LiveTV

Live

Cricket

പണം വാങ്ങാതെ ഇന്ത്യന്‍ ഡ്രൈവര്‍, ഭക്ഷണം ഒരുമിച്ചാകാമെന്ന് പാക് താരങ്ങള്‍

ഇംഗ്ലീഷ് ക്രിക്കറ്റ് കമന്റേറ്ററായ അലിസണ്‍ മിഷേലാണ് ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്കും പാക് താരങ്ങള്‍ക്കുമിടയില്‍ വളരെ കുറച്ച് സമയം കൊണ്ടുണ്ടായ ഊഷ്മള ബന്ധത്തെക്കുറിച്ച് പറഞ്ഞത്...

പണം വാങ്ങാതെ ഇന്ത്യന്‍ ഡ്രൈവര്‍, ഭക്ഷണം ഒരുമിച്ചാകാമെന്ന് പാക് താരങ്ങള്‍

ആസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. പക്ഷേ, ചില പാക് താരങ്ങളുടെ പ്രകടനം ലോകത്തിന്റെ സ്‌നേഹം നേടിയിരിക്കുകയാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് കമന്റേറ്ററായ അലിസണ്‍ മിഷേലാണ് ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്കും പാക് താരങ്ങള്‍ക്കുമിടയില്‍ വളരെ കുറച്ച് സമയം കൊണ്ടുണ്ടായ ഊഷ്മള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.

പാക് ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ, പേസര്‍ ഷഹീന്‍ അഫ്രീദി, യുവതാരം നസീം ഷാ എന്നിവരും ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവറും ഉള്‍പ്പെടുന്ന അനുഭവമാണ് മിഷേല്‍ പങ്കുവെച്ചത്.

പാക് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും വിളിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ അവിടെയെത്തിയത്. പാക് ക്രിക്കറ്റ് ടീമിലെ താരങ്ങളെ കൊണ്ടുപോകാനായിരുന്നു വിളി. ഭക്ഷണം അടുത്തുള്ള ഏതെങ്കിലും കൊള്ളാവുന്ന ഇന്ത്യന്‍ റസ്‌റ്റോറന്റിലേക്ക് പോകണമെന്നായിരുന്നു പാക് താരങ്ങളുടെ ആവശ്യം.

നല്ലൊരു റെസ്റ്റോറന്റിന് മുന്നില്‍ പാക് താരങ്ങളെ ഇറക്കിയ ടാക്‌സി ഡ്രൈവര്‍ പണം വാങ്ങാന്‍ തയ്യാറായില്ല. പരമാവധി നിര്‍ബന്ധിച്ചിട്ടും പണം വാങ്ങാതിരുന്ന ഇന്ത്യക്കാരന്‍ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സന്തോഷം തോന്നിയ പാക് താരങ്ങള്‍ അദ്ദേഹത്തെ ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. ഒടുവില്‍ മിനുറ്റുകള്‍ മാത്രം നീണ്ടേക്കാവുന്ന ഒരു പരിചയത്തെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയാണ് ആ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ പാക് കളിക്കാരോട് യാത്ര പറഞ്ഞു പിരിഞ്ഞത്. പാക് താരങ്ങളും ടാക്‌സി ഡ്രൈവറും ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത ചിത്രവും പ്രചരിക്കുന്നുണ്ട്.

അലിസണ്‍ മിഷേല്‍ മുന്‍ ആസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണോടാണ് ഈ ഹൃദ്യാനുഭവം പങ്കുവെച്ചത്. ഈ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ടാക്‌സി ഡ്രൈവറുടേയും പാക് താരങ്ങളുടേയും പെരുമാറ്റത്തെ ബിഷന്‍ സിംങ് ബേദി അടക്കം നിരവധി പേരാണ് അഭിനന്ദിച്ച് വന്നിട്ടുള്ളത്.