രഞ്ജി ട്രോഫി: ജയിക്കാവുന്ന കളിയില്‍ സമനില വഴങ്ങി കേരളം
ആദ്യ മൂന്നു ദിവസങ്ങളിലെ മുന്‍തൂക്കം പാഴാക്കിയാണ് കേരളം ഡല്‍ഹിക്കെതിരെ സമനില വഴങ്ങിയത്...

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ആദ്യ മൂന്നു ദിവസങ്ങളിലെ മുന്‍തൂക്കം പാഴാക്കിയ കേരളത്തിന് സമനില. കേരളത്തിനെതിരെ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ഡല്‍ഹി രണ്ടാം ഇന്നിംങ്സില്‍ പുറത്താകാതെ വന്നപ്പോഴാണ് കേരളത്തിന് സമനില വഴങ്ങേണ്ടി വന്നത്.
ഒമ്പതിന് 525 എന്ന കൂറ്റന്‍സ്കോറില്‍ ഡിക്ലയര്‍ ചെയ്ത കേരളത്തിനെതിരെ ഡല്‍ഹി ആദ്യ ഇന്നിംങ്സില്‍ 142ന് പുറത്തായിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ഡല്‍ഹി നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 395 റണ്‍ എന്ന നിലയിലായിരുന്നു.
നാലാം ദിനം ചന്ദേല(125)യുടേയും റാണ(114)യുടേയും സെഞ്ചുറികളാണ് ഡല്‍ഹിയെ രക്ഷിച്ചത്. ഇരുവരും പുറത്തായെങ്കിലും കളി കൈവിടില്ലെന്ന് ഉറപ്പായ ശേഷമാണ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ചന്ദേല 219 പന്ത് നേരിട്ട് 11 ഫോറും ഒരു സിക്സും അടിച്ചാണ് 125 റണ്‍ നേടിയത്. കുറച്ചുകൂടി ആക്രമിച്ചു കളിച്ച റാണ 164 പന്തുകളില്‍ നിന്നും 11 ഫോറും നാല് സിക്സും പായിച്ചാണ് 114 റണ്‍ അടിച്ചത്.
മൂന്നാംദിനം ഡല്‍ഹിയെ 142റണ്‍സിന് പുറത്താക്കിയതോടെയാണ് കേരളം വിജയപ്രതീക്ഷയിലായത്. രണ്ടാം ഇന്നിംങ്സില്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര് അപ്രതീക്ഷിത ചെറുത്തു നില്‍പ്പ് നടത്തി മത്സരം സമനിലയിലാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഡല്‍ഹി ഓപണര്‍ അനുജ് റാവത്തും(87) മികച്ച ബാറ്റിംങ് നടത്തിയിരുന്നു. ഡല്‍ഹിയെ ആദ്യ ഇന്നിംങ്സില്‍ തകര്‍ത്ത ജലജ് സക്സേന രണ്ടാം ഇന്നിംങ്സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ സച്ചിന് ബേബി(155)യുടേയും ഉത്തപ്പ(102)യുടേയും സെഞ്ചുറികളും പി രാഹുലിന്റെ (97) അര്‍ധ സെഞ്ചുറിയുമാണ് കേരളത്തിന്റെ സ്കോര്‍ 500 കടത്തിയത്. 274 പന്തില്‍ 13 ബൗണ്ടറികളോടെയാണ് സച്ചിന് സെഞ്ചുറി പ്രകടനം നടത്തിയത്. ഉത്തപ്പ 221 പന്തില്‍ ഏഴു ബൗണ്ടറികളുടെയും മൂന്നു സിക്സറുകളുടെയും അകമ്പടിയോടെയാണ് 102 റണ്‍സെടുത്തത്.
ആദ്യദിനം ഓപ്പണര്‍ പി രാഹുലിന് (97) വെറും മൂന്നു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നു. സല്മാന് നിസാറാണ് (77) കേരളത്തിന്റെ മറ്റൊരു പ്രധാന സ്കോറര്‍. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നു വിക്കറ്റെടുത്തപ്പോള്‍ ശിവം ശര്‍മയും ലളിത് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.