കേരളത്തിന് ലീഡ്, രണ്ടാം ഇന്നിംങ്സിലും ബാറ്റിംങ് തകര്‍ച്ച
ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ ഏഴ് വിക്കറ്റ് വീഴ്ത്തിയ എം.ഡി നിധീഷാണ് തകര്‍ത്തത്..

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംങ്സില്‍ തകരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംങ്സില്‍ അഞ്ചു വിക്കറ്റിന് 88 റണ്‍സെന്ന നിലയിലാണ്.
12 ഓവറില്‍ 27 റണ്‍ മാത്രം വഴങ്ങി നാല് കേരള താരങ്ങളെ പുറത്താക്കിയ ഓള് റൗണ്ടര്‍ ഗുര്‍കീരത് മാനാണ് കേരളത്തെ തകര്‍ത്തത്. രണ്ടാം ഇന്നിംങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപണറായിറങ്ങിയ റോബിന് ഉത്തപ്പയെ പുറത്താക്കി വിനയ് ചൗധരി കേരളത്തെ ഞെട്ടിച്ചിരുന്നു.
രോഹന് പ്രേം (17), സച്ചിന് ബേബി (10), വിഷ്ണു വിനോദ് (8) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അക്ഷയ് ചന്ദ്രന്(31) മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന് (8), സല്മാന് നിസാര്‍ (7) എന്നിവരാണ് ക്രീസില്‍. രണ്ട് ദിവസം കൂടി ശേഷിക്കെ മത്സരത്തിന് ഫലമുണ്ടാകുമെന്ന് ഉറപ്പാണ്.
ആദ്യ ഇന്നിംഗ്സില്‍ കേരളത്തെ രക്ഷിച്ചത് 91 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സല്മാന് നിസാറും 48 റണ്‍സെടുത്ത റോബിന് ഉത്തപ്പയുമായിരുന്നു. അക്ഷയ് ചന്ദ്രന് (28), വിഷ്ണു വിനോദ് (20), സിജോമോന്‍ ജോസഫ് (10) എന്നിവരാണ് ആദ്യ ഇന്നിംഗ്സില്‍ കേരളത്തിനായി ഇരട്ടയക്കം കടന്ന മറ്റു താരങ്ങള്‍. പഞ്ചാബിനായി സിദ്ധാര്‍ത്ഥ് കൗള്‍, ബാല്‍തേജ് സിംഗ്, വിനയ് ചൗധരി എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ ഏഴ് വിക്കറ്റ് വീഴ്ത്തിയ എം.ഡി നിധീഷാണ് തകര്‍ത്തത്. നിധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 65.4 ഓവറില്‍ പഞ്ചാബ് 218 റണ്‍സിന് പുറത്തായതോടെ കേരളം ഒമ്പത് റണ്‍ ലീഡ് നേടുകയായിരുന്നു. ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്ദീപ് വാര്യര്‍ക്ക് പകരമാണ് നിധീഷ് ടീമിലെത്തിയത്.
71 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മന്ദീപ് സിംഗാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറര്‍. ഒമ്പതാം വിക്കറ്റില്‍ സിദ്ധാര്‍ഥ് കൗളുമായി ചേര്‍ന്ന് മന്ദീപ് സിംങ് നേടിയ 48റണ്‍സാണ് കേരളത്തിന്റെ ലീഡ് കുറച്ചത്. ഗുര്‍കീരത് മാന്‍ 37 പന്തില്‍ 37 റണ്‍സെടുത്തു.