LiveTV

Live

Cricket

അണ്ടര്‍ 19 ലോകകപ്പ്: വെറും അഞ്ച് ഓവര്‍ എണ്ണിത്തീരും മുമ്പേ ജയിച്ച് ഇന്ത്യ

41 റണ്‍സിന് ജപ്പാനെ പുറത്താക്കിയ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിവേഗം കളി ജയിക്കുകയും ചെയ്തു...

അണ്ടര്‍ 19 ലോകകപ്പ്: വെറും അഞ്ച് ഓവര്‍ എണ്ണിത്തീരും മുമ്പേ ജയിച്ച് ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ജയം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 90 റണ്‍സിനു തകര്‍ത്തിരുന്നു.

ഐ.സി.സി ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാനിറങ്ങിയ ജപ്പാനെ നാണം കെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ജപ്പാനെ വെറും 41 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. 22.5 ഓവറില്‍ ജപ്പാന്റെ എല്ലാവരും പുറത്തായി. പിന്നീട് അമ്പത് ഓവര്‍ മത്സരത്തില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയാകും മുമ്പേ ഇന്ത്യകളി ജയിക്കുകയും ചെയ്തു.

ഇന്ത്യയുടേയും ജപ്പാന്റേയും താരങ്ങള്‍ മത്സരശേഷം
ഇന്ത്യയുടേയും ജപ്പാന്റേയും താരങ്ങള്‍ മത്സരശേഷം

4.5 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെയാണ് ഇന്ത്യ വിജയിച്ചത്. ഓപണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (18 പന്തില്‍ 29*), കുമാര്‍ കുശാഗ്ര(11 പന്തില്‍ 13) എന്നിവര്‍ പുറത്താവാതെ നിന്നു.

ഏഴു റണ്‍സ് വീതമെടുത്ത ഷു നൊഗുച്ചിയും കെന്റോ ഒട്ട ഡൊബെലുമാണ് ജപ്പാന്റെന്റെ ടോപ്‌സ്‌കോറര്‍മാര്‍. മാക്‌സ് ക്ലെമന്റ്‌സ് അഞ്ചു റണ്‍സെടുത്തു. ജപ്പാന്റെ അഞ്ചു താരങ്ങള്‍ക്ക് ഒരു റണ്‍ പോലും നേടാനായില്ല. നാലു വിക്കറ്റെടുത്ത രവി ബിഷ്‌നോയിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ കാര്‍ത്തിക് ത്യാഗിയും ചേര്‍ന്നാണ് ജപ്പാനെ അതിവേഗം തകര്‍ത്തത്. ബിഷ്‌നോയിയാണ് കളിയിലെ താരമായത്.