‘സ്വിങ് നഷ്ടമായെന്ന ആരോപണം ടീമിലെടുക്കാതിരിക്കാനുള്ള കാരണം മാത്രം’ ഇര്ഫാന് പത്താന്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല താരങ്ങളും അരങ്ങേറുന്ന പ്രായത്തില്‍, 27ാം വയസിലാണ് ഇര്ഫാന് പത്താന് തന്റെ അവസാന അന്താരാഷ്ട്ര മത്സരം ഇന്ത്യക്കായി കളിച്ചത്.

തനിക്ക് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് നഷ്ടമായെന്ന ആരോപണം ടീമിലെടുക്കാതിരിക്കാനുള്ള ഒഴിവു കഴിവായിരുന്നുവെന്ന് ഇര്ഫാന് പത്താന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 35ആം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്താന് തന്നെ ടീമില്‍ നിന്നും പുറത്താക്കിയതിന് പിന്നിലെ പല കാരണങ്ങളെക്കുറിച്ചും തുറന്നടിക്കുന്നത്. ചാപ്പലായിരുന്നു തന്നെ പുറത്താക്കിയതെന്ന് പറയുന്നവര്‍ മറ്റുപലതും മറച്ചുവെക്കാനാണ് അങ്ങനെ പറയുന്നതെന്നാണ് പത്താന് ആരോപിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല താരങ്ങളും അരങ്ങേറുന്ന പ്രായത്തില്‍, 27ാം വയസിലാണ് ഇര്ഫാന് പത്താന് തന്റെ അവസാന അന്താരാഷ്ട്ര മത്സരം ഇന്ത്യക്കായി കളിച്ചത്. അതിനകം തന്നെ 29 ടെസ്റ്റുകളില്‍ നിന്നും 100 വിക്കറ്റും 1105 റണ്‍സും 120 ഏകദിനങ്ങളില്‍ നിന്നും 173 വിക്കറ്റും 1544 റണ്‍സും പത്താന് നേടിയിരുന്നു. ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരുന്ന 2005 മുതല്‍ 2007 വരെയുള്ള കാലമാണ് ഇര്ഫാന് പത്താന് അടക്കമുള്ള പല ഇന്ത്യന്‍ താരങ്ങളുടേയും തലവര മാറ്റിയത്.
ചാപ്പലാണ് ഇര്ഫാന് പത്താന് കൂടുതല്‍ ബാറ്റിംങ് ഉത്തരവാദിത്വങ്ങള്‍ നല്‍കിയത്. ടെസ്റ്റില്‍ ശ്രീലങ്കക്കും പാകിസ്താനുമെതിരായ നാല് ഇന്നിംങ്സിനിടെ മൂന്ന് തവണ 80 റണ്‍സിലേറെ നേടി പത്താന് ഞെട്ടിക്കുകയും ചെയ്തു. പിന്നീട് വേഗം പോരെന്നും സ്വിങ് നഷ്ടമായെന്നുമൊക്കെ പറഞ്ഞാണ് ഇര്ഫാന് പത്താനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.
തനിക്ക് സ്വിങ് നഷ്ടപ്പെട്ടുവെന്ന് പറയുന്നവര്‍ ആര്‍ക്കും ആദ്യ പത്ത് ഓവറില്‍ ലഭിച്ചിരുന്ന സ്വിങ് പിന്നീട് ലഭിക്കില്ലെന്ന് മനസിലാക്കണമെന്നും ഇര്ഫാന് ഓര്‍മ്മിപ്പിക്കുന്നു. 2008ല്‍ ശ്രീലങ്കക്കെതിരെ കളി ജയിച്ച ശേഷമാണ് ഇര്ഫാന് പത്താനെ ടീമില്‍ നിന്നും പുറത്താക്കിയത്. ആരെയെങ്കിലും ജയിച്ച ശേഷവും ടീമില്‍ നിന്നും പ്രത്യേകിച്ച് കാരണമില്ലാതെ ഒഴിവാക്കിയ ചരിത്രമുണ്ടോയെന്നും പത്താന് പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.
അതേസമയം മുന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡിനേയും അനില്‍ കുംബ്ലെയേയും പ്രശംസിക്കാനും പത്താന് മറന്നില്ല. ഇന്ത്യന്‍ ടീമില്‍ ആദ്യമായി അവസരം ലഭിച്ചിരുന്ന കാലത്ത് തനിക്ക് ആദ്യ ഓവറുകളില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് ഗാംഗുലി തിരിച്ചറിഞ്ഞിരുന്നുവെന്നും ആസ്ട്രേലിയക്കെതിരായ മത്സരങ്ങളില്‍ ആത്മവിശ്വാസം നല്‍കിയത് ഗാംഗുലിയായിരുന്നുവെന്നും പത്താന് പറയുന്നു. അതായിരുന്നു തന്റെ കരിയറിന്റെ തുടക്കമെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
ബാറ്റിംങില്‍ തന്റെ ശേഷി ഉപയോഗപ്പെടുത്തിയത് ദ്രാവിഡാണ്. കുംബ്ലെയേയും സച്ചിനേയും പോലുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും പത്താന് പറയുന്നു.