LiveTV

Live

Cricket

പിങ്ക് ടെസ്റ്റ്; 100 രൂപയുടെ ടിക്കറ്റിന് കരിഞ്ചന്തയില്‍ 5000 രൂപ!

ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രത്യേക സംഘം വന്ന് കരിഞ്ചന്തക്കാരെ അറസ്റ്റു ചെയ്യുമെന്നും തങ്ങള്‍ക്ക് നേരിട്ടൊന്നും ചെയ്യാനാകില്ലെന്നുമാണ് പൊലീസിന്റെ ഒഴുക്കന്‍ മറുപടി.

പിങ്ക് ടെസ്റ്റ്; 100 രൂപയുടെ ടിക്കറ്റിന് കരിഞ്ചന്തയില്‍ 5000 രൂപ!

പൊതുവേ ഇന്ത്യയില്‍ പോലും ടെസ്റ്റ് മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോവാറില്ല. എന്നാല്‍, ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റ് നടക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ സ്ഥിതി വ്യത്യസ്ഥമാണ്. പലദിവസത്തേയും ടിക്കറ്റുകള്‍ കിട്ടാനില്ലെന്ന നില വന്നതോടെ 50 രൂപയുടെ ടിക്കറ്റ് 2000ത്തിനും 100 രൂപയുടെ ടിക്കറ്റ് 5000ത്തിനും വരെയാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന കൊല്‍ക്കത്ത ടെസ്റ്റിന് ചരിത്രത്തിലില്ലാത്തവിധം ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ നാല് ദിവസത്തെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റു തീര്‍ന്നെന്ന് ബി.സി.സി.ഐ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ അടക്കം ലഭ്യമല്ലാതായതോടെയാണ് ജനങ്ങള്‍ കരിഞ്ചന്തയെ ആശ്രയിച്ചത്.

പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ് കാണാന്‍ ഈഡന്‍ നിറയെ കാണികള്‍... ഇത് ദാദയുടെ തിരിച്ചുവരവ്
Also Read

പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ് കാണാന്‍ ഈഡന്‍ നിറയെ കാണികള്‍... ഇത് ദാദയുടെ തിരിച്ചുവരവ്

മൈതാനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ പലരും പരസ്യമായി വില്‍ക്കുന്നത്. '50 രൂപയുടെ ടിക്കറ്റ് 2000ത്തിനും 100 രൂപയുടേത് 5000ത്തിനുമൊക്കെയാണ് വില്‍ക്കുന്നത്. ആരും ഈ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. 50 രൂപയുടെ രണ്ട് ടിക്കറ്റ് എനിക്കും അമ്മക്കും വേണ്ടി വാങ്ങിയിട്ടുണ്ട്' വൈഭവ് ഷാ എന്ന യുവാവ് പറയുന്നു.

പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പലപ്പോഴും ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രത്യേക സംഘം വന്ന് കരിഞ്ചന്തക്കാരെ അറസ്റ്റു ചെയ്യുമെന്നും തങ്ങള്‍ക്ക് നേരിട്ടൊന്നും ചെയ്യാനാകില്ലെന്നുമാണ് പൊലീസിന്റെ ഒഴുക്കന്‍ മറുപടി.

വലിയ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത പൊലീസ് രണ്ട് തവണയായി 12 പേരെ ടിക്കറ്റ് കൂടിയ നിരക്കില്‍ വിറ്റതിന് അറസ്റ്റു ചെയ്തിരുന്നു. കൊല്‍ക്കത്ത സിറ്റി പൊലീസിന് കീഴിലെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡായിരുന്നു അറസ്റ്റിന് നേതൃത്വം നല്‍കിയത്.