LiveTV

Live

Cricket

കുഞ്ഞു മഡ്ഡക്ക് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം

കാലുകള്‍ തളര്‍ന്നിട്ടും പിച്ചില്‍ ഇഴഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന മഡ്ഡ രാം എന്ന കുട്ടിയുടെ പോരാട്ടവീര്യത്തെക്കുറിച്ച് നേരത്തെ സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു.

കുഞ്ഞു മഡ്ഡക്ക് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം

ഓര്‍മ്മയുണ്ടോ പുതുവര്‍ഷത്തിലെ സച്ചിന്റെ ട്വീറ്റ്. മഡ്ഡരാം എന്ന കുട്ടിയുടെ കളി കണ്ട് 2020 തുടങ്ങാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. കാലുകള്‍ തളര്‍ന്നിട്ടും കൂട്ടുകാര്‍ക്കൊപ്പം മനസ് തളരാതെ കളിക്കുന്ന മഡ്ഡരാമിനെ തേടി സച്ചിന്റെ സമ്മാനമെത്തിയിരിക്കുന്നു.

ബസ്തര്‍ മേഖലയിലെ റായ്പൂരുകാരനാണ് 12വയസുള്ള മഡ്ഡരാം. ക്രിക്കറ്റ് ദൈവത്തിന്റെ ഇടപെടലാണ് മഡ്ഡരാമിന്റെ ജീവിതം മാറ്റിമറിച്ചത്. കൂട്ടുകാര്‍ക്കൊപ്പം പോളിയോ ബാധിച്ച കാലുകളുടെ തളര്‍ച്ച വകവെക്കാതെ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. പന്ത് അടിച്ച ശേഷം റണ്‍സിനായി ഇഴഞ്ഞ് ഇപ്പുറമെത്തിയ മഡ്ഡരാം റണ്‍ പൂര്‍ത്തിയാക്കി സഹതാരത്തെ അഭിനന്ദിക്കാന്‍ വീണ്ടും പോവുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

‘ഇവന്റെ കളി കണ്ട് 2020 തുടങ്ങൂ’ കുഞ്ഞു മഡ്ഡയുടെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് സച്ചിന്‍
Also Read

‘ഇവന്റെ കളി കണ്ട് 2020 തുടങ്ങൂ’ കുഞ്ഞു മഡ്ഡയുടെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് സച്ചിന്‍

പുതുവര്‍ഷത്തിലാണ് മഡ്ഡരാമിന്റെ ക്രിക്കറ്റ് കളി ഏവര്‍ക്കും പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സച്ചിന്‍ ട്വീറ്റ് ചെയ്തത്. സച്ചിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട ജില്ലാ വിദ്യാഭ്യാസ വകുപ്പ് മുച്ചക്ര സൈക്കിള്‍ മഡ്ഡ രാമിന് സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ സച്ചിന്റെ സര്‍പ്രൈസ് സമ്മാനം ക്രിക്കറ്റ് കിറ്റും മഡ്ഡ രാമിനെ തേടിയെത്തിയിരിക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നാണ് മഡ്ഡരാം പ്രതികരിച്ചത്. സച്ചിനെ നേരിട്ട് കാണാനുള്ള ആഗ്രഹവും 12കാരന്‍ പങ്കുവെച്ചു. 'നിങ്ങളുടെ ആസ്വദിച്ചുള്ള ക്രിക്കറ്റ് കളി ഏറെ ഇഷ്ടപ്പെട്ടു. ആ ഇഷ്ടത്തിന് നിങ്ങള്‍ക്കുള്ള ചെറിയൊരു സമ്മാനമാണിത്. കളി തുടരൂ' എന്ന സന്ദേശവും സച്ചിന്‍ കൈമാറിയിരുന്നു.