എന്നിട്ടും ജഡേജയെക്കുറിച്ച് നല്ലതു പറയാതെ മഞ്ജരേക്കര്‍
ബൗളര്‍മാരാണ് രണ്ടാം ടി20യില്‍ നിര്‍ണായകമായതെന്ന് പറഞ്ഞ മഞ്ജരേക്കറോട് ആ ബൗളറുടെ പേര് പറയാനായിരുന്നു ജഡേജ ആവശ്യപ്പെട്ടത്. അതിന് മഞ്ജരേക്കര്‍ മറുപടി നല്‍കുകയും ചെയ്തു...

ന്യൂസിലന്റിനെതിരായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യ ടി20യില്‍ 200ലേറെ റണ്ണടിച്ച കിവീസിനെ അതേ പിച്ചില്‍ 5ന്132ല്‍ ഒതുക്കിയത് ജഡേജ അടക്കമുള്ള ബൗളര്‍മാരുടെ പ്രകടനമായിരുന്നു. അക്കാര്യം തുറന്ന് സമ്മതിക്കുമ്പോഴും രവീന്ദ്ര ജഡേജയെക്കുറിച്ച് നല്ലതു പറയാതിരിക്കാനാണ് സഞ്ജയ് മഞ്ജരേക്കറുടെ ശ്രമം.
കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയായിരുന്നു ജഡേജ മഞ്ജരേക്കര്‍ പോര് പരസ്യമായത്. ടീമിലേക്ക് വന്നും പോയുമിരിക്കുന്ന അല്ലറ ചില്ലറ താരങ്ങളുടെ ആരാധകനല്ല താനെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പരാമര്‍ശം.
ടെസ്റ്റില്‍ ജഡേജ മികച്ചൊരു ബൗളറാണ്, എന്നാല്‍ ഏകദിന ടീമില്‍ ജഡേജയ്ക്ക് പകരം താനൊരു ബാറ്റ്സ്മാനെയോ സ്പിന്നറെയോയാണ് പരിഗണിക്കുകയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോട് ഒട്ടും മയത്തിലായിരുന്നില്ല രവീന്ദ്ര ജഡേജ പ്രതികരിച്ചത്. നിങ്ങളേക്കാള്‍ ഇരട്ടിയോളം മത്സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്, ഇപ്പോഴും കളിക്കുന്നു. നേട്ടങ്ങള്‍ കൈവരിച്ചവരെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കൂ. വാക്കുകള്‍ കൊണ്ടുള്ള വയറിളക്കം ഇനിയും സഹിക്കാനാവില്ല എന്നായിരുന്നു ജഡേജയുടെ പ്രതികരണം. അതോടെ അന്ന് ഒതുങ്ങിയ മഞ്ജരേക്കര്‍ ഇപ്പോള്‍ വീണ്ടും ജഡേജയെ കൊട്ടിയിരിക്കുന്നു.
രണ്ടാം ടി20യില്‍ കിവീസിനെതിരെ 50 പന്തില്‍ 57 റണ്‍സടിച്ച കെ.എല്‍ രാഹുലിന് പകരം ഏതെങ്കിലും ബൗളര്‍ക്ക് കളിയിലെ കേമന്പുരസ്കാരം നല്‍കണമായിരുന്നുവെന്നായിരുന്നു മഞ്ജരേക്കറുടെ അഭിപ്രായ പ്രകടനം. ആ ബൗളറുടെ പേര് പറയൂ എന്ന് പറഞ്ഞ് ജഡേജ ട്വിറ്ററിലൂടെ രംഗത്ത് വരികയും ചെയ്തു. ഇതിന് മഞ്ജരേക്കര്‍ മറുപടി നല്‍കിയത് ഇങ്ങനെ,
ഹഹ, നിങ്ങള്‍ അല്ലെങ്കില്‍ ബുംറ. 3, 10, 18, 20 ഓവറുകള്‍ വളരെ കൃത്യതയോടെ എറിഞ്ഞ ബുംറയെയാണ് താന്‍ തെരഞ്ഞെടുക്കുകയെന്ന് കൂടി മഞ്ജരേക്കര്‍ ട്വീറ്റു ചെയ്തു. എങ്ങനെ കളിച്ചാലും ജഡേജയെക്കുറിച്ച് മഞ്ജരേക്കര്‍ നല്ലതുപറയില്ലെന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.