LiveTV

Live

Cricket

ബംഗ്ലാദേശ് താരങ്ങള്‍ പണിമുടക്കി; ഇന്ത്യന്‍ പര്യടനം ത്രിശങ്കുവില്‍

മൂന്ന് ടി-ട്വന്റി മത്സരങ്ങളും, രണ്ടു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്

 ബംഗ്ലാദേശ് താരങ്ങള്‍ പണിമുടക്കി; ഇന്ത്യന്‍ പര്യടനം ത്രിശങ്കുവില്‍

വേതന വര്‍ദ്ധനവടക്കമുള്ള തങ്ങളുടെ പതിനൊന്നിന ആവശ്യങ്ങള്‍ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുന്നത് വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും താരങ്ങള്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ടി-ട്വന്റി, ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബുല്‍ ഹസ്സനും സഹതാരങ്ങളായ മുഹമ്മദുള്ളാ, മുഷ്ഫിഖു റഹീം എന്നിവരും.

ഇതോടെ ഇന്ത്യയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ടി-ട്വന്റി, ടെസ്റ്റ് പരമ്പരകള്‍ മാറ്റിവക്കേണ്ടി വരുമോ എന്ന ശങ്കയിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും. നവംബര്‍ മൂന്നിന് നിശ്ചയിച്ചിരുന്ന ടി-ട്വന്റി പരമ്പരയില്‍ മൂന്ന് മത്സരങ്ങളും, നവംബര്‍ പതിനാലിനാരംഭിക്കാനിരുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങളുമാണ് അടങ്ങിയിരുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗി(ബി.പി.എല്‍)ലെ ഓരോ ടീമും ഓരോ ലെഗ്സ്പിന്നറെ വീതമെങ്കിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബി.സി.ബി) നിയമം പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ടു ടീമുകളുടെ മുഖ്യ കോച്ചുകളെ ബി.സി.ബി പുറത്താക്കുകയും ചെയ്തു.

ക്രിക്കറ്റ് താരങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിയാണിതെന്നാണ് ഷാക്കിബ് പ്രതികരിച്ചത്.

വര്‍ഷങ്ങളായി രാജ്യത്തെ സീനിയര്‍ ടീമിലേക്ക് പോലും ഒരു ലെഗ്സ്പിന്നറെ തെരഞ്ഞെടുക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബി.പി.എല്ലിലേക്ക് ഏഴ് ലെഗ്സ്പിന്നേര്‍സിനെ ഉള്‍പ്പെടുത്തണമെന്ന വിചിത്ര തീരുമാനം വന്നിരിക്കുന്നത്. ബോര്‍ഡ് നല്ല തീരുമാനം തന്നെയാണ് കൈകൊണ്ടിരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ ഒരു ബംഗാളി ദിനപത്രത്തോട് ഷാക്കിബ് പറഞ്ഞു.

ആത്മവിശ്വാസവും സ്ഥിരതയും കൈവരിക്കുന്നതിനായി ലെഗസ്പിന്നര്‍മാര്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ ഓവറുകള്‍ ചെയ്ത് പരിശീലിക്കണമെന്നാണ് തന്റെ അഭിപ്രായം, അന്താരാഷ്ട്ര നിലവാരമുള്ള ടൂര്‍ണ്ണമെന്റാണ് ബി.പി.എല്‍. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ സാഹചര്യങ്ങളേയും നിങ്ങള്‍ അവിടെ അഭിമുഖീകരിക്കേണ്ടി വരും, വിദേശ താരങ്ങളുമായി പങ്കിടേണ്ടി വരുന്ന ഡ്രസ്സിങ് റൂമുകള്‍ കളിക്കാരനെ സൃഷ്ടിച്ചെടുക്കാനുള്ള ഇടങ്ങളല്ല’ ക്യാപറ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് ബംഗ്ലാദേശ് ക്രിക്കറ്റിലെ ആഭ്യന്തര കാര്യമായതിനാല്‍ ഇടപെടാനാവില്ലെന്നാണ് ബി.സി.സി.ഐയുടെ നിലപാട്. പരമ്പരയുടെ പുരോഗതികള്‍ക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.