LiveTV

Live

Cricket

അനുഷ്‌കക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് യോഗത്തില്‍ എന്തുകാര്യം?

കോഹ്‌ലിക്ക് പുറമേ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദും അടക്കമുള്ളവര്‍ ചിത്രത്തിലുണ്ട്...

അനുഷ്‌കക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് യോഗത്തില്‍ എന്തുകാര്യം?

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ബി.സി.സി.ഐ ടീം തെരഞ്ഞെടുപ്പ് യോഗത്തിന്റെ ചിത്രത്തില്‍ അപ്രതീക്ഷിതമായ ഒരു മുഖം കൂടിയുണ്ട്. അത് വിരാട് കോഹ്‌ലിയുടെ കൂട്ടുകാരിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയുടേതാണ്. തനിക്ക് യാതൊരു റോളുമില്ലാത്ത ടീം തെരഞ്ഞെടുപ്പ് യോഗത്തില്‍ അനുഷ്‌കക്ക് എന്ത് കാര്യമെന്ന് ആര്‍ക്കും തോന്നിപ്പോകും.

ദേശീയ ക്രിക്കറ്റ് സെലക്ഷന്‍ ചെയര്‍മാന്‍ എം.എസ്.കെ പ്രസാദും ബി.സി.സി.ഐയുടെ മുതിര്‍ന്ന അംഗങ്ങളും വിരാട് കോഹ്‌ലിയുമാണ് ചിത്രത്തിലുള്ളത്. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതിനിടെ അനുഷ്‌കക്കെന്ത് കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു ഉത്തരമേയുള്ളൂ ഇന്ത്യയുടെ ടീം സെലക്ഷനില്‍ അനുഷ്‌കക്ക് യാതൊരു പങ്കുമില്ല.

സെലക്ഷന്‍ കമ്മറ്റി യോഗത്തിന്റെ യഥാര്‍ഥ ചിത്രം 
സെലക്ഷന്‍ കമ്മറ്റി യോഗത്തിന്റെ യഥാര്‍ഥ ചിത്രം 

നവംബര്‍ 21ന് നടന്ന ടീം തെരഞ്ഞെടുപ്പ് യോഗത്തിന്റെ ചിത്രത്തില്‍ മാറ്റം വരുത്തിയാണ് അനുഷ്‌കയെ ചേര്‍ത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനായിരുന്നു യോഗം. സെലക്ഷന്‍ പാനലില്‍ അംഗമായ ഗഗന്‍ ഗൂഡയെ മാറ്റി പകരം അനുഷ്‌കയുടെ ചിത്രം വെച്ച വ്യാജ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നേരത്തെയും വിവാദങ്ങളിലേക്ക് അനുഷ്‌ക വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.

അനുഷ്‌കക്ക് ചായ നല്‍കലായിരുന്നു സെലക്ടര്‍മാര്‍ക്ക് ലോകകപ്പിനിടയിലെ പണിയെന്ന് മുന്‍ ക്രിക്കറ്റ് താരം ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞെന്ന വാര്‍ത്തയും വിവാദമായിരുന്നു. തന്റെ പേര് അനാവശ്യമായി വിവാദമാക്കുന്നതിനെതിരെ അന്ന് രൂക്ഷമായാണ് അനുഷ്‌ക പ്രതികരിച്ചത്. നിലപാട് വ്യക്തമാക്കുന്ന വിശദമായ കുറിപ്പും താരം അന്ന് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.