അതിസമ്മര്‍ദം കളിക്കാരുടെ മാനസികനിലയെ ബാധിക്കുന്നു; മാക്സ്വെല് പറഞ്ഞതും കോഹ്ലി പേടിച്ചതും
“കളിമതിയാക്കാന്‍ പോലും പലതവണ ആലോചിച്ചു. ആരോടും സംസാരിക്കാന്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. മറ്റുള്ളവരും പൊതു സമൂഹവും എങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ച് ഇതൊന്നും ആരോടും പറഞ്ഞില്ല”

ആഘോഷത്തിന്റേയും ആര്‍ഭാടത്തിന്റേയും ജനപ്രീതിയുടേയും കളി മാത്രമല്ല ക്രിക്കറ്റ്. അതിസമ്മര്‍ദം കൈകാര്യം ചെയ്യാനാകാതെ മാനസികമായി ഉലഞ്ഞുപോകുന്ന സന്ദര്‍ഭങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓരോ കളിക്കാരനും നേരിടേണ്ടി വരാറുണ്ട്. അക്കാര്യം തുറന്നു പറഞ്ഞ് ടീമില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നിന്നുവെന്നതാണ് ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് ചെയ്ത ഹീറോയിസം. താന്‍ അനുഭവിച്ച, എന്നാല്‍ പറയാന്‍ പേടിച്ച കാര്യം തുറന്നു പറഞ്ഞ മാക്സ്വെല്ലിനെ അഭിനന്ദിച്ച് കോഹ്ലി അടക്കമുള്ള താരങ്ങള്‍ രംഗത്ത് വരികയും ചെയ്തു.
ശ്രീലങ്കക്കെതിരായ പരമ്പരക്കിടെയാണ് മാക്സ്വെല് ടീമില്‍ നിന്നും പിന്‍വാങ്ങുന്നതായി ആസ്ട്രേലിയന്‍ ടീം അധികൃതരെ അറിയിച്ചത്. മാനസികസമ്മര്‍ദം താങ്ങാനാവാതെ വന്നതോടെയായിരുന്നു മാക്സിയുടെ പിന്മാറ്റം. ഇപ്പോള്‍ പരിശീലനം പുനരാരംഭിച്ച മാക്സ്വെല് വിക്ടോറിയന്‍ ടീമിനുവേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണെന്ന ശുഭവാര്‍ത്തയുമുണ്ട്. മാക്സ്വെല്ലിന്റെ തുറന്നുപറച്ചിലും പിന്മാറ്റവും തുടര്‍ന്ന് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ തങ്ങള്‍ നേരിട്ട സമാനമായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞു. മാക്സ്വെല്ലിന്റെ ധൈര്യം തനിക്കില്ലായിരുന്നുവെന്ന് തുറന്നുപറയാനും കോഹ്ലി തയ്യാറായി.
2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ റണ്‍ കണ്ടെത്താന്‍ വിഷമിച്ച കാലത്ത് അനുഭവിച്ച മാനസിക സമ്മര്‍ദമാണ് വര്‍ഷങ്ങള്‍ക്കുശേഷം കോഹ്ലി തുറന്നു പറഞ്ഞത്. പക്ഷേ, അന്ന് താന്‍ അനുഭവിച്ചിരുന്ന സമ്മര്‍ദത്തെക്കുറിച്ച് ആരോടും തുറന്നു പറയാന്‍ കോഹ്ലിക്ക് ധൈര്യമുണ്ടായിരുന്നില്ല. കളിമതിയാക്കാന്‍ പോലും പലതവണ ആലോചിച്ചു. എല്ലാം തീരുന്നപോലെ തോന്നി. ആരോടും സംസാരിക്കാന്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. മറ്റുള്ളവരും പൊതു സമൂഹവും എങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ച് ഇതൊന്നും ആരോടും പറഞ്ഞുമില്ലെന്നും കോഹ്ലി തുറന്നു പറഞ്ഞു.
ബാറ്റ് ചെയ്യുന്നതിനിടെ മൂളിപ്പാട്ടു പാടുകയോ പാട്ടുകള്‍ വിസിലടിക്കുകയോ ചെയ്യുന്ന രീതി സെവാഗിനുണ്ടായിരുന്നു. ശ്രദ്ധ മാറാതിരിക്കാനും സമ്മര്‍ദത്തെ അകറ്റാനുമുള്ള വീരുവിന്റെ ഫലപ്രദമായ ഒറ്റമൂലിയായിരുന്നു ഈ മൂളിപ്പാട്ട്. പിച്ചില്‍ വെച്ച് തന്നോട് മറന്നുപോയ പാട്ടിന്റെ വരിയെക്കുറിച്ച് ചോദിക്കാന്‍ എത്തുന്ന വീരുവിനെ പിന്നീട് സച്ചിന് ഓര്‍ത്തെടുത്തിട്ടുണ്ട്.
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കുട്ടികളെക്കുറിച്ചും വീടുപണിയെക്കുറിച്ചുമെല്ലാമാണ് പലപ്പോഴും സംസാരിച്ചിരുന്നതെന്ന് ദ്രാവിഡും ലക്ഷ്മണും പറഞ്ഞിട്ടുണ്ട്. കളിക്കിടയിലെ സമ്മര്‍ദം ഒഴിവാക്കാന്‍ അവര്‍ കണ്ട മാര്‍ഗങ്ങളിലൊന്നായിരുന്നു ഈ വീട്ടുകാര്യം പറച്ചില്. എന്നിട്ടും അതി സമ്മര്‍ദം നേരിടാന്‍ ഒരിക്കല്‍ ലക്ഷമണ് കളിയില്‍ നിന്നും മാറി കൂട്ടുകാരുടെ തണലു തേടി പോകേണ്ടി വന്നു. 2003 ലോകകപ്പ് ടീമില്‍ നിന്നും പുറത്തായപ്പോഴായിരുന്നു ലക്ഷ്മണ് മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടത്. അന്ന് ഹൈദരാബാദില്‍ നിന്നും അമേരിക്കയിലെ സുഹൃത്തുക്കള്‍ക്കരികിലേക്ക് പോയി സമ്മര്ദമകറ്റിയാണ് ലക്ഷ്മണ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുപറന്നത്.

