LiveTV

Live

Cricket

സ്വയം പരിക്കേല്‍പിച്ച ആ ഷോട്ടിന് ശേഷം കിവീസ് ഓള്‍ റൗണ്ടര്‍ക്ക് പറയാനുള്ളത്

തനിക്കുണ്ടായ ദുരനുഭവം എല്ലാവര്‍ക്കും പാഠമായിരിക്കട്ടെയെന്ന് പറഞ്ഞാണ് താരത്തിന്റെ ട്വീറ്റ്...

സ്വയം പരിക്കേല്‍പിച്ച ആ ഷോട്ടിന് ശേഷം കിവീസ് ഓള്‍ റൗണ്ടര്‍ക്ക് പറയാനുള്ളത്

ഇനിയൊരിക്കല്‍ കൂടി റിവേഴ്‌സ് സ്വീപ്പ് ചെയ്യും മുമ്പ് ന്യൂസിലന്റ് താരം ജിമ്മി നിഷാം നല്ലതുപോലെ ഒന്നാലോചിക്കും. അത്ര നല്ല പാഠമാണ് ഇന്ത്യ എക്കെതിരായ മത്സരത്തില്‍ നീഷാമിന് ലഭിച്ചത്. സ്വയം പരിക്കേല്‍പിച്ച ആ ഷോട്ടിനൊടുവില്‍ നീഷാം തന്നെ താന്‍ പഠിച്ച പാഠം എല്ലാവര്‍ക്കുമായി പങ്കുവെക്കുകയും ചെയ്തു.

ഇന്ത്യ എയും ന്യൂസിലന്റ് എയും തമ്മിലുള്ള അനൗദ്യോഗിക ഏകദിനത്തിനിടെയായിരുന്നു കിവീസ് ഓള്‍റൗണ്ടര്‍ സ്വയം പരിക്കേല്‍പിക്കുന്ന ഷോട്ട് കളിച്ചത്. സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യയെ റിവേഴ്‌സ് സ്വീപ്് ചെയ്തപ്പോഴാണ് 29കാരന്‍ നീഷാമിന് എല്ലാം പിഴച്ചത്. കുത്തിയുയര്‍ന്ന പന്ത് നീഷാമിന്റെ ഹെല്‍മെറ്റിലിടിക്കുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു.

പിന്നീട് തന്റെ പരിക്കേറ്റ മുഖം നീഷാം തന്നെ ട്വീറ്റ് ചെയ്തു. 'കുഴപ്പമില്ല, എല്ലാം ശരിയായി. പാഠം: സ്വന്തം മുഖത്തേക്ക് ഒരിക്കലും റിവേഴ്‌സ് സ്വീപ്പ് ചെയ്യരുത്' നീഷാമിന്റെ ട്വീറ്റിന് കിവി മുന്‍ ക്യാപ്റ്റന്‍ മക്കുല്ലത്തിന്റെ മറുപടിയും കിട്ടി.

ഈ പരിക്കൊഴിച്ചു നിര്‍ത്തിയാല്‍ നീഷാമിന്റേത് മികച്ച പ്രകടനമായിരുന്നു. 31 പന്തില്‍ 33 റണ്‍സെടുക്കുകയും ഏഴ് ഓവറില്‍ 24 റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു കിവി താരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 29 റണ്‍സ് ജയത്തോടെ ന്യൂസിലന്റ് 1-1ന് ഒപ്പമെത്തിയിട്ടുണ്ട്.