LiveTV

Live

Cricket

പുജാരക്ക് സെഞ്ചുറിയില്‍ അര്‍ധസെഞ്ചുറി

ഈ നേട്ടം കൈവരിച്ച സജീവ ക്രിക്കറ്റില്‍ തുടരുന്നവരില്‍ പ്രായം കുറഞ്ഞയാളാണ് ചേതേശ്വര്‍ പുജാര...

പുജാരക്ക് സെഞ്ചുറിയില്‍ അര്‍ധസെഞ്ചുറി

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ചുറി പൂര്‍ത്തിയാക്കി ചേതേശ്വര്‍ പുജാര. കര്‍ണ്ണാടകക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് സൗരാഷ്ട്ര താരമായ പുജാര(162) അമ്പതാം സെഞ്ചുറി നേടിയത്. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ് പുജാര.

അന്താരാഷ്ട്ര തലത്തില്‍ തന്നെ അമ്പത് ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയ നിലവില്‍ കളി തുടരുന്ന താരങ്ങളില്‍ അഞ്ചാമതാണ് പുജാര. അലസ്റ്റിര്‍ കുക്ക്(65), ഇയാന്‍ ബെല്‍(57), ഹാഷിം അംല(52), വസിം ജാഫര്‍(57) എന്നിവരാണ് പുജാരക്ക് മുമ്പേ ഈ നേട്ടം കൈവരിച്ചവര്‍. സജീവമായി ക്രിക്കറ്റില്‍ തുടരുന്ന ഈ താരങ്ങളില്‍ 31കാരനായ പുജാരയാണ് ഏറ്റവും പ്രായം കുറഞ്ഞയാളെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയതിന്റെ റെക്കോഡ് ഗവാസ്‌കറും സച്ചിനുമാണ്(ഇരുവരും 81) പങ്കിടുന്നത്. രണ്ടാമതുള്ള ദ്രാവിഡി(68)ന് 13 സെഞ്ചുറികള്‍ കുറവാണ്. വിജയ് ഹസാരെ(60), വസിം ജാഫര്‍(57), ദിലീപ് വെങ്‌സര്‍ക്കാര്‍(55),വി.വി.എസ് ലക്ഷ്മണ്‍(55), അസ്ഹറുദീന്‍(54) എന്നിവരാണ് ഇന്ത്യന്‍ പട്ടികയില്‍ പുജാരക്ക് മുന്നിലുള്ളത്.

ഏറെക്കാലത്തെ കഠിനാധ്വാനം തന്റെ ഈ നേട്ടത്തിന് പിന്നിലുണ്ടെന്നാണ് പുജാര പ്രതികരിച്ചത്. ടെസ്റ്റിലും ഫസ്റ്റ്ക്ലാസിലും ഇനിയുംദീര്‍ഘകാലം കളിക്കാനാകുമെന്ന ആത്മവിശ്വാസവും പുജാര പ്രകടിപ്പിച്ചു. സാധാരണഗതിയില്‍ നേട്ടങ്ങളുടെ കണക്കുകള്‍ നോക്കാറില്ലെങ്കിലും ഇത്തരം നാഴികക്കല്ലുകള്‍ അഭിമാനിക്കാവുന്നതാണെന്നും പുജാര പറഞ്ഞു.