങിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയി വട്ടം കറക്കിയിരുന്നു. നാല് മുന്‍നിര വിക്കറ്റുകള്‍ ബിഷ്‌ണോയി വീഴ്ത്തി. ടാന്‍സിഡ് ഹസന്‍(17), മഹമ്മദുള്‍ ഹസന്‍ റോയ്(8), തൗഹിത് ഹൃദോയ്(0), ശഹാദത്ത് ഹുസൈന്‍(1) എന്നിവരായിരുന്നു ബിഷ്‌ണോയിയുടെ ഇരകള്‍.

47 റണ്‍ നേടിയ ഓപണര്‍ പര്‍വേസ് ഹൊസൈയ്‌നെ പുറത്താക്കി ജെയ്‌സ്വാള്‍ ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 7ന് 143 എന്ന നിലയിലായ ബംഗ്ലാദേശിനെ ഒരറ്റത്ത് റാക്കിബുള്‍ ഹസനെ നിര്‍ത്തിക്കൊണ്ട് അക്ബര്‍ അലി വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇതിനിടെ 41 ഓവറില്‍ ബംഗ്ലാദേശ് 7ന് 163 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസപ്പെടുത്തി. മഴയെ തുടര്‍ന്ന് 170 റണ്‍സാക്കി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ബംഗ്ലാദേശ് അനായാസം നേടുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ ആദ്യ ലോക കിരീടമാണിത്. ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്ത 33 എക്‌സ്ട്രാ റണ്‍സും മത്സരത്തില്‍ നിര്‍ണ്ണായകമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ വരിഞ്ഞു മുറുക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നടത്തിയത്. യശസ്വി ജയ്‌സ്വാള്‍(88) ഒഴികെ ആര്‍ക്കും ബാറ്റിംങില്‍ തിളങ്ങാനായില്ല. 47.2 ഓവറില്‍ ഇന്ത്യ 177 റണ്‍സിന്‍ ഓള്‍ ഔട്ടായി.

ഓപണറും അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോററുമായ യശസ്വി ജെയ്‌സ്വാളിന്റെ 88 റണ്‍സ് മാത്രമാണ് ബാറ്റിംങില്‍ ഇന്ത്യക്ക് ആശ്വാസമായത്. 121 പന്തുകള്‍ ക്ഷമയോടെ കളിച്ച യശസ്വി എട്ട് ഫോറും ഒരു സിക്‌സും അടിച്ചാണ് 88 റണ്‍ നേടി പുറത്തായത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്ക് ബാറ്റു വീശിയ യശസ്വി ജെയ്‌സ്വാളിനെ ഷോര്‍ട്ടിഫുള്‍ ഇസ്ലാം തന്‍സിദ് ഹസന്റെ കൈകളിലെത്തിക്കുകയായിരുന്നു.

39.4 ഓവറില്‍ 4ന് 156 റണ്‍ എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് യശസ്വിജെയ്‌സ്വാള്‍ പുറത്താകുന്നത്. പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയാണ്. അവസാനത്തെ ഏഴ് വിക്കറ്റുകള്‍ അടുത്ത 21 റണ്‍സിനിടെ ഇന്ത്യക്ക് നഷ്ടമായി. വെറും 7.4 ഓവര്‍ കൂടി മാത്രമേ ഇന്ത്യക്ക്ബാറ്റു ചെയ്യാനായുള്ളൂ.

യശസ്വിക്ക് പുറമേ തിലക് വര്‍മ്മ(38) ദ്രുവ് ജുറല്‍(22) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട ബാറ്റ്‌സ്മാന്മാര്‍. സക്‌സേന(2), പ്രിയം ഗാര്‍ഗ്(7), സിദ്ധീഷ് വീര്‍(0), അന്‍കൊലേക്കര്‍(3), രവി ബിഷ്‌ണോയ്(2), സുശാന്ത് മിശ്ര(3), കാര്‍ത്തിക് ത്യാഗി(0) എന്നിങ്ങനെയാണ് മറ്റു ഇന്ത്യന്‍ താരങ്ങള്‍ നേടിയ റണ്‍സ്.

ബംഗ്ലാദേശിനുവേണ്ടി അവിശേക് ദാസ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഷോര്‍ട്ടിഫുള്‍ ഇസ്ലാം, തന്‍സിം ഹസന്‍ സാക്കിബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പത്ത് ഓവറില്‍ 29 റണ്‍ മാത്രം വിട്ടുകൊടുത്ത് റാക്കിബുള്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി.