LiveTV

Live

Cricket

വിന്‍ഡീസിനെ അടിച്ചൊതുക്കി ഇന്ത്യന്‍ വനിതകള്‍; ആദ്യ ടി20യില്‍ ഇന്ത്യക്ക് 84 റണ്‍സ് വിജയം

സ്മൃതി മന്ദാനയുടെയും ഷഫലി വര്‍മയുടെയും ഒന്നാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടിന്‍റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു.

വിന്‍ഡീസിനെ അടിച്ചൊതുക്കി ഇന്ത്യന്‍ വനിതകള്‍; ആദ്യ ടി20യില്‍ ഇന്ത്യക്ക് 84 റണ്‍സ് വിജയം

സമൃതി മന്ദാനയും ഷഫലി വര്‍മയും ഓപ്പണിങ് വിക്കറ്റില്‍ അടിച്ചു തകര്‍ത്ത കളിയില്‍ വിന്‍ഡീസിനെ 84 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകളുടെ ഉജ്വല വിജയം. ടോസ് ലഭിച്ച വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം.

സ്മൃതി മന്ദാനയുടെയും ഷഫലി വര്‍മയുടെയും ഒന്നാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടിന്‍റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 143 റണ്‍സാണ് സ്മൃതിയും ഷഫലിയും അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2 വീതം വിക്കറ്റെടുത്ത ശിഖ പാണ്ഡെയും രാധ യാദവും വിന്‍ഡീസിന്‍റെ മുന്‍നിരയെ എറിഞ്ഞിടുകയായിരുന്നു.

ട്വെന്‍റി20യിലെ ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഏറ്റവും മികച്ച ഓപ്പണിങ് പാട്ണര്‍ഷിപ്പ് റെക്കോര്‍ഡാണ് സ്മൃതിയും ഷഫലിയും ഇന്ത്യക്കായി നേടിയത്. 49 പന്തുകളിൽ ആറു ബൗണ്ടറികളും നാലു സിക്സറുകളും സഹിതമാണ് ഷഫലി വര്‍മ 67 റൺസെടുത്തത്. 46 പന്തുകളിൽ 11 ബൗണ്ടറികളടക്കം 67 റൺസെടുത്താണ് മന്ദാന പുറത്തായത്. ഇരുവരും അടുത്തടുത്ത ഓവറുകളിലായാണ് പുറത്തായത്. ഹർമൻപ്രീത് കൗർ (13 പന്തുകളിൽ 21*), വേദ കൃഷ്ണമൂർത്തി (ഏഴ് പന്തുകളിൽ 15*) എന്നിവരും ഇന്ത്യക്ക് വേണ്ടി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. മത്സരത്തിലെ ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.