LiveTV

Live

Cricket

റോസ് ഉദിച്ചുയര്‍ന്നു, കിവീസിന് നാല് വിക്കറ്റ് ജയം

റോസ് ടെയ്‌ലറുടെ അതിവേഗ സെഞ്ചുറിയാണ്(84 പന്തില്‍ 109*) ന്യൂസിലന്റിന് ഇന്ത്യക്കെതിരെ നാല് വിക്കറ്റ് ജയം സമ്മാനിച്ചത്...

റോസ് ഉദിച്ചുയര്‍ന്നു, കിവീസിന് നാല് വിക്കറ്റ് ജയം

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്റിന് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ന്യൂസിലന്റ് 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. റോസ് ടെയ്‌ലറുടെ അതിവേഗ സെഞ്ചുറിയാണ്(84 പന്തില്‍ 109*) കിവീസിന് ജയം സമ്മാനിച്ചത്.

സ്‌കോര്‍

ഇന്ത്യ 347/4

ന്യൂസിലന്റ് 348/6

ഇന്ത്യന്‍ സ്‌കോര്‍ പിന്തുടരവേ മികച്ച തുടക്കം ഉറപ്പിച്ച ശേഷമാണ് ന്യൂസിലന്റ് ഓപണിംങ് സഖ്യം പിരിഞ്ഞത്. ഗുപ്റ്റില്‍(41 പന്തില്‍ 32) സ്‌കോര്‍ 85ലെത്തിയപ്പോഴേക്കും വീണെങ്കിലും നിക്കോള്‍സ്(82 പന്തില്‍ 78) പിടിച്ചു നിന്നു. ടോം ബ്ലണ്ടല്‍(9) വേഗം മടങ്ങിയെങ്കിലും റോസ് ടെയ്‌ലര്‍ ന്യൂസിലന്റിന് ആവശ്യമായ അതിവേഗ ഇന്നിംങ്‌സ് കളിച്ചു.

ടോം ലാഥവു(48 പന്തില്‍ 69)മൊത്തു ചേര്‍ന്ന് റോസ് ടെയ്‌ലര്‍ തീര്‍ത്ത 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസിലന്റിന് മുന്‍തൂക്കം നല്‍കിയത്. പത്ത് ഫോറും നാല് സിക്‌സും അടിച്ച് കളി അവസാനിക്കും വരെ പുറത്താകാതെ പിടിച്ചു നിന്ന റോസ് ടെയ്‌ലര്‍ തന്നെയാണ് കിവീസിന്റെ വിജയശില്‍പിയും കളിയിലെ താരവും.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ ഒഴികെ എല്ലാവരും ഓവറില്‍ ആറ് റണ്‍സിലേറെ വഴങ്ങി. രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് പത്ത് ഓവറില്‍ 84 റണ്‍സാണ് വഴങ്ങിയത്.

നേരത്തെ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടേയും കെ.എല്‍ രാഹുലിന്റേയും ക്യാപ്റ്റന്‍ കോലിയുടേയും അര്‍ധ സെഞ്ചുറികളുടേയും സഹായത്തിലാണ് ഇന്ത്യ 347ലെത്തിയത്. പരിക്കേറ്റ രോഹിത് ശര്‍മ്മക്കും ധവാനും പകരം അരങ്ങേറ്റക്കാരായ പൃഥ്വി ഷാ(21 പന്തില്‍ 20)യും മായങ്ക് അഗര്‍വാളു(31 പന്തില്‍ 32)മാണ് ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായി ഇറങ്ങിയത്. ഒമ്പത് ഓവറിനുള്ളില്‍ ഓപണര്‍മാര്‍ മടങ്ങി. പിന്നീട് ശ്രേയസ് അയ്യരുമായി കൂട്ടുചേര്‍ന്ന് കോലി നിര്‍ണ്ണായകമായ സെഞ്ചുറി(102) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തി.

63 പന്തില്‍ 51 റണ്‍സെടുത്ത കോലിയുടെ വിക്കറ്റ് സോഥി തെറിപ്പിക്കുകയായിരുന്നു. പിന്നീടെത്തിയ കെ.എല്‍ രാഹുല്‍ അതിവേഗത്തില്‍ ബാറ്റുവീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ പെട്ടെന്ന് കൂടി. നാല് സിക്‌സറുകളാണ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കും മുമ്പ് കെ.എല്‍ രാഹുല്‍(41 പന്തില്‍ 50) പറത്തിയത്. ആകെ ആറ് സിക്‌സും മൂന്ന് ഫോറും കെ.എല്‍ രാഹുല്‍ നേടി.

101 പന്തുകളില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 11 ബൗണ്ടറിയുടേയും ഒരു സിക്‌സിന്റേയും അകമ്പടിയിലായിരുന്നു സെഞ്ചുറി. ഇതിനിടെ മൂന്ന് തവണ കിവീസ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞതും ശ്രേയസിനും ഇന്ത്യക്കും തുണയായി. 107 പന്തുകളില്‍ നിന്നും 103 റണ്‍സ് അടിച്ച ശ്രേയസിനെ സൗത്തി സാറ്റ്‌നറുടെ കൈകളിലെത്തിക്കുകയായിരുന്നു. കെ.എല്‍. രാഹുലും (64 പന്തില്‍ 88) കേദാര്‍ ജാദവും (15 പന്തില്‍ 26) പുറത്താവാതെ നിന്നു.