LiveTV

Live

Cricket

പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ് കാണാന്‍ ഈഡന്‍ നിറയെ കാണികള്‍... ഇത് ദാദയുടെ തിരിച്ചുവരവ്

ടെസ്റ്റിന് ജനപ്രീതി കുറയുമ്പോഴും കൊല്‍ക്കത്ത ടെസ്റ്റിന്റെ നാല് ദിവസത്തെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റു തീര്‍ന്നു. ഈഡന്‍ ഗാര്‍ഡനില്‍ ഇരമ്പിയാര്‍ക്കുക ദാദയുടെ തിരിച്ചുവരവിന്റെ ഊര്‍ജ്ജം കൂടിയാവും...

പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ് കാണാന്‍ ഈഡന്‍ നിറയെ കാണികള്‍... ഇത് ദാദയുടെ തിരിച്ചുവരവ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ദാദഗിരി'യുടെ രണ്ടാം ഭാഗം ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റനായി ഇന്ത്യയെ ആധുനി ക്രിക്കറ്റിന്റെ പ്രൊഫഷണലിസത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയുടെ രണ്ടാം വരവ് ബി.സി.സി.ഐ പ്രസിഡന്റായാണ്. സ്ഥാനത്തെത്തി ഒരു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആരംഭിക്കുന്ന കൊല്‍ക്കത്ത ടെസ്റ്റ് തന്നെയാണ് ദാദയുടെ നേതൃപാടവത്തിന്റെ ഉദാഹരണം.

ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് ബോര്‍ഡാണെങ്കിലും മാറ്റങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാനാണ് പലപ്പോഴും ബി.സി.സി.ഐ ശ്രമിച്ചിട്ടുള്ളത്. ഡി.ആര്‍.എസ്, പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത് തുടങ്ങി വിഷയങ്ങള്‍ നിരവധിയാണ്. ഡി.ആര്‍.എസ് പല രാജ്യങ്ങളിലും കളി നിലവാരത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യന്‍ ബോര്‍ഡ് അംഗീകരിച്ചത്.

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോഡ്‌സില്‍ ഗാംഗുലി ജേഴ്‌സ് ഊരി വീശിയപ്പോള്‍ ആവേശം പടര്‍ന്നത് തലമുറകളിലേക്കായിരുന്നു.

പകല്‍ രാത്രി ടെസ്റ്റിലും പിങ്ക് പന്ത് ഉപയോഗിക്കുന്നതിലും ആശങ്കകള്‍ പലതാണ്. പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാത്ത ഗാംഗുലിയും വെല്ലുവിളികളെ ആവേശത്തോടെ സ്വീകരിക്കുന്ന കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങളുടെ സൂചനയാണ് കൊല്‍ക്കത്തയിലെ പകല്‍ രാത്രി ടെസ്റ്റ്.

കൊല്‍ക്കത്തയിലെ പിച്ച് പരിശോധിക്കാനെത്തിയ ഗാംഗുലി
കൊല്‍ക്കത്തയിലെ പിച്ച് പരിശോധിക്കാനെത്തിയ ഗാംഗുലി

ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പകല്‍ രാത്രി ടെസ്റ്റിനെ കുറിച്ച് വിരാട് കോഹ്‌ലിയുമായി സംസാരിച്ച് സമ്മതം ഉറപ്പിച്ചിരുന്നു. മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കൂടി സമ്മതം മൂളിയതോടെ ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റ് ചരിത്ര സംഭവമാക്കാനുള്ള നീക്കങ്ങളാണ് ഗാംഗുലി നടത്തിയത്.

പകല്‍ രാത്രി ടെസ്റ്റിന് വേദിയായി സ്വാഭാവികമായും 'കൊല്‍ക്കത്തയുടെ രാജകുമാരന്‍' തെരഞ്ഞെടുത്തത് ഈഡന്‍ ഗാര്‍ഡന്‍ തന്നെ. വൈകാതെ ഈ ടെസ്റ്റ് മത്സരം കൊല്‍ക്കത്തയുടെ അഭിമാന പ്രശ്‌നമായി മാറി. തെരുവുകള്‍ പിങ്ക് മയമായി. അതിന്റെ ചിത്രങ്ങള്‍ ആവേശത്തോടെ ഗാംഗുലി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പിങ്ക് ടെസ്റ്റിനെകുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും ഗാംഗുലി വീഡിയോയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടെസ്റ്റിന് ജനപ്രീതി കുറയുമ്പോഴും കൊല്‍ക്കത്ത ടെസ്റ്റിന്റെ നാല് ദിവസത്തെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റു തീര്‍ന്നതായി ബി.സി.സി.ഐ തന്നെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ പന്ത്രണ്ടാമനായി ഈഡന്‍ ഗാര്‍ഡനിലെ ഗാലറിയിലെ ആരാധകരേയും സന്ദര്‍ശകരായ ബംഗ്ലാദേശിന് നേരിടേണ്ടി വരുമെന്ന് ഉറപ്പ്. ഈഡന്‍ ഗാര്‍ഡനിലെ ഗാലറിയില്‍ അലയടിക്കുക ദാദയുടെ തിരിച്ചുവരവിന്റെ ഊര്‍ജ്ജം കൂടിയാണ്. കൊല്‍ക്കത്ത ടെസ്റ്റിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ പന്ത്രണ്ടോളം പേരെ അറസ്റ്റു ചെയ്‌തെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഈഡന്‍ ബെല്‍ അടിക്കുന്നതോടെയാണ് ഇന്ത്യയിലെ ആദ്യ പകല്‍ രാത്രി ടെസ്റ്റ് ആരംഭിക്കുക. ചരിത്ര ടെസ്റ്റിന്റെ ഇടവേളയില്‍ മത്സരം വിലയിരുത്താനെത്തുക സച്ചിന്‍, ഗവാസ്‌കര്‍, കപില്‍, രാഹുല്‍, അനില്‍ കുംബ്ലെ തുടങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍പേരുകള്‍. ഇവരെയെല്ലാം ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതിന് പിന്നിലും ദാദയുടെ നേതൃപാടവം തന്നെ.

കൊല്‍ക്കത്തക്കൊപ്പം ദാദയുടെ തിരിച്ചുവരവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആകെ ആവേശത്തിലാണ്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോഡ്‌സില്‍ ഗാംഗുലി ജേഴ്‌സ് ഊരി വീശിയപ്പോള്‍ ആവേശം പടര്‍ന്നത് തലമുറകളിലേക്കായിരുന്നു. ഇന്ത്യയില്‍ വന്ന് ജയിച്ചപ്പോള്‍ ഫ്ളിന്റോഫ് നടത്തിയ അമിതാവേശത്തിന് അതേ നാണയത്തില്‍ ഗാംഗുലി നല്‍കിയ അപ്രതീക്ഷിത മറുപടിയായിരുന്നു അത്. ബി.സി.സി.ഐ തലപ്പത്തെ ദാദയുടെ കളി ഇന്ത്യന്‍ ക്രിക്കറ്റിന് തലമുറകളോളം ഊര്‍ജ്ജം നല്‍കുന്നതാകുമെന്ന് പ്രതീക്ഷിക്കാം.