ബോളര്‍മാര്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് ട്വന്റി 20 പരമ്പര
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് വനിതാ ടീമിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെയായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ ആക്രമണം.

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴു വിക്കറ്റിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-0 ന് ഇന്ത്യന്‍ പെണ്‍പുലികള്‍ സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് വനിതാ ടീമിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെയായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ ആക്രമണം. രണ്ടക്കം കാണുന്നതിന് മുമ്പ് തന്നെ വിന്‍ഡീസിന്റെ ഓപ്പണര്‍മാരെ ഇന്ത്യ മടക്കി. പിന്നീടങ്ങോട്ട് വിക്കറ്റ് മഴ. ടീമിലെ രണ്ടു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. നിശ്ചിത 20 ഓവറും വിന്‍ഡീസ് ബാറ്റ് ചെയ്തെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ കരീബിയന്‍ വനിതകള്‍ ആദ്യമൊന്ന് ഞെട്ടിച്ചു. വെടിക്കെട്ട് താരം ഷഫാലി വര്‍മ(0)യെയും സ്മൃതി മന്ദാന(3)യെയും ഹെയ്ലി മാത്യൂസ് എറിഞ്ഞിട്ടു. എന്നാല്‍ ഹര്മന് പ്രീത് കൌറിനെ കൂട്ടുപിടിച്ച് ജെമീമ റൊഡ്രിഗസ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യക്ക് അനായാസ വിജയം ഒരുക്കി. ഏകദിനത്തേക്കാള്‍ പതിഞ്ഞ താളത്തിലായിരുന്നു ബാറ്റിങ്ങെങ്കിലും റൊഡ്രിഗസ് 51 പന്തില്‍ നിന്ന് 40 റണ്‍സുമായി പുറത്താകാതെ ഇന്ത്യയുടെ വിജയശില്‍പ്പിയായി. 11 ഓവര്‍ വരെ റൊഡ്രിഗസിന് പിന്തുണ നല്കിയ ഹര്‍മന്‍പ്രീത് 19 പന്തില്‍ നിന്ന് ഏഴു റണ്‍സ് നേടി.
ഒടുവില്‍ ദീപ്തി ശര്‍മ്മയെ കൂട്ടുപിടിച്ചാണ് റൊഡ്രിഗസ് 16.4 ഓവറില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി രാധാ യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പൂനം യാദവ്, ഹര്‍മന്‍പ്രീത് കൌര്‍, പൂജ, അനൂജ പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജെമീമ റൊഡ്രിഗസാണ് കളിയിലെ താരം.