LiveTV

Live

Cricket

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കോഹ്‌ലിയുടെ പ്രതികാരം

എതിരാളിയെ എഴുതി തള്ളുന്ന നോട്ട്ബുക്ക് ആഘോഷം കോഹ്‌ലി തനിക്ക് നേരെ തന്നെ കാണിക്കുന്നത് കണ്ട് കെസ്‌റിക് വില്യംസും ഒരുവേള അന്തിച്ചു നിന്നു...

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കോഹ്‌ലിയുടെ പ്രതികാരം

ബാറ്റ്‌സ്മാന്മാരെ പുറത്താക്കുമ്പോള്‍ ബൗളര്‍മാര്‍ പല രീതിയിലാണ് ആഘോഷിക്കാറ്. കയ്യുയര്‍ത്തി ഓടിയും വിരലുയര്‍ത്തി ആകാശം തൊട്ടും ഉയര്‍ന്നു ചാടിയും സെല്യൂട്ടടിച്ചും പിച്ചില്‍ തല്ലിയുമൊക്കെയുള്ള വിക്കറ്റ് ആഘോഷങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വിന്‍ഡീസ് താരം കെസ്‌റിക് വില്യംസിന്റെ നോട്ട് ബുക്കില്‍ നിന്നും പേരു വെട്ടുന്നതുപോലുള്ള ആഘോഷം വ്യത്യസ്ഥമാണ്. രണ്ട് വര്‍ഷം മുമ്പ് തന്നെ പുറത്താക്കി ആഘോഷിച്ച വില്യംസിന് ജീവിതത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കിയാണ് കോഹ്‌ലി അതേ രീതിയില്‍ നോട്ട് ബുക്ക് ആഘോഷം നടത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 94* റണ്‍സാണ് ഇന്ത്യയെ 208 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലെത്തിച്ചത്. തുടക്കത്തില്‍ ചെറുതായി പതറിയെങ്കിലും ആഘോഷമായാണ് കോഹ്‌ലി ഇന്നിംങ്‌സും കളിയും അവസാനിപ്പിച്ചത്. 50 പന്തുകളില്‍ നിന്നും ആറുവീതം ഫോറും സിക്‌സും പറത്തിയാണ് കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചത്.

ഇന്ത്യന്‍ ഇന്നിംങ്‌സിന്റെ പതിനാറാം ഓവറിലായിരുന്നു കോഹ്‌ലി വില്യംസിനെ ലക്ഷ്യമിട്ടത്. ആദ്യ പന്ത് ബൗണ്ടറി നേടിയ കോഹ്‌ലി രണ്ടാം പന്ത് ലെഗ് സൈഡിലൂടെ സിക്‌സറിന് പറത്തുകയും ചെയ്തു. അതിന് ശേഷമായിരുന്നു കോഹ്‌ലിയുടെ മാസ് സെലിബ്രേഷന്‍. എതിരാളിയെ എഴുതി തള്ളുന്ന നോട്ട്ബുക്ക് ആഘോഷം കോഹ്‌ലി തനിക്ക് നേരെ തന്നെ കാണിക്കുന്നത് കണ്ട് കെസ്‌റിക് വില്യംസും ഒരുവേള അന്തിച്ചു നിന്നുപോയി. ആഘോഷത്തിന്റെ യഥാര്‍ഥ കാരണം കോഹ്‌ലി തന്നെ കളിക്ക് ശേഷം വെളിപ്പെടുത്തി.

കോഹ്‌ലി നോട്ട് ബുക്ക് ആഘോഷത്തിനിടെ 
കോഹ്‌ലി നോട്ട് ബുക്ക് ആഘോഷത്തിനിടെ 

'ജമൈക്കയില്‍ വെച്ച് എന്നെ പുറത്താക്കിയപ്പോള്‍ വില്യംസ് ഇതേ പോലെ ആഘോഷിച്ചിരുന്നു. കുറച്ച് നോട്ട് ബുക്കിലെ പേജുകള്‍ ഇവിടെ വെച്ച് തിരുത്തിയേക്കാമെന്ന് ഞാനും കരുതി. കളിക്കിടെ അതെല്ലാം പതിവാണ്. കളികഴിഞ്ഞാല്‍ കൈകൊടുത്ത് പിരിയുകയാണ് ഞങ്ങളുടെ രീതി. അതാണ് ക്രിക്കറ്റ്. പരമാവധി ആവേശത്തില്‍ കളിക്കുക. എങ്കിലും ഒടുവില്‍ എതിരാളികളോട് ബഹുമാനത്തോടെ തന്നെ പിരിയുക' കളിയിലെ താരമായ കോഹ്‌ലി പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്
Also Read

ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്

2017ല്‍ ജമൈക്കയില്‍ വെച്ചായിരുന്നു കോഹ്‌ലിയെ പുറത്താക്കിയപ്പോള്‍ വില്യംസ് നോട്ട്ബുക്ക് ആഘോഷം നടത്തിയത്. അതിനുള്ള മറുപടിയാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഹൈദരാബാദില്‍ കോഹ്‌ലി നല്‍കിയത്. ഞായറാഴ്ച്ച തിരുവനന്തപുരത്താണ് ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി20.