LiveTV

Live

Cricket

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കി: ബി.സി.സി.ഐക്ക് ആരാധകരുടെ പൊങ്കാല

ഒരു താരത്തിന്റെ ക്ഷമ എത്രത്തോളം പരീക്ഷിക്കാമോ അത്രയും കാത്തിരിപ്പ് നല്‍കിയതിന് ശേഷമായിരുന്നു സഞ്ജുവിനെ കളത്തിലിറക്കിയത്.

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കി: ബി.സി.സി.ഐക്ക് ആരാധകരുടെ പൊങ്കാല

ട്വന്റി 20 ലോകകപ്പിലേക്ക് ഇനി അധികം ദൂരമില്ല. ഏതാനും മാസങ്ങള്‍ മാത്രം. ഇതിനിടെയാണ് മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ന്യൂസിന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ നിന്നാണ് സഞ്ജുവിനെ ഒഴിവാക്കിയത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജുവിന് ദേശീയ ടീമിലേക്ക് വിളി വന്നത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു ട്വന്റി 20 പരമ്പരകളിലും ടീമിലുണ്ടായിരുന്നു സഞ്ജു. പക്ഷേ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാനായത്.

ഒരു താരത്തിന്റെ ക്ഷമ എത്രത്തോളം പരീക്ഷിക്കാമോ അത്രയും കാത്തിരിപ്പ് നല്‍കിയതിന് ശേഷമായിരുന്നു സഞ്ജുവിനെ കളത്തിലിറക്കിയത്. ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ച് സഞ്ജു കാത്തിരിപ്പിന് അന്ത്യം കുറിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ കുത്തിതിരിഞ്ഞ് വന്ന ഗൂഗ്ലി മനസിലാക്കാന്‍ സഞ്ജുവിനായില്ല. ഓഫ് സൈഡില്‍ കുത്തിയ പന്ത് നേരെ ഉള്ളിലേക്ക് തിരിയുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് മനസിലായതോടെ ഇരുത്തം വന്ന താരത്തെ പോലെ സഞ്ജു അപ്പീലിന് പോലും കാത്തുനില്‍ക്കാതെ തിരിഞ്ഞു നടന്നു.

വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ശ്രീലങ്കക്കെതിരെ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. എന്നിട്ടും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് സഞ്ജു തഴയപ്പെട്ടതില്‍ ബി.സി.സി.ഐക്കെതിരെ പ്രതിഷേധിക്കുകയാണ് ആരാധകര്‍. ഇത്രയും മത്സരങ്ങളില്‍ കാത്തിരിപ്പ് വിധിച്ചതിന് ശേഷം, പേരിന് ഒരു മത്സരത്തില്‍ കളിപ്പിച്ച് സഞ്ജുവിനെ പുറത്താക്കിയതില്‍ ബി.സി.സി.ഐക്കെതിരെ ആരാധകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.

2015 ല്‍ ഇന്ത്യക്കുവേണ്ടി 21ാം വയസില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സഞ്ജു സാംസണ്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടും നീല ജേഴ്‌സിയിലെത്തിയത്. വെറും രണ്ട് പന്ത് മാത്രം നീണ്ടതാണെങ്കിലും ആവേശവും നിരാശയും ഒടുവില്‍ ഇരുത്തംവന്ന തീരുമാനവുമെല്ലാം അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഏതായാലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ വിശ്രമത്തിലായിരുന്ന ഓപ്പണർ രോഹിത് ശർമയുടെ തിരിച്ചുവരവാണ് സഞ്ജുവിന്റെ പുറത്താകലിനു കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം.