ഇന്ത്യക്കിത് 20-20 വര്‍ഷം, ആദ്യ കളി ഇന്ന് ശ്രീലങ്കക്കെതിരെ
ഒക്ടോബറിന് മുമ്പ് 15 ടി20കളില്‍ ഇന്ത്യ കളിക്കും. ശ്രീലങ്കക്കെതിരായ ഗുവാഹത്തിയിലെ ഇന്നത്തെ മത്സരം പൗരത്വ പ്രക്ഷോഭങ്ങളുടെ നിഴലില്‍ കനത്ത സുരക്ഷയിലാണ് നടക്കുക...

ഒക്ടോബറിലെ ലോകകപ്പ് കണക്കാക്കി ഇന്ത്യ 2020ല്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കും. പതിനഞ്ച് അന്താരാഷ്ട്ര ടി20 മത്സരങ്ങളാണ് ഇന്ത്യ ലോകകപ്പിന് മുമ്പ് കളിക്കുക. ഈ നിരയിലെ ആദ്യ കളിക്ക് ഇന്ത്യ ശ്രീലങ്കക്കെതിരെ ഇന്നിറങ്ങും. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഗുവാഹത്തിയില്‍ മത്സരം നടക്കുക.
പരിക്ക് മാറി ബുംറയും ധവാനും എത്തുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ടെങ്കിലും കളിക്കാനാവുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ബംഗ്ലാദേശിനും വിന്‍ഡീസിനുമെതിരായ ടി20 ടീമില്‍ സഞ്ജുവുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അസമില്‍ കലാപ ഭീഷണി നിലനില്‍ക്കുന്നത് ബി.സി.സി.ഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. കനത്ത സുരക്ഷയാണ് ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് പേഴ്സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമെ അനുവദിക്കൂ. പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു.
ആസ്ട്രേലിയയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് ലങ്ക ഇന്ത്യയിലെത്തുന്നത്. ബാറ്റ്സ്മാന്മാര് ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നതാണ് മലിംഗ നയിക്കുന്ന ലങ്കന്‍ ടീമിന്റെ പ്രധാന പോരായ്മ. രാത്രി എഴിന് നടക്കുന്ന മത്സരം സ്റ്റാര്‍സ്പോര്‍ട്സില്‍ തല്‍സമയം കാണാനാകും. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്ക പരമ്പരയിലുള്ളത്.