LiveTV

Live

Cricket

ധോണിയുടെ വാര്‍ഷിക കരാര്‍ ബി.സി.സി.ഐ പുതുക്കിയില്ല, ട്രന്‍ഡിംങായി #ThankYouDhoni

ധോണിക്ക് പുറമേ അമ്പാട്ടി റായിഡുവിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയുമാണ് കരാര്‍ ബി.സി.സി.ഐ പുതുക്കാതിരുന്നത്.

ധോണിയുടെ വാര്‍ഷിക കരാര്‍ ബി.സി.സി.ഐ പുതുക്കിയില്ല, ട്രന്‍ഡിംങായി #ThankYouDhoni

എം.എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കികൊണ്ട് ബി.സി.സി.ഐ. വാര്‍ഷിക കരാര്‍ പുതുക്കിയ താരങ്ങളുടെ പട്ടികയില്‍ നിന്നും ധോണിയെ ബി.സി.സി.ഐ ഒഴിവാക്കി. ഈ നീക്കത്തിന് പിന്നാലെ #ThankYouDhoni എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംങായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്റിനെതിരെ ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ മത്സരത്തിന് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. കളിയില്‍ നിന്നും സ്വയം മാറിനില്‍ക്കുന്ന ധോണിയുടെ തീരുമാനത്തിനെതിരെ പോലും വലിയ തോതില്‍ വിമര്‍ശങ്ങളുണ്ടാവുകയും വിരമിക്കല്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം.

പ്രതിവര്‍ഷം ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ പ്ലസ് വിഭാഗത്തിലെ സ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും നിലനിര്‍ത്തി. ബി ഗ്രേഡില്‍ നിന്നും കെ.എല്‍ രാഹുലിന്റെ ഗ്രേഡ് എയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ടെസ്റ്റില്‍ അരങ്ങേറ്റ വര്‍ഷത്തില്‍ ഉജ്ജ്വല പ്രകടനം നടത്തിയ മായങ്ക് അഗര്‍വാളിനെ ബി ഗ്രേഡിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്ക് വലച്ച ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചാഹലും ബി ഗ്രേഡ് താരങ്ങളാണ്. ധോണിക്ക് പുറമേ അമ്പാട്ടി റായിഡുവിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയുമാണ് കരാര്‍ ബി.സി.സി.ഐ പുതുക്കാതിരുന്നത്.

ബി.സി.സി.ഐയുമായി വാര്‍ഷിക കരാര്‍ ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍

എപ്ലസ്: കോലി, രോഹിത്ത്, ബുംറ

എ: അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, പുജാര, രഹാനെ, കെ.എല്‍ രാഹുല്‍, ധവാന്‍, ഷമി, ഇശാന്ത്, കുല്‍ദീപ്, പന്ത്.

ബി: സാഹ, ഉമേഷ് യാദവ്, ചാഹല്‍, ഹാര്‍ദിക്, മായങ്ക്.

സി: കേദാര്‍ ജാദവ്, സെയ്‌നി, ദീപക് ചഹാര്‍, മനീഷ് പാണ്ഡെ, വിഹാരി, ശാര്‍ദൂല്‍, ശ്രേയസ്, വാഷിംങ്ടണ്‍ സുന്ദര്‍.