ഒരുപക്ഷേ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടാവുക സച്ചിനായിരിക്കും. അദ്ദേഹം താന്‍ നേരിട്ട അതിസമ്മര്ദങ്ങളെ മറികടന്നെങ്കിലും ആ സമ്മര്‍ദങ്ങള്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രകടനങ്ങളെ വരെ ബാധിച്ചിട്ടുണ്ട്. 99 സെഞ്ചുറി നേടിയ ശേഷം നൂറാം സെഞ്ചുറിയിലേക്ക് 34 ഇന്നിംങ്സുകള്‍ സച്ചിന് കളിക്കേണ്ടി വന്നു. ബാറ്റിംങിലെ പിഴവിനേക്കാള്‍ സെഞ്ചുറിക്കായുള്ള സമ്മര്‍ദമായിരുന്നു സച്ചിനെ 90കളില്‍ പുറത്താക്കിയിരുന്നത്. 27 തവണയാണ്(17 ടെസ്റ്റും 10 ഏകദിനവും) സച്ചിന് 90കളില്‍ കാലിടറിയത്. സമ്മര്‍ദം പിന്നില്‍ നിന്നും വലിച്ചില്ലായിരുന്നെങ്കില് സച്ചിന്റെ റെക്കോഡ് ബുക്കിന്റെ നീളം ഇനിയും കൂടിയേനെ.

മാക്സ്വെല്ലിന്റേയും കോഹ്ലിയുടേയും തുറന്നുപറച്ചിലുകള്‍ ക്രിക്കറ്റ് കളിക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തെ നേരിടാനുള്ള ആദ്യപടിയാണ്. ഓരോ കളിക്കാരനും തനിക്ക് മാത്രം ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ചിന്തിച്ച് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതെ പരിഹാരം കാണാനും ഈ തുറന്നുപറച്ചിലുകള്‍ സഹായിക്കും.