LiveTV

Live

Cricket

ധവാനും ഇഷാന്തിനും പരിക്ക്; ന്യൂസിലന്റില്‍ കളിക്കില്ല

ആസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനിടെയാണ് ധവാന് പരിക്കേറ്റതെങ്കില്‍ രഞ്ജിക്കിടെ അപ്പീല്‍ചെയ്യുമ്പോഴാണ് ഇഷാന്ത് ശര്‍മ്മക്ക് പരിക്കേറ്റത്.

ധവാനും ഇഷാന്തിനും പരിക്ക്; ന്യൂസിലന്റില്‍ കളിക്കില്ല

ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ധവാനു പിന്നാലെ ഇഷാന്ത് ശര്‍മ്മക്കും കളിക്കാനാകില്ല. ധവാന്‍ ടി20യിലും ഇഷാന്ത് ടെസ്റ്റിലും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു പരിക്ക് വില്ലനായത്. ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ധവാന് തോളിലാണ് പരിക്കേറ്റത്. വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഇഷാന്തിന്റെ കണങ്കാലിനു പരുക്കേറ്റത്.

ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഡൈവ് ചെയ്ത ധവാന്റെ ഇടത് തോളിന് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് മൈതാനം വിട്ട താരം പിന്നീട് ബാറ്റിങിനും ഇറങ്ങിയിരുന്നില്ല. ധവാന് പകരം കെ.എല്‍ രാഹുലാണ് ഓപ്പണറായി ഇറങ്ങിയത്.

മത്സരത്തിന് ശേഷം വിജയമാഘോഷിക്കാന്‍ എത്തിയ താരത്തിന്റെ കയ്യില്‍ ഒരു കെട്ടുമുണ്ടായിരുന്നു. ധവാന്‍ പുറത്താകുന്നതോടെ ആരാകും പകരക്കാരന്‍ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പകരക്കാരനെ ഇനിയും ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടില്ല. അടുത്തിടെയാണ് പരിക്ക് മാറി ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

ആസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ 96 ഉം 74 ഉം റണ്‍സ് നേടിയ ധവാന്‍ ആവേശകരമായ തിരിച്ചുവരവും നടത്തിയിരുന്നു. ഓസീസ് ബോളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് ഈ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ പുറത്തെടുത്തത്. ഇപ്പോള്‍ ന്യൂസീലന്‍ഡിലുള്ള ഇന്ത്യ എ മില്‍നിന്ന് ആരെങ്കിലുമാകും ധവാന്റെ പകരക്കാരനെന്നാണ് സൂചന. മലയാളി താരം സഞ്ജു സാസണ് പുറമേ പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

വിദര്‍ഭയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ഡല്‍ഹി താരം ഇഷാന്തിന് പരിക്കേറ്റത്. വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫസലിനെതിരെ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്നതിനിടെ കണങ്കാലിനു പരുക്കേറ്റ ഇഷാന്തിനെ സ്‌ട്രെച്ചറിലാണ് കൊണ്ടുപോയത്. പ്രാഥമിക പരിശോധനയില്‍ ഇഷാന്തിന്റെ കണങ്കാലിനു പൊട്ടലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ആറ് ആഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ ഇഷാന്തിനും പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായി.

ധവാനും ഇഷാന്തും പരിക്കിന്റെ പിടിയിലായതോടെ ആശങ്കയിലാണ് ടീം ഇന്ത്യ. ജനുവരി 24 നാണ് ട്വന്റി 20 പരമ്പര ആരംഭിക്കുക. ഫെബ്രുവരി അഞ്ച് മുതലാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുക. ഫെബ്രുവരി 21നും 29നുമാണ് രണ്ട് ടെസ്റ്റുകള്‍.