LiveTV

Live

Cricket

ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 78 റണ്‍ ജയം, ടി20 പരമ്പര

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ശാര്‍ദൂല്‍ താക്കൂര്‍ കളിയിലെ താരമായപ്പോള്‍ നവ്ദീപ് സെയ്‌നി പരമ്പരയിലെ താരമായി...

ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 78 റണ്‍ ജയം, ടി20 പരമ്പര

പൂനെയില്‍ നടന്ന മൂന്നാം ടി20യില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 78 റണ്‍സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 123ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സെയ്‌നി മൂന്ന് വിക്കറ്റു വീഴ്ത്തിയപ്പോള്‍ ഓപണര്‍മാരായ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും അര്‍ധ സെഞ്ചുറി നേടി.

സ്‌കോര്‍

ഇന്ത്യ 201/6(20 ഓവര്‍)

ശ്രീലങ്ക 123(15.5/20ഓവര്‍)

ശ്രീലങ്കയുടെ ബാറ്റിംങ് നിരക്ക് കയ്യെത്താ ദൂരത്തായിരുന്നു ഇന്ത്യ കുറിച്ച 202 റണ്‍സ് എന്ന വിജയലക്ഷ്യം. ഏഞ്ചലോ മാത്യൂസും(20 പന്തില്‍ 31 റണ്‍) ധനന്‍ജയ ഡി സില്‍വയും(36 പന്തില്‍ 57) മാത്രമായിരുന്നു ലങ്കന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതി നോക്കിയത്. മറ്റൊരു ലങ്കന്‍ ബാറ്റ്‌സ്മാനും രണ്ടക്കം കാണാനായില്ല.

സുവര്‍ണാവസരം കളഞ്ഞു കുളിച്ച് സഞ്ജു
Also Read

സുവര്‍ണാവസരം കളഞ്ഞു കുളിച്ച് സഞ്ജു

സെയ്‌നി മൂന്നു വിക്കറ്റും ശാര്‍ദൂല്‍ താക്കൂറും വാഷിംങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ഓവറില്‍ വെറും അഞ്ച് റണ്‍ മാത്രം വിട്ടുകൊടുത്താണ് ബുംറ ഒരു വിക്കറ്റ് നേടിയത്. ഇതില്‍ ഒരു ഓവര്‍ മെയ്ഡ് ഇനുമായിരുന്നു.

നേരത്തെ പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തു. ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായ കെ.എല്‍ രാഹുലും(54) ശിഖര്‍ ധവാനും(52) അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി.

രണ്ട് തവണ താളം തെറ്റിയിട്ടും ബാറ്റിംങ് നിരയുടെ ആഴം വെളിപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഓപണര്‍മാര്‍ മത്സരിച്ച് ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഓപണിംങ് വിക്കറ്റില്‍ നേടിയത് 65 പന്തില്‍ 97 റണ്‍. അര്‍ധസെഞ്ചുറിക്ക് പിന്നാലെ ധവാന്‍(36 പന്തില്‍ 52) പുറത്തായതോടെ അപ്രതീക്ഷിതമായി സഞ്ജു വണ്‍ഡൗണായി എത്തി.

ആദ്യ പന്ത് സിക്‌സറടിച്ച് ക്യാപ്റ്റന്‍ കോലിയെ പോലും ആവേശത്തിലാക്കിയ സഞ്ജു ഇന്ന് എന്തെങ്കിലും ചെയ്യുമെന്ന് ആരാധകര്‍ കൊതിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ഡിസില്‍വയുടെ ഗൂഗ്ലിക്ക് മുന്നില്‍ എല്‍.ബിയായി സഞ്ജു പുറത്തായപ്പോള്‍ തലയില്‍കൈവച്ചുപോയി. അപ്പോഴും അനാവശ്യമായി റിവ്യു ചെയ്യാതിരിക്കാനുള്ള പക്വത കാണിച്ചാണ് സഞ്ജു ഡ്രസിംങ് റൂമിലേക്ക് നടന്നത്.

സഞ്ജുവിന് പിന്നാലെ കെ.എല്‍ രാഹുലും(36 പന്തില്‍ 54) ശ്രേയസ് അയ്യരും(2 പന്തില്‍ 4) പുറത്തായി. കോലിയും പാണ്ഡെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംങ്‌സ് മുന്നോട്ടു നയിക്കവേ 18ആം ഓവറില്‍ ക്യാപ്റ്റന്‍ വീണു. 17 പന്തില്‍ 26 റണ്‍സ് അടിച്ച കോലി റണ്‍ ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളില്‍ ശാര്‍ദൂല്‍ താക്കൂറിന്റെ(8 പന്തില്‍ 22) വെടിക്കെട്ടും മനീഷ് പാണ്ഡെയുടെ(18 പന്തില്‍ 31) കണക്കുകൂട്ടിയുള്ള ഇന്നിംങ്‌സും കൂടിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 201ലെത്തി.

സ്പിന്നര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ശ്രീലങ്കക്കുവേണ്ടി സന്‍കടന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ഡിസില്‍വ നാല് ഓവറില്‍ 27 റണ്‍ മാത്രം വിട്ടുകൊടുത്ത് സഞ്ജുവിനെ പുറത്താക്കി.