LiveTV

Live

Cricket

സ്മിത്തിനെ പിന്തള്ളി ടെസ്റ്റില്‍ വീണ്ടും കോഹ്‌ലി ഒന്നാമത്

അഞ്ച് ആസ്‌ട്രേലിയന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്നും മൂന്നുപേര്‍ പത്തിനുള്ളിലെത്തി.

സ്മിത്തിനെ പിന്തള്ളി ടെസ്റ്റില്‍ വീണ്ടും കോഹ്‌ലി ഒന്നാമത്

ഐ.സി.സി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ ആസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ മറികടന്ന് വിരാട് കോഹ്‌ലി വീണ്ടും ഒന്നാമത്. ബംഗ്ലാദേശിനെതിരായ സെഞ്ചുറി കോഹ്‌ലിയെ തുണച്ചപ്പോള്‍ പാകിസ്താനെതിരായ പരമ്പരയില്‍ തിളങ്ങാനാവാത്തത് ഓസീസ് താരത്തിന് തിരിച്ചടിയായി. അഞ്ച് ആസ്‌ട്രേലിയന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്നും മൂന്നുപേര്‍ പത്തിനുള്ളിലെത്തി.

സ്റ്റീവ് സ്മിത്തിനേക്കാള്‍(923) അഞ്ച് പോയിന്റിന്റെ മുന്‍തൂക്കവുമായാണ് വിരാട് കോഹ്‌ലി(928) പുതിയ ഐ.സി.സി റാങ്കിംങില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇനി ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളില്ല. എന്നാല്‍ ആസ്‌ട്രേലിയക്ക് ന്യൂസിലന്റിനെതിരെ രണ്ട് ടെസ്റ്റുകള്‍ ഉണ്ട്. അതുകൊണ്ട് സ്റ്റീവ് സ്മിത്തിന് നഷ്ടമായ ഒന്നാം റാങ്ക് ഇക്കൊല്ലം തന്നെ തിരിച്ചുപിടിക്കാന്‍ അവസരമുണ്ട്.

പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ കുതിച്ചുചാട്ടം നടത്തിയത് ഡേവിഡ് വാര്‍ണറാണ്. 12 സ്ഥാനം മെച്ചപ്പെടുത്തി വാര്‍ണ്ണര്‍ അഞ്ചാം റാങ്കിലെത്തി. പാകിസ്താനെതിരെ പുറത്താകാതെ നേടിയ ട്രിപ്പിള്‍ സെഞ്ചുറി(335*)യാണ് വാര്‍ണ്ണറുടെ കുതിപ്പിന് ഊര്‍ജ്ജമായത്. പാകിസ്താനെതിരെ സെഞ്ചുറി നേടിയമറ്റൊരു ഓസീസ് താരം മാര്‍നസ് ലബുഷാഗെ എട്ടാം റാങ്കിലേക്ക് കുതിച്ചെത്തി. ഈ വര്‍ഷം തുടങ്ങുമ്പോള്‍ 110ആം റാങ്കിലായിരുന്നു ലബുഷാഗെ.

കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം
Also Read

കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം

ഡേവിഡ് വാര്‍ണറുടെ കുതിപ്പില്‍ ഒരു സ്ഥാനം നഷ്ടമായ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആറാം സ്ഥാനത്തുണ്ട്. ചേതേശ്വര്‍ പൂജാര 791 പോയിന്റുമായി നാലാം റാങ്കിലുണ്ട്. കോഹ്‌ലിയും രഹാനെയും പുജാരയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാര്‍.