LiveTV

Live

Cricket

സേവാഗിന്റെ തലയിലെ മുടിയേക്കാള്‍ കൂടുതല്‍ പണം തന്റെ പക്കലുണ്ടെന്ന് അക്തര്‍

പണത്തിന് വേണ്ടി മാത്രമേ അക്തര്‍ ഇന്ത്യക്കാരെക്കുറിച്ച് നല്ലത് പറയാറുള്ളൂ എന്ന വര്‍ഷങ്ങള്‍ മുമ്പ് സെവാഗ് പറഞ്ഞ അഭിപ്രായത്തോടുള്ള പ്രതികരണമാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് നടത്തിയത്...

സേവാഗിന്റെ തലയിലെ മുടിയേക്കാള്‍ കൂടുതല്‍ പണം തന്റെ പക്കലുണ്ടെന്ന് അക്തര്‍

2016ലാണ് വീരേന്ദര്‍ സേവാഗ് പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തറെക്കുറിച്ച് അങ്ങനെ പറഞ്ഞത്. വര്‍ഷം നാല് കഴിഞ്ഞെങ്കിലും അക്തര്‍ അങ്ങനെവിടാന്‍ ഒരുക്കമില്ല. ഇന്ത്യക്കാരെക്കുറിച്ച് അക്തര്‍ നല്ലതുപറയുന്നത് കച്ചവടക്കണ്ണിലാണെന്ന സെവാഗിന്റെ അഭിപ്രായത്തിനാണ് അക്തറിന്റെ മറുപടി.

തന്റെ യുട്യൂബ് ചാനലില്‍ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് അക്തറിന്റെ പരാമര്‍ശം. 'അന്ന് ആ വീഡിയോ വൈറലായിരുന്നു. തമാശയില്‍കാര്യങ്ങള്‍ പറയുന്നയാളാണ് വീരുവെന്ന് എല്ലാവര്‍ക്കും അറിയാം. പണം വേണ്ടതിനാലാണ് ഇന്ത്യക്കാരെക്കുറിച്ച് അക്തര്‍ നല്ലതുപറയുന്നതെന്നായിരുന്നു സെവാഗ് പറഞ്ഞത്.

നിങ്ങളുടെ തലയിലെ മുടിയേക്കാള്‍ കൂടുതല്‍ പണം എന്റെ കയ്യിലുണ്ട്. എനിക്ക് പാകിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലും ആരാധകരുണ്ട്. അത് 15 വര്‍ഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണ്. ഇന്ത്യക്കാര്‍ നന്നായി കളിച്ചാല്‍ നല്ലതു പറയുകമാത്രമല്ല മോശമായി കളിച്ചാല്‍ വിമര്‍ശിക്കുകയും ചെയ്യാറുണ്ട്' അക്തര്‍ പറഞ്ഞു.

താന്‍ ഇത് തമാശയായാണ് പറയുന്നതെന്നും വീരു അങ്ങനെ തന്നെ എടുക്കണമെന്നും ഒരുകാലത്ത് ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായിരുന്ന ഷുഹൈബ് അക്തര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് അക്തര്‍ രംഗത്ത് വന്നിരുന്നു. ഫോമിലാണെങ്കില്‍ പന്ത് നല്ലതാണോ ചീത്തയാണോ എന്ന് രോഹിത്ത് ശര്‍മ്മ നോക്കാറില്ലെന്നായിരുന്നു അക്തര്‍ പറഞ്ഞത്.