LiveTV

Live

Cricket

10 പന്തുകള്‍, പറന്നത് 5 സിക്സര്‍... ഉമേഷ് യാദവ് തകര്‍ത്തത് 2 റെക്കോര്‍ഡുകള്‍

രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണതിന് പിന്നാലെയാണ് ഉമേഷ് യാദവ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ യാദവ് മൈതാനത്തിന് പുറത്തേക്ക് പറത്തി. കമന്റേറ്റര്‍മാര്‍ ട്വന്റി 20 പോലെ ആഘോഷിച്ചു. 

10 പന്തുകള്‍, പറന്നത് 5 സിക്സര്‍... ഉമേഷ് യാദവ് തകര്‍ത്തത് 2 റെക്കോര്‍ഡുകള്‍

റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബോളറായാണ് ഉമേഷ് യാദവ് കളത്തിലിറങ്ങിയതെങ്കിലും പന്തെടുക്കുന്നതിന് മുമ്പ് ബാറ്റ് കൊണ്ടാണ് താരം വെടിക്കെട്ട് തീര്‍ത്തത്. ടെസ്റ്റിന്റെ രണ്ടാം ദിനം ഇരട്ട സെഞ്ച്വറി തികച്ച രോഹിത് ശര്‍മ്മയും മാസ്മരിക പ്രകടനം കൊണ്ട് കാണികളെ ആവേശത്തിലാക്കിയ ഉമേഷ് യാദവുമാണ് താരങ്ങളായത്.

രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണതിന് പിന്നാലെയാണ് ഉമേഷ് യാദവ് ക്രീസിലെത്തിയത്. ബോളര്‍ ലിന്‍ഡെ. നേരിട്ട ആദ്യ പന്ത് തന്നെ യാദവ് മൈതാനത്തിന് പുറത്തേക്ക് പറത്തി. കമന്റേറ്റര്‍മാര്‍ ട്വന്റി 20 പോലെ ആഘോഷിച്ചു. തൊട്ടടുത്ത പന്തും വന്നപോലെ ഗാലറിയിലേക്ക് പറന്നു. അടുത്ത ഓവറില്‍ പീഡിറ്റിനെതിരെ ഉമേഷ് നേടിയത് ഒരു റണ്‍. അടുത്ത ഓവര്‍ എറിയാനെത്തിയ ലിന്‍ഡെയുടെ പന്തുകള്‍ യാദവിന് വിരുന്നൊരുക്കി. ആദ്യ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് നിലംതൊടാതെ പറത്തിയാണ് ഉമേഷ് തുടങ്ങിയത്. മൂന്നാമത്തെ പന്ത് ലോങ് ഓഫിലേക്ക് പറത്തിയ ഉമേഷ് യാദവ്, അഞ്ചാമത്തെ പന്ത് വെടിയുണ്ട കണക്കെയാണ് ഗാലറിയിലേക്ക് എത്തിച്ചത്. അവസാന പന്തില്‍ യാദവിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ കൈകളില്‍ ഉമേഷ് യാദവ് ഭദ്രം.

പക്ഷേ ഈ സമയം കൊണ്ട് ഉമേഷ് യാദവ് തകര്‍ത്തെറിഞ്ഞത് രണ്ടു റെക്കോര്‍ഡുകളായിരുന്നു. 10 പന്തില്‍ നിന്ന് 31 റണ്‍സാണ് യാദവ് അടിച്ചുകൂട്ടിയത്. ടെസ്റ്റിലെ ഉമേഷിന്റെ ഉയര്‍ന്ന സ്കോറാണിത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 30+ റൺസ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഉമേഷ് യാദവിന് ഇതോടെ സ്വന്തമായത്. 2004 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 പന്തിൽ 31 * റൺസ് നേടിയ സ്റ്റീഫൻ ഫ്ലെമിംഗിനെയാണ് ഉമേഷ് മറികടന്നത്. 310 സ്ട്രൈക്ക് റേറ്റാണ് ഉമേഷിന്റെ ഇന്നിങ്സ് രേഖപ്പെടുത്തിയത്. ടെസ്റ്റ് ചരിത്രത്തിലെ 10+ പന്ത് ഇന്നിങ്സുകളിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റാണിത്.