LiveTV

Live

Cricket

U19 ലോകകപ്പ്: പാകിസ്താനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ് നോക്കൗട്ടില്‍ ആദ്യത്തെ പത്ത് വിക്കറ്റ് ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്...

U19 ലോകകപ്പ്: പാകിസ്താനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാകിസ്താനെ പത്തുവിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 172 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. സെഞ്ചുറി നേടി യശസ്വി ജയ്‌സ്വാളും(113 പന്തില്‍ 105*) അര്‍ധ സെഞ്ചുറിയുമായി ദിവ്യാന്‍ഷ് സക്‌സേനയും(59*) പുറത്താകാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുശാന്ത് മിശ്രയും രണ്ട് വീതംവിക്കറ്റ് നേടിയ കാര്‍ത്തിക് ത്യാഗിയും രവി ബിഷ്‌ണോയിയും ചേര്‍ന്നാണ് പാകിസ്താനെ ചെറു സ്‌കോറിലൊതുക്കിയത്.

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോല്‍ക്കുന്ന പതിവ് അണ്ടര്‍ 19 ലോകകപ്പിലും പാകിസ്താന്‍ തെറ്റിച്ചില്ല. ബൗളിംങിലും ഫീല്‍ഡിംങിലും ബാറ്റിംങിലും ആധിപത്യം സ്ഥാപിച്ച് സമഗ്രമായിട്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തലമുറ പാകിസ്താനെ തോല്‍പിച്ചുകളഞ്ഞത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. നാല് തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യ രണ്ട് തവണ റണ്ണര്‍ അപ്പുകളുമായിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലേക്കുള്ള ഭാവി വാഗ്ദാനമെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു യശസ്വി ജയ്‌സ്വാള്‍ നടത്തിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സും അടക്കം 113 പന്തില്‍ നിന്നായിരുന്നു യശസ്വി സെഞ്ചുറി നേടിയത്. നാലാമത്തെ സിക്‌സറടിച്ച് സെഞ്ചുറിയും ഇന്ത്യന്‍ ജയവും ഒരുമിച്ചാണ് യശസ്വി ജയ്‌സ്വാള്‍ ആഘോഷിച്ചത്. പാകിസ്താനെതിരെ ലോകകപ്പ് സെമിയില്‍ സെഞ്ചുറി നേടാനായതിനെ സ്വപ്നനേട്ടമെന്നാണ് മത്സരശേഷം യശസ്വി ജയ്സ്വാള്‍ വിശേഷിപ്പിച്ചത്. സെഞ്ചുറിക്കൊപ്പം നിര്‍ണ്ണായക വിക്കറ്റും നേടിയ ജയ്സ്വാള്‍ തന്നെയാണ് കളിയിലെ താരം. 99 പന്തില്‍ ആറ് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 59 റണ്ണടിച്ച് സക്‌സേന കട്ടക്ക് പിന്തുണ നല്‍കി.

നേരത്തെ ടോസ് നേടി ബാറ്റിംങിനിറങ്ങിയ പാകിസ്താന്‍ ഒരുഘട്ടത്തില്‍ 3ന് 118 റണ്‍ എന്ന നിലയിലായിരുന്നു. ബാക്കിയുള്ള ഏഴ് വിക്കറ്റുകള്‍ വെറും 54 റണ്‍സിനാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ താരങ്ങളുടെ ഉജ്ജ്വല ബൗളിംങും ഫീല്‍ഡിംങുമാണ് പാകിസ്താനെ ചെറിയ സ്‌കോറിലൊതുക്കിയത്. 43.1 ഓവറില്‍ പാകിസ്താനെ ഇന്ത്യന്‍ കൗമാരപ്പട 172റണ്‍സിന് ഓള്‍ഔട്ടാക്കി. പാകിസ്താനുവേണ്ടി ക്യാപ്റ്റന്‍ റൗഹൈല്‍ നാസിറും(62) ഹൈദര്‍ അലിയും(56) മാത്രമാണ് തിളങ്ങിയത്.

സുശാന്ത് മിശ്ര എറിഞ്ഞ രണ്ടാം ഓവറിലെ അവസാനപന്തില്‍ ദിവ്യാന്‍ഷ് സക്‌സേനക്ക് ക്യാച്ച് നല്‍കി പാക് ഓപണര്‍ മുഹമ്മദ് ഹുറൈറയാണ് (4) മടങ്ങിയത്. സ്പിന്നര്‍ രവി ബിഷ്‌ണോയ് എറിഞ്ഞ ഒമ്പതാം ഓവറില്‍ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ഫഹദ് മുനീറിനും (0) പിഴച്ചു. 16 പന്തില്‍ ഒരു റണ്‍പോലും എടുക്കാന്‍ കഴിയാതിരുന്ന ഫഹദ് പോയിന്റില്‍ അങ്കോല്‍ക്കറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഹൈദര്‍ അലി(77 പന്തില്‍ 56)യും റൊഹൈല്‍ നാസറും(102 പന്തില്‍ 62) ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹൈദര്‍ അലിയെ പുറത്താക്കി യശസ്വി ജെയ്‌സ്വാളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് 31ആം ഓവറില്‍ റണ്‍ ഔട്ടായി ക്വാസി അക്രം(9) നാലാം വിക്കറ്റായി മടങ്ങിയതോടെയായിരുന്നു പാക് തകര്‍ച്ച ആരംഭിച്ചത്. 15 പന്തില്‍ 21 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസിനെ ഡീപ് സ്‌ക്വയറില്‍ സക്‌സേന പറന്നു പിടിക്കുകയായിരുന്നു. പാക് നിരയില്‍ പന്തിനേക്കാള്‍ റണ്‍ നേടിയ ഏക ബാറ്റ്‌സ്മാനായിരുന്നു ഹാരിസ്. വാലറ്റത്തെ നാല് പേര്‍ക്ക് ഇര്‍ഫാന്‍ ഖാന്‍(3), അബ്ബാസ് അഫ്രീദി(2), താഹിര്‍ ഹുസൈന്‍(2), ആമിര്‍ അലി(1) എന്നിവരെ വളരെ വേഗം ഇന്ത്യ മടക്കി. 41 പന്തുകള്‍ ശേഷിക്കെയായിരുന്നു പാകിസ്ഥാന്റെ എല്ലാവരും പുറത്തായത്.