ക്രിക്കറ്റ് നിയമങ്ങളെ പരീക്ഷിച്ച ക്യാച്ച്
രണ്ട് ഫീല്‍ഡര്‍മാര്‍ ചേര്‍ന്ന് ബൗണ്ടറി ലൈനിനോട് ചേര്‍ന്നെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് പണ്ഡിതരെ വരെ കുഴക്കിയത്

കുട്ടിക്രിക്കറ്റ് വ്യാപകമായതോടെ വായുവില്‍ പറന്നും ബൗണ്ടറിയുടെ പരിധി കടന്നും ഒന്നിലേറെ ഫീല്‍ഡര്‍മാര്‍ ചേര്‍ന്നുമുള്ള ക്യാച്ചുകള്‍ ക്രിക്കറ്റില്‍ സാധാരണയായി. അത്തരം രണ്ട് ഫീല്‍ഡര്‍മാര്‍ ചേര്‍ന്ന് ബൗണ്ടറി ലൈനിനോട് ചേര്‍ന്നെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് പണ്ഡിതരെ വരെ കുഴക്കിയത്. ആസ്ട്രേലിയയിലെ ടി20 ലീഗായ ബി.ബി.എല്ലിലായിരുന്നു ഈ പറക്കുംക്യാച്ച് പിറന്നത്.
ഹോബര്‍ട്ട് ഹരിക്കെയിന്സും ബ്രിസ്ബെയ്ന്‍ ഹീറ്റും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ക്യാച്ച്. ഹോബര്‍ട്ട് ക്യാപ്റ്റന്‍ മാത്യു വെയ്ഡ് 61 റണ്‍സിലെത്തി നില്‍ക്കെ ലോങ് ഓണിന് മുകൡലൂടെ ഉയര്‍ത്തിയടിച്ചു. ബ്രിസ്ബെയിന്റെ മാറ്റ് റെന്‍ഷോയായിരുന്നു ബൗണ്ടറി ലൈനിലെ ഫീല്‍ഡര്‍.
ബൗണ്ടറിക്ക് മുകളിലൂടെ പോയ പന്ത് റെന്‍ഷോ ചാടിയുയര്‍ന്ന് ഉള്ളിലേക്ക് തട്ടിയിടാന്‍ ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് നഷ്ടമായ റെന്‍ഷോ ബൗണ്ടറിവരക്ക് പുറത്തേക്ക് പോവുകയും ചെയ്തു. പന്ത് ഒരിക്കല്‍ കൂടി വായുവില്‍ ചാടി ബൗണ്ടറിക്കുള്ളിലേക്ക് തട്ടിയിട്ടു. അപ്പോഴേക്കും സഹഫീല്ഡര് ടോണ്‍ ബാന്റണ് ഓടിയെത്തി പന്ത് നിലംതൊടാതെ പിടിക്കുകയും ചെയ്തു.
മിനുറ്റുകള്‍ നീണ്ട വീഡിയോ റിവ്യൂവിനൊടുവില് മൂന്നാം അമ്പയര്‍ വെയ്ഡ് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. അപ്പോഴേക്കും വെയ്ഡ് പവലിയനിലെത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ബൗണ്ടറിക്കുള്ളില്‍ നിന്നും തട്ടിയ പന്ത് ബൗണ്ടറിക്ക് പുറത്തേക്ക് കാലുകുത്തിയ ശേഷം വീണ്ടും തട്ടിയാല്‍ പുറത്തായതായി കണക്കാക്കുമോ എന്നതായിരുന്നു പ്രധാന സംശയം. ബൗണ്ടറിക്ക് പുറത്തു നില്ക്കുന്നയാള് ചാടിയുയര്‍ന്ന് പന്ത് പിടിച്ചാല്‍ ഔട്ടായി കണക്കാക്കില്ല. ഇതേ നിയമം ഈ അവസരത്തിലും ബാധകമാണോ എന്നതായിരുന്നു പ്രധാന സംശയം.
ഒടുവില്‍ ക്രിക്കറ്റ് നിയമത്തിന്റെ 19.5 ഭാഗം പരിശോധിച്ച് അത് ഔട്ടാണെന്ന് വിധിച്ചിരിക്കുകയാണ് പണ്ഡിതര്‍. 2017ല്‍ ക്രിക്കറ്റ് നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് പുറത്താകലിലേക്ക് വഴിവെച്ചത്. വായുവില്‍ ഫീല്‍ഡര്‍മാര്‍ പന്ത് തട്ടുന്നതിനെക്കുറിച്ചാണ് ഈ വകുപ്പ് പറയുന്നത്.
ഫീല്‍ഡര്‍ ആദ്യമായി പന്ത് തൊടുന്ന നിമിഷമാണ് പ്രധാനമെന്ന് നിയമം പറയുന്നു. ആദ്യമായി ഫീല്‍ഡര്‍ പന്തില്‍ തൊടുന്ന സമയത്ത് ബൗണ്ടറിക്ക് പുറത്തുള്ള എന്തെങ്കിലും വസ്തുവായോ മറ്റൊരു ഫീല്‍ഡറായി പോലുമോ ബന്ധം പാടില്ലെന്നാണ് നിയമം പറയുന്നത്. രണ്ടാം തവണ ഫീല്‍ഡര്‍ പന്ത് തട്ടിയപ്പോള്‍ വായുവിലായിരുന്നുവെന്നതും വെയ്ഡിന്റെ ഔട്ട് നിയമപരമാക്കുന്നു.
വെയ്ഡ് പുറത്തായതോടെ താളം തെറ്റിയ ഹരിക്കെയിന്‍സ് 9ന് 126ല്‍ ഒതുങ്ങി. ബ്രിസ്ബെയ്ന്‍ ഹീറ്റാകട്ടെ ഈ വിജയലക്ഷ്യം 10 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയും ചെയ്തു.