LiveTV

Live

Cricket

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ധോണി

ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി ഇത്രയേറെ നേട്ടങ്ങള്‍ നേടിതന്ന മറ്റൊരു കളിക്കാരനില്ല. ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍, കീപ്പര്‍ എന്നിങ്ങനെ പകരം വെക്കാനില്ലാത്ത പാക്കേജായിരുന്നു ടീം ഇന്ത്യക്ക് എം.എസ്...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ധോണി

ആരും ആഗ്രഹിക്കാത്ത ആദ്യ മത്സരവും എല്ലാവരും സ്വപ്‌നം കാണുന്ന കരിയറുമാണ് എം.എസ് ധോണിയുടേത്. ഇന്ത്യക്കുവേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായ ധോണിക്ക് കീഴില്‍ ഇന്ത്യ പിന്നീട് നേടിയത് രണ്ട് ലോകകിരീടങ്ങള്‍. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണി ഇന്ത്യക്കുവേണ്ടി കളിച്ചു തുടങ്ങിയിട്ട് 15 വര്‍ഷം പൂര്‍ത്തിയായി.

ആരാധകരും എതിരാളികളും ഈ അവസരത്തില്‍ ധോണിയെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. 2004 ഡിസംബര്‍ 23ന് സൗരവ് ഗാംഗുലിക്ക് കീഴിലായിരുന്നു ധോണി ആദ്യ ഏകദിനം കളിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ റണ്‍ ഔട്ടായി നിരാശയോടെ മടക്കം. തുടര്‍ന്നുള്ള മൂന്ന് കളികളില്‍ നിന്നും 19 റണ്‍ മാത്രമായിരുന്നു ധോണിക്ക് എടുക്കാനായത്. എന്നാല്‍ പിന്നീടുള്ള പാകിസ്താന്‍ പരമ്പരയിലും ധോണിയെ നിലനിര്‍ത്താന്‍ ഗാംഗുലിയും സെലക്ടര്‍മാരും എടുത്ത തീരുമാനം നിര്‍ണ്ണായകമായി.

വിശാഖപട്ടണത്ത് പാകിസ്താനെതിരെ ഗാംഗുലി മൂന്നാം നമ്പറില്‍ ഇറക്കിയ ധോണി 123 പന്തില്‍ 148 റണ്‍ അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിച്ചത്. ഇന്നും ആ സ്ഥാനത്തിന് വെല്ലുവിളിയാകാന്‍ പോന്ന പേരുകളൊന്നും ഉയര്‍ന്നുവന്നിട്ടില്ല.

2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ച ധോണിയുടെ ആ സിക്‌സര്‍  
2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ച ധോണിയുടെ ആ സിക്‌സര്‍  

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ ഏറ്റവും മികച്ച ടീമായി മാറിയത് ധോണിക്ക് കീഴിലായിരുന്നു. മൂന്ന് ഐ.സി.സി ട്രോഫികള്‍ സ്വന്തമായുള്ള ഏക ഇന്ത്യന്‍ ക്യാപ്റ്റനാണ് ധോണി. 2007ലെ ടി20 ലോകകപ്പിലൂടെയാണ് ധോണിയെന്ന നായകനെ ഇന്ത്യ തിരിച്ചറിഞ്ഞതെങ്കില്‍ 2011ലെ ഏകദിന ലോകകപ്പ് ധോണിയുടെ കരിയറിലെ ഏറ്റവും ഉന്നതമായ നിലയായിരുന്നു.

2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കൂടി നേടി ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ഒരിക്കല്‍ കൂടി കരുത്തുകാട്ടി. മാസങ്ങളായി സജീവ ക്രിക്കറ്റില്‍ ഇല്ലെങ്കില്‍ ഇല്ലെങ്കില്‍ പോലും ഈ ദശാബ്ദത്തിലെ ഏറ്റവും വിജയിച്ച ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ കണക്കെടുത്താല്‍ ധോണിയുടെ പേര് മുന്‍ നിരയിലുണ്ടാകും.

90 ടെസ്റ്റുകളില്‍ നിന്നും 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്നും 10773 റണ്‍സും 98 ടി20കളില്‍ നിന്നും1617 റണ്‍സും ധോണി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ പത്തും ടെസ്റ്റില്‍ ആറും സെഞ്ചുറി നേടിയിട്ടുള്ള ധോണിയുടെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 224 ആണ്. 350 ഏകദിനത്തില്‍ 444 പേരെ പുറത്താക്കിയിട്ടുള്ള ധോണി മാത്രമാണ് 100ലേറെ(123) പേരെ സ്റ്റംമ്പ് ചെയ്തിട്ടുള്ള ഏക വിക്കറ്റ് കീപ്പര്‍.

ധോണി, കോലി, ദാദ
ധോണി, കോലി, ദാദ

ഇന്ത്യന്‍ ടീമിന്റെ കാലഘട്ടങ്ങളിലൂടെയുള്ള മാറ്റത്തെ ഏറ്റവും സ്വാഭാവികമാക്കിയത് ധോണിയുടെ അവസരോചിതമായ പല തീരുമാനങ്ങളുമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ ധോണി അപ്രതീക്ഷിതമായി തീരുമാനിച്ചത് അത്തരത്തിലൊന്നായിരുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. പതിനാറാം വര്‍ഷം ഇന്ത്യക്കുവേണ്ടി അദ്ദേഹം കളിക്കാന്‍ ഇറങ്ങുമെന്നും ഉറപ്പില്ല. സമ്മര്‍ദ നിമിഷങ്ങളില്‍ ഏവരേയും ഞെട്ടിക്കുന്ന തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള ധോണിയെ തന്നെ ഇക്കാര്യത്തിലും തീരുമാനമെടുക്കാന്‍ അനുവദിക്കുന്നതാകും ഉചിതം.