LiveTV

Live

Cricket

‘ധോണിയെ പുറത്താക്കി ബി.സി.സി.ഐ’; നാണക്കേടെന്ന് ആരാധകര്‍

ഇതോടെ 16 വര്‍ഷം നീണ്ട ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമാകുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. 

‘ധോണിയെ പുറത്താക്കി ബി.സി.സി.ഐ’; നാണക്കേടെന്ന് ആരാധകര്‍

രണ്ടു ലോകകപ്പുകള്‍ ഇന്ത്യക്ക് സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കാനാകാതെ ആരാധകര്‍. 2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള വാര്‍ഷിക കരാറില്‍ നിന്നാണ് ധോണിയെ ബി.സി.സി.ഐ ഒഴിവാക്കിയത്. 2018 - 2019 വാര്‍ഷിക കരാറില്‍ ഗ്രേഡ് എ യുടെ ഭാഗമായിരുന്നു ധോണി. പുതിയ കരാറില്‍ A+, A, B, C പട്ടികയില്‍ ഒരിടത്തു പോലും ധോണിയെ ബി.സി.സി.ഐ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇതോടെ 16 വര്‍ഷം നീണ്ട ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമാകുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.

കരാര്‍ പുറത്തുവന്നതോടെ ബി.സി.സി.ഐക്കെതിരെ നവമാധ്യമങ്ങളില്‍ ആരാധകരുടെ രോഷപ്രകടനം ശക്തമായി. ധോണിയെ ഒഴിവാക്കിയ നടപടി നാണക്കേടാണെന്നാണ് ആരാധകരുടെ പക്ഷം. പുതിയ കരാറില്‍ നായകന്‍ വിരാട് കൊഹ്‍ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ A+ ഗ്രേഡിലാണുള്ളത്. ഇവര്‍ക്ക് ഏഴു കോടി രൂപയാണ് ലഭിക്കുക. കഴിഞ്ഞ ജൂലൈയില്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റ് പുറത്തായതിന് ശേഷം ധോണി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടില്ല. വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക പരമ്പരകളില്‍ നിന്നാണ് ധോണി വിട്ടുനിന്നത്. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജനുവരി വരെ ഇതെന്നോട് ചോദിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി.

എന്നാല്‍ 2020 ഐ.പി.എല്ലില്‍ ചെന്നൈ നിരയില്‍ താനുണ്ടാകുമെന്ന് നേരത്തെ തന്നെ ധോണി വ്യക്തമാക്കിയിരുന്നു. ആസ്‌ട്രേലിയയില്‍ ട്വന്റി 20 ലോകകപ്പ് വരാനിരിക്കേ ധോണി പട്ടികയില്‍ നിന്ന് പുറത്തായത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.