LiveTV

Live

Cricket

‘ബുംറ വെറും ശിശു’ വീരവാദവുമായി അബ്ദുള്‍ റസാഖ്

“എന്റെ മുന്നില്‍ ബുംറ ‘കുട്ടി ബൗളര്‍’ മാത്രമാണ്. ഞാന്‍ ബാറ്റു ചെയ്യാനെത്തിയാല്‍ സമ്മര്‍ദം ബുംറക്കായിരിക്കും...”

‘ബുംറ വെറും ശിശു’ വീരവാദവുമായി അബ്ദുള്‍ റസാഖ്

സമകാലിക ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ബൗളര്‍മാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. വ്യത്യസ്തമായ ആക്ഷനും വേഗവും കൊണ്ട് ഏത് പന്തിലും എതിര്‍ നിരയെ കടപുഴക്കാന്‍ കഴിവുള്ളവന്‍. ഇക്കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും കാര്യമായ വ്യത്യസ്ഥാഭിപ്രായമുണ്ടാകില്ല. എന്നാല്‍ മുന്‍ പാക് ഓള്‍ റൗണ്ടര്‍ ബുംറയെ തന്റെ വീരസ്യം പ്രകടിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

താന്‍ ഇപ്പോള്‍ കളിച്ചിരുന്നെങ്കില്‍ ബുംറയെ അനായാസം കൈകാര്യം ചെയ്‌തേനേ എന്നാണ് അബ്ദുള്‍ റസാഖിന്റെ വീരവാദം. 'വസിം അക്രമിനേയും ഗ്ലെന്‍ മഗ്രാത്തിനേയും പോലുള്ള ബൗളര്‍മാരെ ഞാന്‍ നേരിട്ടിട്ടുണ്ട്. എന്റെ മുന്നില്‍ ബുംറ 'കുട്ടി ബൗളര്‍' മാത്രമാണ്. ബുംറക്കെതിരെ അനായാസം എനിക്ക് മേല്‍ക്കൈ നേടാനാകും' ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തില്‍ റസാഖ് പറഞ്ഞു.

1.5 കോടി വിലയിട്ടത് ഉത്തപ്പക്ക് വിനയാകുമോ?
Also Read

1.5 കോടി വിലയിട്ടത് ഉത്തപ്പക്ക് വിനയാകുമോ?

ബുംറയെ തനിക്ക് അനായാസം നേരിടാനാകുമെന്ന് പറയുമ്പോഴും ബുംറ കൊള്ളാവുന്ന ബൗളറാണെന്ന് റസാഖ് സമ്മതിക്കുന്നുണ്ട്. 'ബുംറ ഇപ്പോള്‍ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. വിചിത്രമായ ആക്ഷനാണ് ബുംറയുടേത്. അതുവഴി മികച്ച വേഗവും അയാള്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ബുംറ ഇത്രയേറെ ഫലവത്തായ ബൗളറാകുന്നത്' റസാഖ് പറഞ്ഞു.

ഏകദിനത്തില്‍ നിലവില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബൗളറാണ് ജസ്പ്രീത് ബുംറ. പുറംവേദനമൂലം ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു ബുംറ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് പരമ്പരകള്‍ ബുംറക്ക് പരിക്കുമൂലം നഷ്ടമായിരുന്നു. എന്നിട്ടും ടെസ്റ്റില്‍ ബുംറ അഞ്ചാം റാങ്കിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍ പരിശീലകന്‍ രജിനികാന്തിന് കീഴില്‍ ബുംറ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും വിടുവായത്വം മൂലം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് അബ്ദുള്‍ റസാഖ്. പാകിസ്താന്റെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവും റസാഖ് നടത്തിയിരുന്നു. എന്നാല്‍ ഇത് പാക് ക്രിക്കറ്റ് ബോര്‍ഡ് കേട്ടഭാവം നടിച്ചില്ല. ഏകദിന ലോകകപ്പിനിടെ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ കൊള്ളാമെന്നും ബി.സി.സി.ഐ സമ്മതിച്ചാല്‍ പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും റസാഖ് പറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴും മൗനം തന്നെയായിരുന്നു റസാഖിനുള്ള മറുപടി.

പാകിസ്താന്‍ കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളാണ് അബ്ദുള്‍ റശാഖ്. 1996-2013കാലത്ത് നീണ്ട 17 വര്‍ഷമാണ് അദ്ദേഹം പാകിസ്താനുവേണ്ടി കളിച്ചത്. 40കാരനായ റസാഖ് 46 ടെസ്റ്റുകളിലും 265 ഏകദിനത്തിലും 32ടി 20കളിലും പാക് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.