LiveTV

Live

Cricket

ഐ.സി.സി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍

മുഹമ്മദ് ഷമിയും ഉമേഷ് യാദവും ബോളര്‍മാരുടെ പട്ടികയിലും നേട്ടമുണ്ടാക്കി

ഐ.സി.സി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍‍ബലത്തില് ഐ.സി.സി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മൂന്നാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനവുമായി അജിന്‍ക്യ രഹാനെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ, ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളായി. രണ്ടാം സ്ഥാനം നിലനിര്‍ത്തിയ വിരാട് കോഹ്‍ലി, നാലാം സ്ഥാനം നിലനിര്‍ത്തിയ ചേതേശ്വര്‍ പൂജാര എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ഇന്ത്യക്കാര്‍.

937 പോയിന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ മുന്നില്‍. അതേസമയം, 926 പോയിന്റുമായി കോഹ്‍ലി രണ്ടാം സ്ഥാനത്തുണ്ട്. സ്മിത്തിനെ കുടാതെ മൂന്നാം റാങ്കിലുള്ള ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് ആദ്യ അഞ്ചിലെ ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ താരം.

മുഹമ്മദ് ഷമിയും ഉമേഷ് യാദവും ബോളര്‍മാരുടെ പട്ടികയിലും നേട്ടമുണ്ടാക്കി. കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേട്ടവുമായി (751) ഷമി 15-ാം സ്ഥാനത്താണ്. 2018 മാര്‍ച്ചില്‍ 14-ാം റാങ്കിലെത്തിയതാണ് ഷമിയുടെ ഏറ്റവും മികച്ച നേട്ടം. 624 പോയിന്റ് നേടിയ ഉമേഷ് യാദവ് 24-ാം സ്ഥാനത്താണ്. 2016 ജൂലൈയില്‍ 21-ാം റാങ്കിലെത്തിയതാണ് ഉമേഷിന്റെ മികച്ച നേട്ടം.