പരിക്ക് പേടിയില്‍ ഇന്ത്യ, സാഹയോട് രഞ്ജിയില്‍ കളിക്കേണ്ടെന്ന് നിര്‍ദേശം
ശിഖര്‍ ധവാന്, ഇഷാന്ത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങി പല പ്രമുഖരും പരിക്കിന്റെ പിടിയിലായതോടെയാണ് ഇന്ത്യ മുന്‍കരുതല്‍ ന്ടപടിയെടുത്തിരിക്കുന്നത്...

ന്യൂസിലന്റ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിക്ക് വലക്കുന്നു. ശിഖര്‍ ധവാനും ഇഷാന്ത് ശര്‍മ്മക്കും പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്കും പരിക്കിനെ തുടര്‍ന്ന് കളിക്കാനാകില്ലെന്ന് വ്യക്തമായി. ഇതോടെ കൂടുതല്‍ പ്രതിസന്ധികള്‍ ഒഴിവാക്കാനായി ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയോട് രഞ്ജിയില്‍ കളിക്കേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
ബംഗാള്‍ താരമായ വൃദ്ധിമാന്‍ സാഹയോട് ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും പിന്മാറാന് നിര്‍ദേശിച്ചിരിക്കുന്നത് സാഹ ഡല്‍ഹിക്കെതിരെ കളിക്കില്ലെന്ന് ബംഗാള്‍ പരിശീലകന് അരുണ്‍ ലാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിരലിനേറ്റ പരിക്കില്‍ നിന്നും സാഹ പൂര്‍ണ്ണമായും മുക്തനായിരുന്നില്ല. കൂടുതല്‍ പരിക്ക് സാധ്യതകളെ ഒഴിവാക്കാനാണ് കളിയില്‍ നിന്നും വിട്ടു നില്ക്കാന് സാഹയോട് നിര്‍ദേശിച്ചിരിക്കുന്നത്.

ിദര്ഭയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ഡല്‍ഹി താരം ഇഷാന്തിന് പരിക്കേറ്റത്. വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫസലിനെതിരെ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്നതിനിടെ കണങ്കാലിനു പരുക്കേറ്റ ഇഷാന്തിനെ സ്ട്രെച്ചറിലാണ് കൊണ്ടുപോയത്. പ്രാഥമിക പരിശോധനയില്‍ ഇഷാന്തിന്റെ കണങ്കാലിനു പൊട്ടലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ആറ് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഇഷാന്ത് ശര്‍മ്മക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഡൈവ് ചെയ്തപ്പോഴായിരുന്നു ധവാന്റെ ഇടത് തോളിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് മൈതാനം വിട്ട താരം പിന്നീട് ബാറ്റിങിനും ഇറങ്ങിയിരുന്നില്ല. ധവാന് പകരം കെ.എല്‍ രാഹുലാണ് ഓപ്പണറായി ഇറങ്ങിയത്. മത്സരത്തിന് ശേഷം വിജയമാഘോഷിക്കാന്‍ എത്തിയ താരത്തിന്റെ കയ്യില്‍ ഒരു കെട്ടുമുണ്ടായിരുന്നു. ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയാണ് പരിക്ക് മാറി ധവാന് ടീമിലേക്ക് തിരിച്ചെത്തിയത്.
പരിക്കില്‍ നിന്നും മോചിതനായി ടീമിലേക്ക് തിരിച്ചെത്താനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ശ്രമവും പരാജയപ്പെട്ടു. ബൗളിംങ് ക്ഷമതാ പരിശോധനയില്‍ പാണ്ഡ്യ പരാജയപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ജനുവരി 24 നാണ് ട്വന്റി 20 പരമ്പര ആരംഭിക്കുക. ഫെബ്രുവരി അഞ്ച് മുതലാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുക. ഫെബ്രുവരി 21നും 29നുമാണ് രണ്ട് ടെസ്റ്റുകള്‍.