ജെയ്സ്വാളിന്റെ സെഞ്ചുറി പിതൃതുല്യനായ പരിശീലകന് ഗാലറിയിലിരുന്നു കണ്ടു, അതീവ രഹസ്യമായി
മുംബൈ തെരുവുകളില്‍ പാനി പുരി വിറ്റു നടന്ന പയ്യന് ആദ്യം ഐ.പി.എല്ലിലൂടെ കോടീശ്വരനായി. ഇപ്പോഴിതാ പാകിസ്താനെതിരെ അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറിയടിച്ച് രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു...

അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാന്‍ പോകും മുമ്പേ യശസ്വി ജെയ്സ്വാളിന് പരിശീലകന് ജ്വാല സിങ് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോററായാല്‍ ഒരു പുത്തന്‍ കാര്‍ സമ്മാനം. തന്റെ പ്രിയ ശിഷ്യന് ലോകകപ്പിലെ ടോപ് സ്കോററാവുന്നത് നേരിട്ട് കാണാന്‍ ജ്വാല സിങ് ദക്ഷിണാഫ്രിക്കയിലേക്ക് നേരിട്ട് പോയി.
പകല്‍ പരിശീലനവും കളിയും പിന്നെ പാനിപൂരി കച്ചവടം. രാത്രി ക്ലബിന് പുറത്തെ ഷെഡില്‍ വാച്ച്മാനൊപ്പം ഉറക്കം.
തന്റെ സാന്നിധ്യം ശിഷ്യന് ഒരു തരത്തിലുമുള്ള സമ്മര്ദമാവരുതെന്ന് ജ്വാല സിങിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ആരുമറിയാതെ ഗാലറിയിലിരുന്നാണ് അദ്ദേഹം ശിഷ്യന്റെ കളി കണ്ടത്. ഗുരുവിന്റെ ഒട്ടും നിരാശപ്പെടുത്താതെ പാകിസ്താനെതിരെ പുറത്താകാതെ സെഞ്ചുറി തന്നെയടിച്ച് യശസ്വി വീണ്ടും ജ്വാല സിങിന്റെ അഭിമാനമായി.

ആരെയും വിസ്മയിപ്പിക്കുന്നതാണ് യശസ്വി ജെയ്സ്വാളിന്റെ ജീവിതം. വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കുന്നുവരാണ് ക്രിക്കറ്റ് താരങ്ങളാകുന്നതെന്ന മുന്‍ധാരണയെ ദൃഢനിശ്ചയംകൊണ്ട് തകര്‍ത്തവനാണ് യശസ്വി. മുംബൈയിലെ തെരുവുകളില്‍ പാനി പുരിയും പഴങ്ങളും വിറ്റു നടന്നിട്ടുണ്ട് കുഞ്ഞു ജെയ്സ്വി. യു.പിയിലെ ഭദോനി ഗ്രാമത്തില്‍ നിന്നും മകന്റെ ക്രിക്കറ്റ് ഭ്രാന്ത് തിരിച്ചറിഞ്ഞ് പിതാവാണ് മുംബൈയിലുള്ള അമ്മാവന്റെ അടുത്തേക്ക് അയക്കുന്നത്. അമ്മാവനാണ് യശസ്വിയെ വര്‍ളിയിലെ മുസ്ലം യുണൈറ്റഡ് ക്ലബില്‍ ചേര്‍ക്കുന്നത്. പകല്‍ പരിശീലനവും കളിയും പിന്നെ പാനിപൂരി കച്ചവടം. രാത്രി ക്ലബിന് പുറത്തെ ഷെഡില്‍ വാച്ച്മാനൊപ്പം ഉറക്കം.

പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത മുംബൈയിലെ മൈതാനങ്ങളില്‍ ഓടി നടന്ന് റണ്‍സ് അടിച്ചുകൂട്ടിയ യശസ്വിയുടെ തലവര മായുന്നത് ജ്വാല സിങ് എന്ന പരിശീലകന്റെ കണ്ണില്‍ പെടുന്നതോടെയാണ്. പൃഥ്വി ഷായുടെ പരിശീലകനായ ജ്വാല സിങിനൊപ്പമാണ് 2013ന് ശേഷം യശസ്വി ജെയ്സ്വാളിന്റെ താമസവും ക്രിക്കറ്റ് ജീവിതവും. യശസ്വി ജെയ്സ്വാളിന് സ്വന്തം വീടിന്റെ വാതിലുകള്‍ ജ്വാല സിംങ് തുറന്നു കൊടുത്തതില്‍ പിന്നെ അവന് പാനിപുരി വില്‍ക്കേണ്ടി വന്നിട്ടില്ല.
മകള്‍ ജനിക്കുന്നതിന് മുമ്പ് തന്റെ ഏക കുഞ്ഞായിരുന്നു യശസ്വിയെന്നാണ് പരിശീലകന് വിശേഷിപ്പിക്കുന്നത്. ഇപ്പോഴാകട്ടെ മകള്‍ക്കൊരു മൂത്ത സഹോദരനുമായി. 2017 ഡിസംബര്‍ ആറിന് പരിശീലകന് മകള്‍ പിറന്ന അന്ന് തന്നെ മുംബൈ അണ്ടര്‍ 19 ടീമിനുവേണ്ടി ഇരട്ട സെഞ്ചുറി അടിച്ചായിരുന്നു യശസ്വി ആഘോഷിച്ചത്. പരിശീലകന്റെ ജന്മദിന തീയതിയായ 23ആണ് യശസ്വിയുടെ ജേഴ്സി നമ്പര്‍.
മനസിലൊരു ലക്ഷ്യമുണ്ടെങ്കില്‍ അത് നേടാന്‍ കഠിനമായി പരിശ്രമിക്കുന്നവനാണ് യശസ്വിയെന്ന് ജ്വാല സിങ് പറയുന്നു. ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ താരമായപ്പോള്‍ ലഭിച്ച 10000 രൂപ കൊണ്ട് ക്രിക്കറ്റ് ഹെല്‍മെറ്റ് വാങ്ങട്ടെയെന്ന് ഒരിക്കല്‍ യശസ്വി ചോദിച്ചു. ജ്വാല സിങ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ മൂവായിരം രൂപ അധികമുള്ള ഹെല്‍മെറ്റാണ് യശസ്വി വാങ്ങിയത്. അന്ന് ദേഷ്യപ്പെട്ട് ആ ഹെല്‍മെറ്റ് അലമാരിക്ക് മുകളില്‍ വെക്കുകയാണ് പരിശീലകന് ചെയ്തത്. ഇത്രവിലയേറിയ ഹെല്‍മെറ്റ് ധരിക്കാനുള്ള കളി നീ കളിക്കുമ്പോള്‍ തരാമെന്നായിരുന്നു പറഞ്ഞത്. പിന്നീട് മുംബൈക്ക് വേണ്ടി രഞ്ജി കളിച്ചു തുടങ്ങിയപ്പോള്‍ ജ്വാല സിങ് തന്നെ ആ ഹെല്‍മെറ്റ് നല്കി.
പുതിയ കാര്‍ നല്‍കാമെന്ന് പരിശീലകന് പറഞ്ഞപ്പോള്‍ യശസ്വി ജെയ്സ്വാള്‍ പറഞ്ഞത് വേണ്ടെന്നായിരുന്നു. പകരം ജ്വാലസിങിന്റെ ബ്രീസ തനിക്ക് നല്കിയാല് മതിയെന്നും യശസ്വി പറഞ്ഞു. ശിഷ്യന് ടോപ് സ്കോററായാല്‍ കൊടുത്ത വാക്കു പാലിക്കാന്‍ പുതിയ കാര്‍ വാങ്ങുമെന്നും ജ്വാല സിങ് പറയുന്നു. ഒരു മത്സരം മാത്രം ബാക്കി നില്‍ക്കേ ടോപ് സ്കോററാണ് യശസ്വി ജെയ്സ്വാള്‍. അഞ്ച് കളികളില്‍ മൂന്നിലും പുറത്താകാതെ നിന്ന യശസ്വി 312 റണ്‍സാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ഐ.പി.എല്‍ ലേലത്തില്‍ 2.4 കോടി രൂപക്കാണ് യശസ്വി ജെയ്സ്വാളിനെ രാജസ്ഥാന് റോയല്‍സ് വിളിച്ചെടുത്തത്.