LiveTV

Live

Cricket

കിവീസ് വീണ്ടും പടിക്കല്‍ കലമുടച്ചു; ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

കളിച്ച അഞ്ച് ടി20 മത്സരങ്ങളും വിജയിച്ചാണ് ന്യൂസിലന്റിനെതിരെ നേടുന്ന ആദ്യ ടി20 പരമ്പര ഇന്ത്യ അവിസ്മരണീയമാക്കിയത്.

കിവീസ് വീണ്ടും പടിക്കല്‍ കലമുടച്ചു; ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ഏഴ് റണ്‍സ് വിജയത്തോടെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് എടുത്തത്. മറുപടിക്കിറങ്ങിയ ന്യൂസിലന്റിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.

ജയിക്കുമെന്ന് തോന്നിപ്പിച്ച് തോല്‍ക്കുന്ന പതിവ് കിവീസ് ആവര്‍ത്തിച്ചതോടെ ഇന്ത്യ തോല്‍വിയറിയാതെ ടി20 പരമ്പര സ്വന്തം പേരിലാക്കി. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങി പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് വേണ്ടത് 60 പന്തില്‍ 66 റണ്‍. ശിവം ദുബെ എറിഞ്ഞ പത്താം ഓവറില്‍ 34 റണ്‍സാണ് ടെയ്‌ലറും സെയ്‌ഫെര്‍ട്ടും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 15 ഓവറിനുള്ളില്‍ കളി ന്യൂസിലന്റ് തീര്‍ക്കുമെന്ന് തോന്നിപ്പിച്ചിടത്തു നിന്നും സെയ്ഫര്‍ട്ടിനെ പുറത്താക്കി(30 പന്തില്‍ 50) ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത് സെയ്‌നി.

പിന്നീട് പതിനേഴാം ഓവറില്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ വെറും നാല് റണ്‍ മാത്രം വിട്ടുകൊടുത്ത് സാറ്റ്‌നറേയും(6) കഗലെയ്‌നേയും(0) പുറത്താക്കിയത് നിര്‍ണ്ണായകമായി. അപ്പോഴും കൂറ്റനടിക്കാരന്‍ റോസ് ടെയ്‌ലറിലായിരുന്നു കിവീസ് പ്രതീക്ഷകള്‍. പതിനെട്ടാം ഓവറില്‍ ആദ്യ പന്തില്‍ ടെയ്‌ലറെ(47 പന്തില്‍ 53) കെ.എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് സെയ്‌നി വീണ്ടും ഇന്ത്യക്ക് ബ്രേക്ക് നല്‍കി. അവസാന ഓവറില്‍ സോഥി സിക്‌സറുകളടിച്ചെങ്കിലും പരാജയഭാരം കുറക്കാനേ സഹായിച്ചുള്ളൂ. അങ്ങനെ രണ്ടാമത് ബാറ്റ് ചെയ്ത ടീം ഇതുവരെ ജയിച്ചിട്ടില്ലാത്ത ബേ ഓവല്‍ ചരിത്രം തിരുത്താന്‍ തയ്യാറായില്ല.

ഇന്ത്യന്‍ ബൗളര്‍മാരില്‍ നാല് ഓവറില്‍ വെറും 12 റണ്‍ മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്നുവിക്കറ്റ് വീഴ്ത്തിയത്. സെയ്‌നിയും ശാര്‍ദൂലും നിര്‍ണ്ണായകമായ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി തിളങ്ങിയത് അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ഒരിക്കല്‍ കൂടി സഞ്ജു സാംസണ്‍(2) നിരാശപ്പെടുത്തിയപ്പോള്‍ കെ.എല്‍ രാഹുലും(33 പന്തില്‍ 45) രോഹിത്ത് ശര്‍മ്മയുമാണ്(41 പന്തില്‍ 60) ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചത്.

രാഹുല്‍ പുറത്താവുമ്പോഴേക്കും 11.3 ഓവറില്‍ 96 റണ്‍ ഇന്ത്യ നേടിയെങ്കിലും പിന്നീടുള്ള 51 പന്തില്‍ 67 റണ്‍ മാത്രമേ നേടാനായുള്ളൂ. കാലില്‍ പരിക്കേറ്റ രോഹിത് ശര്‍മ്മ മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സും നേടി.

സ്‌കോട്ട് കഗലെയ്ന്‍ ന്യൂസിലന്റിനുവേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. സ്‌കോട്ട് കഗലെയ്‌നാണ് സഞ്ജുവിനേയും ശിവം ദുബെയേയും പുറത്താക്കിയത്. കെ.എല്‍ രാഹുലിന്റെ വിക്കറ്റ് ബെന്നറ്റ് നേടി.

രോഹിത് ശര്‍മ്മക്ക് പരിക്കേറ്റതോടെ ഫീല്‍ഡിംങിനിറങ്ങിയപ്പോള്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. കെ.എല്‍ രാഹുല്‍ തന്നെയാണ് പരമ്പരയിലെ താരവും. ബുംറയാണ് കളിയിലെ താരം.