LiveTV

Live

Cricket

ഐ.പി.എല്‍ ലേലം: കോടിപതികളായി ഓസീസ് താരങ്ങള്‍

ഇന്ത്യന്‍ താരങ്ങളായ ഉത്തപ്പക്കും ഉനദ്കട്ടിനും മൂന്ന് കോടി രൂപ വീതം ലഭിച്ചു. പിയൂഷ് ചൗളയെ 6.75 കോടിക്കാണ് സി.എസ്.കെ സ്വന്തമാക്കിയത്...

ഐ.പി.എല്‍ ലേലം: കോടിപതികളായി ഓസീസ് താരങ്ങള്‍

2020 ഐ.പി.എല്ലിനുള്ള ലേലത്തില്‍ കോടികള്‍ വാരി ആസ്‌ട്രേലിയന്‍ താരങ്ങള്‍. പാറ്റ് കമ്മിന്‍സിനെ(15.50 കോടി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ടി20 സ്‌പെഷലിസ്റ്റ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ(10.75 കോടി) പഞ്ചാബ് നൈറ്റ് റൈഡേഴ്‌സുമാണ് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് (10 കോടി രൂപ, ആര്‍.സി.ബി), വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോര്‍ട്ട്‌നെല്‍ (8.5 കോടി, പഞ്ചാബ്), ഇംഗ്ലണ്ട് താരം സാം കറന്‍ (5.5 കോടി, ചെന്നൈ), ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ (5.25 കോടി, കൊല്‍ക്കത്ത), ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (4.40 കോടി, ആര്‍.സി.ബി) എന്നിവര്‍ക്കാണ് ലേലത്തില്‍ കൂടുതല്‍ തുക ലഭിച്ചത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകക്കാണ് പാറ്റ് കമ്മിന്‍സിനെ(15.50 കോടി രൂപ) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. 2015ല്‍ ഇന്ത്യന്‍ താരം യുവരാജ് സിംങിനാണ്(16 കോടിരൂപ) ഐ.പി.എല്‍ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. പിന്നീട് ഫോം നഷ്ടമായ യുവരാജിനെ കഴിഞ്ഞ ഐപി.എല്‍ ലേലത്തിന്റെ ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ഒരു ടീമും തയ്യാറായിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സാണ് യുവിയെ ഒരു കോടിക്ക് വാങ്ങിയത്.

ഒരു കോടി അടിസ്ഥാന വിലയിട്ടിരുന്ന ജാവേദ് ഉനദ്കട്ടിനെ മൂന്ന് കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കഴിഞ്ഞ ഐ.പി.എല്ലില്‍ 8.40 കോടിക്കും 2018സീസണില്‍ 11.5 കോടി രൂപക്കുമാണ് ഉനദ്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് തന്നെ ലേലത്തില്‍ പിടിച്ചിരുന്നത്. ഒരുകോടി രൂപ അടിസ്ഥാന വിലയിട്ട റോബിന്‍ ഉത്തപ്പയെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് കോടിക്കാണ് സ്വന്തമാക്കിയത്. യുവതാരം വിരാട് സിംങിനെ 1.90 കോടി രൂപക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ 5.5 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍കിംങ്‌സ് സ്വന്തമാക്കി. 21കാരനായ സാം കറന്റെ പ്രായം കൂടി കണക്കിലെടുത്തായിരിക്കും സി.എസ്.കെ വാശിയോടെ ലേലത്തില്‍ പങ്കെടുത്ത് സ്വന്തമാക്കിയത്. പിയൂഷ് ചൗളയെ 6.75 കോടി മുടക്കി സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിംങ്‌സ് സ്പിന്നര്‍മാരുടെ കൂത്തരങ്ങായി. ഇമ്രാന്‍ താഹിര്‍, ജഡേജ, കാരന്‍ ശര്‍മ്മ, ഹര്‍ഭജന്‍, സാറ്റ്‌നര്‍ ഇപ്പോഴിതാ പിയൂഷ് ചൗളയും കൂടി സി.എസ്.കെ ക്യാമ്പിലെത്തി.

ഷായ് ഹോപ്, ഡേല്‍ സ്റ്റെയ്ന്‍, മോഹിത് ശര്‍മ്മ, ആന്‍ഡ്രു ടൈ, കുശാല്‍ പരേര, നമാന്‍ ഓജ, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങി നിരവധി താരങ്ങളെ ലേലത്തില്‍ വിളിക്കാന്‍ ആരും തയ്യാറായില്ല.

12 രാജ്യങ്ങളില്‍നിന്നായി 332 താരങ്ങളാണു ലേലത്തിനുള്ളത്. വിവിധ ടീമുകളിലായി 73 ഒഴിവുകളിലേക്കാണ് താരങ്ങളെ വിളിച്ചെടുക്കുന്നത്.