പറക്കും രോഹിത്ത്, അല്ല... പറപറക്കും സാഹ!
കൊഹ്ലി ഫീല്‍ഡ് ചെയ്തിരുന്ന ആദ്യ സ്ലിപ്പിന്റെ പരിധിയില്‍ വന്നിരുന്ന ക്യാച്ചുകള്‍ രണ്ട് തവണയാണ് സഹതാരങ്ങള്‍ മുഴുനീള ഡൈവിലൂടെ കൈപ്പിടിയിലൊതുക്കിയത്...

ബംഗ്ലാദേശിനെതിരായ ആദ്യ പകല്‍ രാത്രി ടെസ്റ്റില്‍ ടോസ് നഷ്ടമായ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞത് പിങ്ക് പന്തില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുക എളുപ്പമാകില്ലെന്നാണ്. പിന്നീട് കൊഹ്ലി ഫീല്‍ഡ് ചെയ്തിരുന്ന ആദ്യ സ്ലിപ്പിന്റെ പരിധിയില്‍ വന്നിരുന്ന ക്യാച്ചുകള്‍ രണ്ട് തവണയാണ് സഹതാരങ്ങള്‍ മുഴുനീള ഡൈവിലൂടെ കൈപ്പിടിയിലൊതുക്കിയത്. ആദ്യതവണ രോഹിത് ശര്മ്മയായിരുന്നെങ്കില് രണ്ടാം അവസരം സാഹക്കായിരുന്നു.
15 റണ്‍സെടുക്കുമ്പോഴേക്കും ഓപണര്‍ ഇമ്രൗള് കായെസിനെ നഷ്ടമായശേഷം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകാതിരിക്കാന്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് ശ്രമിക്കുകയായിരുന്നു. ഇന്ത്യയുടെ പേസര്‍മാരാകട്ടെ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുത്ത് പരമാവധി ശ്രമിക്കുന്നുമുണ്ടായിരുന്നു. ഒടുവില്‍ ഉമേഷ് യാദവ് എറിഞ്ഞ പതിനൊന്നാം ഓവറിന്റെ ആദ്യപന്തില്‍ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിന് മറുപടിയുണ്ടായില്ല.
ഹക്കിന്റെ ബാറ്റിലുരസിയ പന്ത് ആദ്യ സ്ലിപ്പിലേക്കുള്ള വഴിയിലായിരുന്നു. അപ്പോഴാണ് വലതുഭാഗത്തേക്കുള്ള മുഴുനീള ഡൈവിലൂടെ രോഹിത് ശര്‍മ്മ പന്ത് സ്വന്തമാക്കിയത്. തന്റെ കൈകളിലേക്ക് വരുമായിരുന്ന പന്ത് രോഹിത് റാഞ്ചിയെടുക്കുന്നത് ആവേശത്തോടെയാണ് ക്യാപ്റ്റന്‍ നോക്കി നിന്നത്.
ഇന്നിംങ്സിലെ ഏറ്റവും മികച്ച ക്യാച്ചായിരിക്കും രോഹിത്തിന്റേതെന്ന് കരുതിയിരിക്കുമ്പോഴാണ് മറ്റൊരു സൂപ്പര്‍ ക്യാച്ചുമായി സാഹയുടെ വരവ്. ഇരുപതാം ഓവറില്‍ ഇഷാന്ത് ശര്‍മ്മയുടെ പന്തിലായിരുന്നു സാഹയുടെ പുല്ലുകള്‍ക്ക് മുകളിലൂടെ ഗ്ലൗപരമാവധി താഴ്ത്തിക്കൊണ്ട് ഒരു ക്ലാസ് കാച്ചെടുത്തത്. ഇത്തവണ പക്ഷേ ഒന്നാം സ്ലിപ്പിന്റെ പരിധിയുടെ തൊട്ടു മുമ്പിലാകുമായിരുന്നു പന്ത് വീഴുക. അപ്പോഴും ഒന്നു ശ്രമിച്ചു നോക്കാന്‍ പോലുമാകാതെ ക്യാപ്റ്റന്‍ കോഹ്ലി ഒന്നാം സ്ലിപ്പിലുണ്ടായിരുന്നു.
ആ മനോഹരമായ ക്യാച്ചോടെയാണ് വൃദ്ധിമാന്‍ സാഹ ടെസ്റ്റില്‍ നൂറ് പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ ടെസ്റ്റ് കീപ്പര്‍മാരില്‍ അഞ്ചാമതാണ് ഇപ്പോള്‍ സാഹ. ധോണി(294), സയ്യിദ് കിര്‍മാണി(198), കിരണ്‍ മോറെ(130), നയന്‍ മോംഗിയ(107) എന്നിവരാണ് സാഹക്ക് മുന്നിലുള്ളത്. ഇതില്‍ മോംഗിയയെ ഈ പരമ്പരക്കിടെ തന്നെ സാഹ മറികടക്കാന്‍ സാധ്യത ഏറെയാണ്.