LiveTV

Live

Cricket

‘പാല് വിറ്റാണ് എന്നെ പിതാവ് വളര്‍ത്തിയത്’ കഷ്ടപാടുകള്‍ തുറന്നുപറഞ്ഞ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍

ക്രിക്കറ്റ് പരിശീലനത്തിന് മീററ്റിലേക്ക് പോകാന്‍ പണമില്ലെങ്കില്‍ പലപ്പോഴും ബസിന് മുകളില്‍ ഇരുന്നാണ് യാത്ര ചെയ്തിരുന്നതെന്നും ഇന്ത്യയുടെ ക്യാപ്റ്റന്‍ ഓര്‍മ്മിക്കുന്നു

‘പാല് വിറ്റാണ് എന്നെ പിതാവ് വളര്‍ത്തിയത്’ കഷ്ടപാടുകള്‍ തുറന്നുപറഞ്ഞ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കയില്‍ ജനുവരി 17 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുക പ്രിയം ഗാര്‍ഗാണ്. പിതാവിന്റെ സ്വപ്‌നത്തിലാണ് താനിപ്പോള്‍ ജീവിക്കുന്നതെന്ന് പറയുന്ന പ്രിയം ഗാര്‍ഗ് വന്ന വഴിയും തന്റെ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളും മറക്കുന്നില്ല. പിതാവിന്റെ കഠിന പരിശ്രമം കൊണ്ടാണ് തനിക്ക് ഈ നേട്ടം സാധ്യമായതെന്നാണ് ഉത്തര്‍പ്രദേശുകാരന്‍ പ്രിയം ഗാര്‍ഗിന്റെ അഭിപ്രായം.

പ്രിയം ഗാര്‍ഗിന് 11 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ഒരു സഹോദരനും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിലെ ഇളയ കുട്ടിയാണ് പ്രിയം. ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് പല ജോലികളും നോക്കിയാണ് തന്റെ പരിശീലനത്തിനാവശ്യമായ പണം കണ്ടെത്തിയിരുന്നതെന്നും പ്രിയം ഗാര്‍ഗ് വാര്‍ത്താ ഏജന്‍സി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പ്രിയം ഗാര്‍ഗ് രാഹുല്‍ ദ്രാവിഡിനൊപ്പം
പ്രിയം ഗാര്‍ഗ് രാഹുല്‍ ദ്രാവിഡിനൊപ്പം

പുലര്‍ച്ചെ എഴുന്നേറ്റ് വീടുകള്‍ തോറും കയറിയിറങ്ങി പാല്‍ വിറ്റാണ് പ്രിയം ഗാര്‍ഗിന് പരിശീലനത്തിന് പോകാനുള്ള പണം പിതാവ് കണ്ടെത്തിയിരുന്നത്. പാല്‍ വില്‍പന മാത്രമല്ല, ഡ്രൈവറായും ചുമട്ടുകാരനായുമെല്ലാം ജോലിയെടുത്താണ് പിതാവ് കുടുംബത്തിന് ജീവിക്കാനാവശ്യമായ പണം കണ്ടെത്തിയിരുന്നത്. മീററ്റിലേക്ക് പരിശീലനത്തിന് പോകാന്‍ പണമില്ലാത്ത ദിവസങ്ങളില്‍ ബസിന് മുകളിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും പ്രിയം ഗാര്‍ഗ് ഓര്‍ക്കുന്നു.

അണ്ടര്‍ 19 ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. പൃഥ്വി ഷായും സംഘവും കഴിഞ്ഞ വര്‍ഷം ആധികാരികമായിട്ടായിരുന്നു ലോകചാമ്പ്യന്മാരായത്. ഇതുവരെ നാല് തവണ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും(2008) മുഹമ്മദ് കൈഫും(2000) ഉന്മുക്ത് ചന്ദുമാണ്(2012) നേരത്തെ ഇന്ത്യക്കുവേണ്ടി യുവ ലോകകിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുള്ളത്.

ഉത്തര്‍പ്രദേശിനെതിരെ 2018-19 സീസണില്‍ 800 ലേറെ റണ്‍ നേടിയിട്ടുള്ള താരമാണ് പ്രിയം ഗാര്‍ഗ്. അരങ്ങേറ്റ മത്സരത്തില്‍ ഗോവക്കെതിരെ സെഞ്ചുറി നേടാനും പ്രിയം ഗാര്‍ഗിനായിരുന്നു.