ജെയ്സ്വാളിനേയും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനേയും പ്രശംസിച്ച് അക്തറും അഫ്രീദിയും
ജീവിത സാഹചര്യങ്ങളോട് പൊരുതി ക്രിക്കറ്റിന്റെ വെള്ളി വെളിച്ചത്തിലെത്തിയ യശസ്വി ജെയ്സ്വാളിനെയാണ് അക്തര്‍ ഏറെ പുകഴ്ത്തിയത്. ഇന്ത്യയിലെ ക്രിക്കറ്റിംങ് സംവിധാനത്തെ കണ്ടുപഠിക്കണമെന്നാണ് അഫ്രീദി...

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സെമി ഫൈനല്‍. പാകിസ്താനെ പത്തുവിക്കറ്റിന് അമ്പേ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യന്‍ ജയത്തേയും കളിക്കാരേയും പുകഴ്ത്തി മുന്‍ പാകിസ്താന് ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി.
ഒരുഘട്ടത്തില്‍ 2ന് 96 എന്ന നിലയിലായിരുന്ന പാകിസ്താന് കൗമാരക്കാര്‍ 43.1 ഓവറിലാണ് ഓള് ഔട്ടായത്. മൂന്ന് വിക്കറ്റുവീഴ്ത്തിയ സുശാന്ത് മിശ്രയും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ കാര്‍ത്തിക് ത്യാഗിയും രവി ബിഷ്ണോയിയുമായിരുന്നു പാക് തകര്‍ച്ചക്ക് മുന്‍കയ്യെടുത്തത്. മറുപടിയില്‍ യശസ്വി ജെയ്സ്വാളിന്റെ(105) സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 35.2 ഓവറില്‍ പത്തുവിക്കറ്റിനാണ് കളി ജയിച്ചത്.
യശസ്വി ജയ്സ്വാളിന്റെ പ്രകടനവും ഭൂതകാലവുമാണ് ഷുഹൈബ് അക്തറിനെ ഏറെ ആകര്‍ഷിച്ചത്. 'ഇന്ത്യക്കാരന് പയ്യന് ജെയ്സ്വാള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി സ്വന്തം ഗ്രാമത്തില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ ആളാണ്. ജോലിയെടുക്കുന്ന പശുഫാമുകളിലാണ് ഉറങ്ങിയിരുന്നത്. കളിയില്‍ പുറത്താകാതെ നിന്നാല്‍ സ്റ്റേഡിയത്തിന് പുറത്തെ ടെന്റുകളില്‍ കിടക്കാന്‍ അനുവദിക്കാമെന്ന വാഗ്ദാനം ലഭിക്കാനായി കളിച്ചിട്ടുണ്ട് അവന്. ഇപ്പോള്‍ അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ് യശസ്വി. സ്വന്തം വിശപ്പടക്കാന്‍ ഒപ്പം കളിച്ചിരുന്ന കുട്ടികള്‍ക്ക് പാനി പുരി വിറ്റിട്ടുണ്ട് അവന്' റാവല്‍പിണ്ടി എക്സ്പ്രസ് പറഞ്ഞു.
ഭാവിയില്‍ ഇന്ത്യന്‍ ടീമിലെത്താനും തിളങ്ങാനും കഴിവും സാധ്യതയുമുള്ള താരമാണ് യശസ്വി ജെയ്സ്വാളെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തിലെ അവന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍ നല്കിയ 2.4 കോടി രൂപയെന്നും അക്തര്‍ പറഞ്ഞു.
അണ്ടര്‍ 19 ടീമിനൊപ്പം പുതുതലമുറയെ വളര്‍ത്തിയെടുക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റിംങ് സംവിധാനത്തേയും ഷാഹിദ് അഫ്രീദി പുകഴ്ത്തി. പാകിസ്താന് ഇന്ത്യയുടെ പത്തുവിക്കറ്റ് വിജയത്തില്‍ നിന്നും ഏറെ കണ്ടുപഠിക്കാനുണ്ടെന്നും അഫ്രീദിയും അക്തറും പറഞ്ഞു.