LiveTV

Live

Cricket

6,6,6,6,6,6... ഒരോവറില്‍ ആറ് സിക്സര്‍; ഇത് കിവീസ് താരത്തിന്റെ വെടിക്കെട്ട്

കാന്റർബറിക്ക് വേണ്ടി കളിക്കുന്ന കാർട്ടർ നോർത്തേൺ നൈറ്റ്സ് ബോളർ ആന്റൺ ഡേവിച്ച് എറിഞ്ഞ 16 മത്തെ ഓവറിലാണ് ആറ് സിക്സറുകള്‍ പറത്തിയത്.  

6,6,6,6,6,6... ഒരോവറില്‍ ആറ് സിക്സര്‍; ഇത് കിവീസ് താരത്തിന്റെ വെടിക്കെട്ട്

ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ ആറ് സിക്സര്‍ നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനായി ന്യൂസിലൻഡ് ബാറ്റ്സ്മാൻ ലിയോ കാർട്ടർ. ന്യൂസിലാൻഡിന്റെ ആഭ്യന്തര ട്വന്റി 20 ടൂർണമെന്റ് സൂപ്പർ സ്മാഷിലാണ് കാര്‍ട്ടറിന്റെ ഈ വെടിക്കെട്ട് പ്രകടനം. കാന്റർബറിയുടെ താരമായ കാർട്ടർ നോർത്തേൺ നൈറ്റ്സ് ബോളർ ആന്റൺ ഡേവിച്ച് എറിഞ്ഞ 16 മത്തെ ഓവറിലാണ് ആറ് സിക്സറുകള്‍ പറത്തിയത്.

29 പന്തിൽ നിന്ന് 70 റൺസ് അടിച്ചുകൂട്ടിയ കാര്‍ട്ടറിന്റെ മികവില്‍ കാന്റർബറി വിജയലക്ഷ്യമായ 220 റൺസ് പിന്തുടർന്ന് ഏഴ് വിക്കറ്റ് വിജയം പിടിച്ചടക്കുകയും ചെയ്തു. ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇൻഡീസ്), രവി ശാസ്ത്രി (ഇന്ത്യ), ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക), യുവരാജ് സിങ് (ഇന്ത്യ), റോസ് വൈറ്റ്‌ലി (ഇംഗ്ലണ്ട്), ഹസ്രത്തുല്ല സസായ് (അഫ്ഗാനിസ്ഥാൻ) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബാറ്റ്സ്മാൻമാർ.

ട്വന്റി 20 ക്രിക്കറ്റില്‍ യുവരാജ്, വൈറ്റ്‌ലി, സസായ് എന്നിവർക്ക് ശേഷം ഈ നാഴികക്കല്ല് പിന്നിട്ട നാലാമത്തെ ബാറ്റ്സ്മാനാണ് കാർട്ടർ. ഇതേസമയം, അന്താരാഷ്ട്ര ട്വന്റി 20 യിൽ ഒരോവറില്‍ ആറ് സിക്സറുകള്‍ പറത്തിയ ഏക ബാറ്റ്സ്മാനാണ് യുവരാജ്. 2007 ൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ലോകകപ്പിലായിരുന്നു യുവിയുടെ വെടിക്കെട്ട്.