വിജയാഘോഷങ്ങള്‍ക്ക് കാത്തു നില്കാതെ സഞ്ജു എവിടെ പോയി?
വിജയാഘോഷങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സഞ്ജു സാംസണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്നു...

ശ്രീലങ്കക്കെതിരായ ടി20 പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിലെ ഏകമലയാളി സാന്നിധ്യം സഞ്ജു സാസനാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാകുന്നത്. ടീം ഇന്ത്യയുടെ ചാമ്പ്യന്‍ ചിത്രത്തില്‍ സഞ്ജു ഒഴികെ 14 പേരുമുണ്ട്. ഈ നിമിഷം നഷ്ടപ്പെടുത്തി എങ്ങോട്ടായിരിക്കും സഞ്ജു പോയിരിക്കുക എന്ന തോന്നലാണ് ആദ്യം ഉയരുക.
ടീമിലെ ഇളമുറക്കാരാണ് സാധാരണ ട്രോഫി ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാറ്. ധോണിയുടെ കാലത്ത് തുടങ്ങിയ ഈ രീതിക്ക് കോലിയുഗത്തിലും മാറ്റമില്ല. ആ നിലക്ക് നോക്കുമ്പോള്‍ ട്രോഫി ഉയര്ത്തേണ്ടയാള് സഞ്ജുവായിരുന്നു. സത്യത്തില്‍ അങ്ങനെയൊരു അവസരം സഞ്ജു പൂര്‍ണ്ണമായും ഒഴിവാക്കിയുമില്ല. ബി.സി.സി.ഐ പങ്കുവെച്ച ഇന്ത്യയുടെ വിജയാഘോഷ ചിത്രത്തില്‍ സഞ്ജു തന്നെയാണ് ട്രോഫി ഉയര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ മറ്റൊരു ചിത്രത്തില്‍ സഞ്ജുവില്ല താനും. വിജയാഘോഷങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സഞ്ജു സാംസണ് ഹോട്ടലിലേക്ക് പോയതാണ് ഈ അസാന്നിധ്യത്തിന് കാരണമായത്. ന്യൂസിലന്റ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ സഞ്ജു അംഗമാണ്. ന്യൂസിലന്റിലേക്ക് ഇന്ത്യ എ ടീം യാത്ര തിരിക്കുന്നത് മൂന്നാം ടി20ക്ക് ശേഷം മണിക്കൂറുകള്‍ക്കകമായിരുന്നു. അതുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ സഞ്ജു തിരക്കിട്ട് പോയത്.
ഇക്കാര്യം സഞ്ജുവിനൊപ്പം ടി20 ടീമിലും ഇന്ത്യ എ ടീമിലും അംഗമായ മായങ്ക് അഗര്‍വാള്‍ ഒരു ചിത്രം പങ്കുവെച്ചതോടെയാണ് മനസിലായത്. അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം സഞ്ജുവും മായങ്കും കൂടെ വിമാനത്തില്‍ നില്ക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് നാലുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനായത്. വണ്‍ ഡൗണായി പ്രമോഷന് കിട്ടിയ സഞ്ജു ആദ്യ പന്ത് സിക്സറടിച്ചതോടെ വന്‍ പ്രതീക്ഷയായി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ടി20 സ്റ്റൈലില്‍ പുറത്തായി സഞ്ജുതന്നെ ആ പ്രതീക്ഷകള്‍ കെടുത്തി. ഇനി ഇന്ത്യ എ ടീമിനു വേണ്ടിയും ഐ.പി.എല്ലിലുമുള്ള സഞ്ജുവിന്റെ പ്രകടനമായിരിക്കും ടീമിലേക്കെത്താന്‍ നിര്‍ണ്ണായകമാവുക.